തിരുവനന്തപുരം : മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ അവശ്യ വസ്തുക്കൾ ശേഖരിക്കാൻ തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് ആലോചനാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ജില്ലാ പഞ്ചായത്തിൽ കളക്ഷൻ സെന്റർ ആരംഭിച്ചു. ബ്ലോക്ക് ,ഗ്രാമ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്ത് ഓഫീസിലും സാധനങ്ങൾ കൈമാറാം. നഗരസഭകളും ശേഖരിക്കുന്ന സാധന സാമഗ്രികൾ ജില്ലാ പഞ്ചായത്തിലെത്തിച്ച് സഹായം ആവശ്യമായ ജില്ലകൾക്ക് ബന്ധപ്പെട്ട ജില്ലാ ഭരണകൂടം വഴി ലഭ്യമാക്കും.ജില്ലാതല ഏകീകരണത്തിന് തദ്ദേശ ഭരണ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിക്ക് രൂപംനൽകി.ഗ്രാമബ്ലോക്ക് പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവർത്തകരും കളക്ഷൻ സെന്റർ വോളണ്ടിയർമാരായി പ്രവർത്തിക്കും. ആസൂത്രണ സമിതി അംഗം കെ.എൻ ഹരിലാൽ,പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.