nayanthara

ലേഡി സൂപ്പർ സ്റ്റാർ നയൻതാര തന്റെ അഭിനയ ജീവിതത്തിൽ ഒരു കടുത്ത തീരുമാനം എടുത്തതായാണ് കോളിവുഡിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്. തുടർച്ചയായി മൂന്നു ചിത്രങ്ങൾ പരാജയപ്പെട്ടതോടെ തന്റെ പ്രതിഫലത്തുക കുറയ്ക്കാൻ നടി തീരുമാനിച്ചെന്നാണ് ഒരു തമിഴ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം തുടക്കത്തിൽ ഇറങ്ങിയ വിശ്വാസം സൂപ്പർ ഹിറ്റായിരുന്നെങ്കിലും തുടർന്നുവന്ന ഐര, മി. ലോക്കൽ, കൊലൈയുതിർക്കാലം എന്നിവ പരാജയപ്പെട്ടിരുന്നു.

മൂന്നു ചിത്രങ്ങൾ വിജയമാവാതെ പോയതോടെയാണത്രേ നയൻസ് അങ്ങനെയൊരു തീരുമാനമെടുത്തത്. അജിത്തായിരുന്നു വിശ്വാസത്തിലെ നായകൻ. രണ്ട് ചിത്രങ്ങൾ നയൻതാര പ്രധാന റോളിലും മി. ലോക്കലിൽ ശിവകാർത്തികേയന്റെ നായികയായുമാണ് താരം എത്തിയത്.

നിലവിൽ ആറു കോടി രൂപാ വരെയാണ് നയൻസ് പ്രതിഫലമായി വാങ്ങുന്നത്. താരത്തിന്റെ ഡേറ്റിനായി നിർമ്മാതാക്കളും സംവിധായകരും കാത്തു നിൽക്കുമ്പോഴാണ് നയൻതാരയുടെ മാതൃകാപരമായ തീരുമാനം. മികച്ച കഥയും തിരക്കഥയുമുണ്ടെങ്കിൽ താൻ പ്രതിഫല കാര്യത്തിൽ ഒട്ടും കടുംപിടിത്തം നടത്തില്ലെന്ന് താരം അറിയിച്ചതായും വാർത്തയിൽ പറയുന്നു.

ചിരഞ്ജീവി നായകനാകുന്ന സേ റാ നരസിംഹ റെഡ്ഡിയിൽ അഭിനയിക്കുന്നതിനായാണ് നയൻതാര ആറു കോടി രൂപ പ്രതിഫലമായി വാങ്ങിയത്. ഒരു ദക്ഷിണേന്ത്യൻ നായികയ്ക്ക് ലഭിക്കുന്ന ഉയർന്ന പ്രതിഫലമാണിത്. നിവിൻ പോളിയുടെ നായികയായി ധ്യാൻ ശ്രീനിവാസൻ ഒരുക്കുന്ന ലവ് ആക്ഷൻ ഡ്രാമയാണ് നയൻസിന്റേതായി ഉടൻ റിലീസാകുന്ന ചിത്രം. അജു വർഗീസ് നിർമ്മിക്കുന്ന സിനിമ ഓണത്തിന് തിയേറ്ററുകളിലെത്തും. ഇതോടൊപ്പം മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൽ സെൽവനിലും നയൻസ് അഭിനയിക്കുന്നുണ്ട്.