ചന്ദ്രകല സംശയത്തോടെ മുറ്റത്തു നിൽക്കുന്ന മദ്ധ്യവയസ്കനെയും കാർപോർച്ചിലേക്കും മാറിമാറി നോക്കി.
താൻ ഇവിടെ വന്നത് ഈ സ്‌ത്രീക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന് അയാൾക്ക് മനസ്സിലായി.
രാമഭദ്രൻ തമ്പുരാനോടുള്ള ബഹുമാനം ഒന്നുകൊണ്ടുമാത്രമാണ് താൻ വന്നത്. ഇവിടേക്കു പോരേണ്ടെന്നു പലരും വിലക്കിയിട്ടും!
ഈ സ്ത്രീ തമ്പുരാന്റെ ഭാര്യ ആയതിനുശേഷം ജനങ്ങളെ മനപ്പൂർവ്വം ഇവിടെനിന്ന് അകറ്റുകയായിരുന്നു എന്ന് അയാൾ ഓർത്തു.
അതുവരെ ഏതു രാത്രിയിലും ഈ ഗേറ്റുകടന്നു വരാനും ഓട്ടുമണിനാവിൽ തൂങ്ങിക്കിടക്കുന്ന ചങ്ങലയിൽ പിടിച്ചു മണിയടിച്ച് തമ്പുരാനെ പുറത്തേക്കു വരുത്തുവാനും ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു തങ്ങൾക്ക്.
രാപകൽ ഭേദമില്ലാതെ തങ്ങളെ സഹായിച്ചിരുന്നു രാമഭദ്രൻ തമ്പുരാൻ.
രാത്രിയിൽ ആർക്കെങ്കിലും അസുഖം വന്നാൽ ഓടിയെത്തിയിരുന്നത് ഈ കോവിലകത്തേക്കാണ്.
കാറ്റും മഴയും ആണെങ്കിൽ പോലും തമ്പുരാൻ കാറുമായി വരുമായിരുന്നു, രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ.
ആ ഒരു ഓർമ്മയും നന്ദിയും കടപ്പാടും ഉള്ളതുകൊണ്ട് മാത്രമാണ് താനിപ്പോൾ വന്നത്.
''എടോ...."
ചന്ദ്രകലയുടെ ധാർഷ്ട്യം നിറഞ്ഞ ശബ്ദമാണ് അയാളെ ചിന്തയിൽ നിന്നുണർത്തിയത്.
'' ഏ?" അയാൾ അവളെ പകച്ചുനോക്കി.
''എന്റെ കാറെന്തിയേന്ന്."
''കൈലാടിപ്പാലത്തിനു താഴെ ചാലിയാർ പുഴയിൽ ഒരു കാർ കിടക്കുന്നതു കണ്ടു. ഇവിടുത്തേതാണെന്നൊരു സംശയം തോന്നി. അത് പറയാനാ വന്നത്...."
അനിഷ്ടത്തോടെ അയാൾ അറിയിച്ചു.
ചന്ദ്രകലയുടെ മുഖം ചുവന്നു.
''ആരാടോ അതവിടെ കൊണ്ടിട്ടത്?"
''അത് നിങ്ങളു പോയി തെരക്ക്." ആ മനുഷ്യന്റെ ഭാവവും മാറി.''ദേ പെണ്ണുമ്പിള്ളേ. തമ്പുരാനോടുള്ള സ്നേഹം കൊണ്ടാ ഞാൻ ഇതിവിടെ വന്നു പറഞ്ഞത്. അല്ലാതെ ഇവിടുത്തെ വേലക്കാരനല്ല ഞാൻ, നിങ്ങൾക്കു ഭരിക്കാൻ."
അയാൾ കൈ ചൂണ്ടിക്കൊണ്ട് തിരിഞ്ഞു:
''വന്നത് അബദ്ധമായെന്ന് മനസ്സിലായി."
മുഖമടച്ച് ഒരടിയേറ്റതുപോലെ ചന്ദ്രകല വിളറി.
ആ മനുഷ്യൻ തന്റെ സൈക്കിളിൽ ഗേറ്റുകടന്ന് പോകുന്നതു നോക്കിനിന്നു, ചന്ദ്രകല.
''ആരാ കലേ അത്?"
പിന്നിൽ പ്രജീഷിന്റെ ചോദ്യം.
''എനിക്കറിയത്തില്ല. പക്ഷേ നമ്മുടെ കാർ കാണുന്നില്ല. ചാലിയാർ പുഴയിൽ ഒരു കാർ കിടപ്പുണ്ടെന്ന്. അത് പറയാനാ അയാൾ വന്നത്."
''ങ്ഹേ?" അമ്പരപ്പോടെ പ്രജീഷും പോർച്ചിലേക്കു നോക്കിപ്പോയി.
''പ്രജീഷ് വേഗം നമുക്ക് അവിടേക്കു പോകണം."
ചന്ദ്രകല തന്റെ മുറിയിലേക്കോടി."
ഞാൻ വരണോ?" അയാൾ ഒപ്പം ചെന്നു.
''വേണം ഒരുത്തന്റേം കാശുമുടക്കിയല്ലല്ലോ പ്രജീഷ് കുടിച്ചത്? ജനങ്ങൾ! അവര് പോകാമ്പറ. "
ചന്ദ്രകല പെട്ടെന്നു വേഷം മാറി. പ്രജീഷും.
കോവിലകം പൂട്ടി ഇരുവരും രാമഭദ്രന്റെ പഴയ കാറിൽ യാത്രയായി....
കൈലാടിപ്പാലം!
അകലെ വച്ചേ അവർ കണ്ടു, പാലത്തിന്റെ കൈവരിയിൽ പിടിച്ച് ധാരാളം ആളുകൾ ചാലിയാർ പുഴയിലേക്കു നോക്കി നിൽക്കുന്നു.
ആ വഴി വരുന്ന വാഹനങ്ങളിൽ ഉള്ളവർ വേഗത കുറച്ച് പുറത്തേക്ക് എത്തിനോക്കുകയും ജനങ്ങളോട് കാര്യം തിരക്കുകയും ചെയ്യുന്നു.
വിവരം അറിഞ്ഞ് നിലമ്പൂരിൽ നിന്നും മറ്റും ധാരാളം ആളുകൾ ബൈക്കിൽ എത്തിയിരിക്കുന്നു.
സ്ഥലം കിട്ടിയ ഒരു ഭാഗത്ത് ചന്ദ്രകല കാർ ഒതുക്കി.
ഇരുവരും ഇറങ്ങി.
ജനങ്ങൾക്കിടയിൽ ഒരു പിറുപിറുക്കൽ ഉയർന്നു.
ചിലർ അവർക്കു കാണാൻ അല്പം വഴി മാറിക്കൊടുത്തു.
ചന്ദ്രകലയും പ്രജീഷും ഒന്നിച്ചാണു പുഴയിലേക്കു നോക്കിയത്.
അവിടെ സൈഡിലെ ചളിയിൽ ബോണറ്റ് കുത്തി നിൽക്കുകയാണ് കാർ....
ഒറ്റ നോട്ടത്തിൽത്തന്നെ അത് തങ്ങളുടെ വണ്ടിയാണെന്ന് അവർ തിരിച്ചറിഞ്ഞു.
''ആരാ ഇതിവിടെ കൊണ്ടുവന്നതെന്ന് ആരെങ്കിലും കണ്ടോ?"
പ്രജീഷ് ചുറ്റും നിന്നവരെ നോക്കി.
ആരും അത് മൈൻഡു ചെയ്തില്ല.
''ഹലോ... ആരെങ്കിലും കണ്ടെങ്കിൽ ഒന്നു പറയുമോ?"
അയാൾ വീണ്ടും തിരക്കി.
ഒരു പ്രായമുള്ള മനുഷ്യൻ മുന്നോട്ടുവന്നു.
''അങ്ങനെ കാണാൻ ഞങ്ങളാരും ഈ പാലത്തേലല്ല രാത്രിയിൽ താമസിക്കുന്നത്."
മുഖത്ത് തുപ്പൽ വീണതുപോലെ പ്രജീഷിനു തോന്നി.
''പ്രജീഷ്." അഹങ്കാര ശബ്ദത്തിൽ ചന്ദ്രകല പറഞ്ഞു. ''ഇവിടെ നിയമവും നീതിപാലകരുമുണ്ട്. അവരു വരട്ടെ. ഈ കാർ ഇവിടെ കൊണ്ടുവന്നത് ആരാണെന്നൊക്കെ അവര് കണ്ടുപിടിച്ചോളും."
അത് കേട്ട് ജനങ്ങൾ പുച്ഛഭാവത്തിൽ ചിരിച്ചു.
ചന്ദ്രകല ആദ്യം എം.എൽ.എ ശ്രീനിവാസ കിടാവിനെ വിളിച്ചു വിവരം പറഞ്ഞു.
''സി.ഐ ഋഷികേശ് ലീവിലാ. എസ്.ഐ യെയും ഫയർഫോഴ്സിനെയും ഞാൻ അവിടേക്കു വിടാം."
കിടാവിന്റെ മറുപടി കിട്ടി.
പതിനഞ്ചു മിനുട്ടു കഴിഞ്ഞപ്പോൾ എസ്. ഐ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി.
അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ ഫയർ വാഗണിന്റെ അലാറാം കേട്ടു.
(തുടരും)