കോവളം: തിരുവല്ലം പാലപ്പൂരിൽ കുന്ന് ഇടിഞ്ഞുവീണ് ഒരാൾക്ക് പരിക്ക്. പാപ്പൻചാണി വെള്ളായണി ബണ്ട് റോഡിൽ ഇന്റർലോക്ക് കമ്പനിക്ക് സമീപം രാജ് വിഹാറിൽ രാജേന്ദ്രനാണ് (48) പരിക്കേറ്റത്. ഇന്നലെ രാത്രി 10ഓടെയാണ് വീടിന്റെ കിണറിന് സമീപത്ത് നിൽക്കുകയായിരുന്ന രാജേന്ദ്രന്റെ ദേഹത്ത് അനുജൻ ബിനുവിന്റെ പുരയിടത്തിലെ മണ്ണിടിഞ്ഞ് വീണത്. ഇവിടം കുന്നിൻപ്രദേശമാണ്. ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെക്കണ്ട് ഭാര്യ വിനീത ബോധരഹിതയായി. വീട്ടിലുണ്ടായിരുന്ന മക്കളുടെ നിലവിളി കേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തുകയും വിവരം തിരുവല്ലം പൊലീസിനെ അറിയിക്കുകയുമായിരുന്നു. വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി. മണ്ണിനടിയിൽ കുടുങ്ങിയ രാജേന്ദ്രനെ നീണ്ട പരിശ്രമത്തിന് ശേഷമാണ് പുറത്തെടുത്തത്. പൊലീസ് ജീപ്പിൽ ഇരുവരെയും ആദ്യം അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മക്കളെ ബന്ധുവീട്ടിലേക്ക് മാറ്റി.