തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് താറുമാറായ ഷൊർണൂർ-കോഴിക്കോട് പാതയിലെ ട്രെയിൻ ഗതാഗതം ഇന്നലെ ഉച്ചയോടെ പുനഃസ്ഥാപിച്ചു. മംഗലാപുരം നാഗർകോവിൽ ഏറനാട് എക്സ്പ്രസ് സ്‌പെഷൽ പാസഞ്ചറായി കടത്തിവിട്ടു.കഴിഞ്ഞ ദിവസങ്ങളിൽ ഏറനാട് മംഗലാപുരം മുതൽ കോഴിക്കോട് വരെയും നാഗർകോവിൽ മുതൽ ഷൊർണ്ണൂർ വരെയും രണ്ട് സർവ്വീസായാണ് നടത്തിയിരുന്നത്. പാളങ്ങൾ ഗതാഗയോഗ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ കോഴിക്കോട് നിന്ന് ഷൊർണ്ണൂരിലേക്ക് ട്രെയിനുകൾ കടത്തിവിടാൻ തുടങ്ങിയത്. പാസഞ്ചർ ട്രെയിനുകളാണ് ആദ്യം കടത്തിവിടുക. ഷൊർണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള സർവ്വീസ് ഞായറാഴ്ച പുനരാരംഭിച്ചിരുന്നു. എന്നിരുന്നാലും സംസ്ഥാനം മുഴുവൻ ട്രെയിൻ സർവ്വീസ് സാധാരണനിലയിലാകാൻ രണ്ടുദിവസമെടുക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അതേ സമയം സംസ്ഥാനത്തെ ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഇന്നലെയും സർവ്വീസ് നടത്തിയത്. നിരവധി സർവ്വീസുകൾ ഇന്നലെയും സർവ്വീസ് നടത്തിയില്ല. കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസുകൾ ഇന്നലെ ഷൊർണ്ണൂരിൽ നിന്നാണ് സർവ്വീസ് നടത്തിയത്. നാഗർകോവലിൽ നിന്ന് മംഗലാപുരത്തേക്കുള്ള ഏറനാട് ഇന്നലെ നാലുമണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. ഷൊർണ്ണൂരിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്തു. നിസാമുദ്ദീൻ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, നിസാമുദ്ദീൻ - എറണാകുളം മംഗള, ന്യൂഡൽഹി - തിരുവനന്തപുരം കേരള എക്സ് പ്രസ്, ഡെറാഡൂൺ - കൊച്ചുേളി, ബാറുണി - തിരുവനന്തപുരം, ധൻബാദ് - ആലപ്പുഴ, ചണ്ഡീഗഡ് - കൊച്ചുവേളി സമ്പർക്കക്രാന്തി, ഒാഖ - എറണാകുളം, ഇൻഡോർ - തിരുവനന്തപുരം, കൊച്ചുവേളി - ഹൈദരാബാദ്, മംഗലാപുരം - നാഗർകോവിൽ പരശുറാം, കണ്ണൂർ - ആലപ്പുഴ ഇന്റർസിറ്റി എന്നിവ ഇന്നലെ സർവ്വീസ് നടത്തിയില്ല.
ഇന്ന് ചെന്നൈ സ്പെഷ്യൽ ട്രെയിൻ
യാത്രാതിരക്ക് പരിഹരിക്കാൻ ഇന്ന് രാവിലെ 8.45ന് എറണാകുളത്തുനിന്ന് ചെന്നൈയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും.