novel

''കലേ..."

ഇരുട്ടിൽ പ്രജീഷിന്റെ വിറങ്ങലിച്ച ശബ്ദം ചന്ദ്രകല കേട്ടു.

തൊട്ടു മുമ്പു കഴിച്ച മദ്യം ആവിയായിപ്പോയത് അവൾ അറിഞ്ഞു.

''അകത്തളത്തിലും വരാന്തയിലുമൊക്കെ ഒരുപാടുപേർ ഉള്ളതുപോലെ തോന്നുന്നു."

പ്രജീഷ്, തപ്പിത്തടഞ്ഞ് അവളുടെ കാതിൽ മന്ത്രിച്ചു:

''മിണ്ടുകയോ നിലവിളിക്കുകയോ ചെയ്യല്ലേ... ഒരു പക്ഷേ ഒരുസംഘം കള്ളന്മാർ ഇവിടെ കയറിയതാണോ എന്ന് അറിയില്ലല്ലോ. അവർ നമ്മളെ കൊന്നുകളയും."

പൂക്കുല പോലെ വിറയ്ക്കുകയാണ് ചന്ദ്രകല. പ്രജീഷ് അവളുടെ കയ്യിൽ അമർത്തിപ്പിടിച്ചു.

അനേകം കാലടി ശബ്ദങ്ങൾ അകവരാന്തയിലൂടെ പോകുന്നുണ്ട്. ഒരു പ്രത്യേക താളത്തിൽ അത് കേൾക്കാം. സൈന്യം മാർച്ചു ചെയ്യുന്നതുപോലെ..

അതിനും മീതെയാണ് തങ്ങളുടെ ഹൃദയതാളമെന്ന് ഇരുവരും അറിഞ്ഞു.

''പത്തിരുപത്തഞ്ച് പേരെങ്കിലും ഉണ്ടെന്നാ തോന്നുന്നത്. കള്ളന്മാർ തന്നെ... നമുക്ക് കിടാവ് സാറിനെ വിളിച്ചു പറഞ്ഞാലോ?"

ചന്ദ്രകല ശബ്ദം താഴ്‌ത്തി.

''നമ്മുടെ ശബ്ദമെങ്ങാനും അവർ കേട്ടാൽ.... ആരെങ്കിലും വരുമ്പോൾ കാണുന്നത് നമ്മുടെ ശവമായിരിക്കും. എന്താ സംഭവിക്കുന്നതെന്ന് അല്പനേരം കൂടി നോക്കാം."

''വാതിലിന്റെ സാക്ഷ ഇട്ടിട്ടുണ്ടല്ലോ...."

''ഉണ്ട്."

പെട്ടെന്ന്...

വാതിലിൽ ഒരടി വീണു.

കമ്പുകൊണ്ട് അടിക്കുന്നതുപോലെ.

ഞെട്ടിത്തരിച്ച് ചന്ദ്രകല ചാടിയെഴുന്നേറ്റ് പ്രജീഷിനെ അള്ളിപ്പിടിച്ചു.

വാതിലിൽ വീണ്ടും ഒരു അടി കൂടി. ഒപ്പം ഒരു ചോദ്യം.

''അടുത്തയാഴ്ച അപ്പോൾ മമ്മീം കാമുകനും കൂടി ഈ കോവിലകം വിറ്റിട്ടുപോകും. അല്ലേ?"

പാഞ്ചാലിയുടെ ശബ്ദം!

ചന്ദ്രകല വ്യക്തമായി അത് തിരിച്ചറിഞ്ഞു.

ശബ്ദം പിന്നെയും...

''എനിക്കുകൂടി അവകാശപ്പെട്ടത് അങ്ങനെ വിറ്റുകളയാൻ ഞാൻ സമ്മതിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?"

ചന്ദ്രകലയ്ക്കു തൊണ്ട വറ്റി.

''ഒരിക്കൽ ഇക്കാര്യത്തിൽ ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നിരുന്നു. അതു നിങ്ങൾ പാലിച്ചില്ല. എന്റെ ആത്മാവിങ്ങനെ ഇവിടെ നിറഞ്ഞു നിൽക്കുമ്പോൾ നിങ്ങൾക്കു പോകാനാകുമോ? അഥവാ എനിക്കു പിടിതരാതെ നിങ്ങൾ രക്ഷപെട്ടാൽ..."

ആ ശബ്ദം കൂടുതൽ കൂർത്തു.

''വരുത്തും ഞാൻ തിരികെ. നിങ്ങൾ രണ്ടിനേയും. അല്ലെങ്കിൽ ഒന്നു പോയി നോക്ക്."

തുടർന്നു കേട്ടത് ഒരു പൊട്ടിച്ചിരി.

അടുത്തക്ഷണം വളരെയേറെ കണ്ഠങ്ങൾ ആ ചിരി ഏറ്റുപിടിച്ചു. പിശാചുക്കളുടെ ഉന്മാദ അട്ടഹാസങ്ങൾ.. !

ഒരു ചുടലപ്പറമ്പിലാണ് തങ്ങളെന്നു തോന്നി പ്രജീഷിനും ചന്ദ്രകലയ്ക്കും.

പൊടുന്നനെ അവിടെയൊരു ഗന്ധം പരന്നു.

അളിഞ്ഞ മാംസത്തിന്റെ ....

''കലേ..."

ഭയത്താൽ പ്രജീഷും അവളെ അള്ളിപ്പിടിച്ചു.

തുടർന്നു കേട്ടത് ഒരു താളമടി. എട്ടുകെട്ടിന്റെയുള്ളിലെ ഓരോ മരത്തൂണുകളിലും കമ്പുകൊണ്ടടിക്കുകയാണ്...

ചെണ്ടയ്ക്കു പകരം എന്നവണ്ണം. എല്ലാ തൂണുകൾക്ക് അരുകിലും ആരോ ഉള്ളതുപോലെ...

ക്രമേണ ആ താളത്തിനു വേഗതയേറി.

ചില സിനിമകളിൽ ആദിവാസികളുടെ നൃത്തം കണ്ടിട്ടുള്ളത് ചന്ദ്രകല ഓർത്തു.

അത്തരം ചടുല താളം... അതിനൊപ്പം കാലുകൾകൊണ്ടും തറയിൽ താളം പിടിക്കുന്നു...

അതിനിടെ വളകിലുക്കങ്ങൾ...

പൊടുന്നനെ ശബ്ദകോലാഹലങ്ങൾ നിലച്ചു. ചീവീടുകളുടെ ശബ്ദം പോലുമില്ല...

സർവ്വത്ര ശാന്തത.

സെമിത്തേരി കണക്കെ!

പിന്നെ പെട്ടെന്ന് ഒരു കുഴൽ വിളി... അത് വായ്‌ക്കുരവ പോലെയായിരുന്നു.

അറിയാതെ പ്രജീഷിനു മൂത്രം പോയി..

കുഴൽ വിളി നിന്നു.

അകന്നുപോകുന്ന കാലൊച്ചകൾ...

സമയം എത്രയായി കാണും?

സെൽഫോൺ എടുത്ത് അതൊന്നു നോക്കാൻ പോലും കഴിഞ്ഞില്ല ഇരുവർക്കും.

കറണ്ടു വന്നില്ല.

ഇനി എന്തു സംഭവിക്കും എന്നുള്ള ഉദ്വേഗത്തിൽ ഇരുവരും കാത്തു. അവിടെ നിന്ന് അനങ്ങാൻ പോലും അവർ മടിച്ചു.

അളിഞ്ഞ മാംസത്തിന്റേതു പോലെയുള്ള ഗന്ധം കൂടുതൽ രൂക്ഷമായി.

പ്രജീഷും ചന്ദ്രകലയും ഉറങ്ങിയില്ല.

അവർക്ക് ഉറക്കം വന്നില്ല.

നേരം പ്രഭാതമാകുകയാണ്.

ജനാലയിലൂടെ വെളിച്ചം അല്പാൽപ്പമായി അകത്തേക്ക് അരിച്ചിറങ്ങിത്തുടങ്ങി.

പെട്ടെന്നു കറണ്ടുവന്നു.

''പ്രജീഷ്..." ചന്ദ്രകല വിളിച്ചു.

''ഇനി നമുക്കൊന്ന് ഇറങ്ങി നോക്കിയാലോ?"

''ശരിക്കു പുലരട്ടെ." അയാൾ മടിച്ചു.

ആ വൃത്തികെട്ട ഗന്ധം അപ്പോഴുമുണ്ട്.

സമയം 7 മണി.

ചന്ദ്രകലയിലെ പിടി അയച്ച് പ്രജീഷ് എഴുന്നേറ്റു.

''നീയും കൂടി വാ..."

ഇരുവരും ഒന്നിച്ചു വാതിൽക്കലേക്കു നീങ്ങി. വളരെ ശ്രദ്ധയോടെ സാക്ഷ നീക്കി.

ശബ്ദമുണ്ടാക്കാതെ വാതിൽ അല്പം തുറന്നു പുറത്തേക്കു നോക്കി.

ആദ്യനോട്ടമെത്തിയത് നടുമുറ്റത്ത്. ഇരുവരും അത് കണ്ട് കിടുങ്ങിപ്പോയി.

(തുടരും)