തിരുവനന്തപുരം: മഴ ശമിച്ചതോടെ ജില്ലയിൽ ഇന്നലെ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. കടലാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ നേരത്തേ പ്രവർത്തിച്ചിരുന്ന എട്ട് ക്യാമ്പുകളൊഴിച്ച് പുതിയ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അടിയന്തര നടപടികൾ തുടരുന്നുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. ഇന്നും നാളെയും കനത്ത മഴയ്ക്കുള്ള സാദ്ധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കിയതോടെ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങളൊരുങ്ങുകയാണ്. വിവിധ കളക്ഷൻ ക്യാമ്പുകൾ പ്രവർത്തിക്കുന്നതുകൂടാതെ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ അവശ്യവസ്‌തുക്കൾ സമാഹരിക്കാൻ തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അറിയിച്ചു. ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവർത്തകരും ഉൾപ്പെടെയുള്ളവർ വോളന്റിയർമാരായി പ്രവർത്തിക്കും.