death

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ അമിത വേഗതയിൽ കാറിടിച്ചു വീഴ്‌ത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ പരാക്രമം നേരിട്ടുകണ്ട ആളെ കണ്ടെത്തിയെന്ന് പൊലീസ്. യൂബർ ഈറ്റ്‌സിലെ ജീവനക്കാരൻ ശാസ്തമംഗലം സ്വദേശി ബെൻസൺ സംഭവം നേരിട്ടു കണ്ടെന്നാണ് പൊലീസ് പറയുന്നത്. ശ്രീറാമാണ് കാറോടിച്ചതെന്നും അമിത വേഗത്തിലായിരുന്നെന്നും ഇയാൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. എന്നാൽ നേരത്തേ മാദ്ധ്യമങ്ങളോട് സംസാരിച്ച സാക്ഷികളിൽ ഇങ്ങനെയൊരാൾ ഉൾപ്പെട്ടിരുന്നില്ലെന്നത് സംശയകരമാണ്.

കാറിന്റെ വേഗം ശാസ്ത്രീയമായി കണ്ടെത്താൻ അന്വേഷണസംഘം ഫോക്സ് വാഗൺ കമ്പനിയുടെ സഹായം തേടി. ഈ കമ്പനിയുടെ കാറുകളിൽ ക്രാഷ് ഡാറ്റാ റെക്കാഡർ സംവിധാനമുള്ളതിനാൽ അപകടമുണ്ടായപ്പോഴുള്ള വേഗത കൃത്യമായി അറിയാനാവും. പരിശോധന നടത്തണമെന്ന് കമ്പനിക്ക് പൊലീസ് കത്തു നൽകി. ശ്രീറാമിന്റെ വിരലടയാള പരിശോധനാ ഫലം ഇതുവരെ ലഭിച്ചിട്ടില്ല. മെഡിക്കൽ കോളേജാശുപത്രിയിൽ മൊഴിയെടുത്തപ്പോൾ ശേഖരിച്ച ശ്രീറാമിന്റെ വിരലടയാളം ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ശ്രീറാം ആശുപത്രിവിട്ടു

മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീറാം ഇന്നലെ ആശുപത്രി വിട്ടു. രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് ശ്രീറാമിനെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചെങ്കിലും വൈകിട്ട് അഞ്ചരയ്ക്ക് മാത്രമാണ് ശ്രീറാം ആശുപത്രി വിട്ടത്. മെഡിക്കൽ കോളേജാശുപത്രിയിലെയും പ്രദേശത്തെയും ആംബുലൻസുകൾ ഒഴിവാക്കി സെന്റ് തോമസ് എന്ന സ്വകാര്യ ആംബുലൻസിലായിരുന്നു മടക്കം. ഡീലക്സ് പേ വാർഡിനടുത്തേക്ക് ആംബുലൻസ് എത്തിച്ച് അതിൽ കയറിപ്പോവുകയായിരുന്നു. മെഡിക്കൽ കോളേജ് പൊലീസ് പോലും വിവരമറിഞ്ഞിരുന്നില്ല.