-beach

ലോകത്ത് ടൂറിസ്റ്റുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് മാലി ദ്വീപ്. അതിമനോഹരമായ ജലാശയങ്ങളും റിസോർട്ടുകളുമെല്ലാം ഇവിടത്തെ ആകർഷണങ്ങളാണ്. മറ്റൊരു പ്രത്യേകത കൂടി ഇവിടെയുണ്ട്. മാലിയിലെ ചെറുദ്വീപായ വാദ്ധൂവിൽ രാത്രിയിൽ നീല നിറത്തിൽ തിളങ്ങുന്ന ബീച്ച്! കണ്ടാൽ ആയിരക്കണക്കിന് എൽ.ഇ.ഡി ബൾബുകൾ തിളങ്ങുന്നപോലെ തോന്നും. സംഭവം വളരെ നിഗൂഢമാണെന്നും അജ്ഞാത ശക്തികളാണ് ഈ തിളക്കത്തിന് കാരണമെന്നുമൊക്കെ പണ്ട് പ്രദേശവാസികൾ വിശ്വസിച്ചിരുന്നു. ബീച്ചിന്റെ ചിത്രങ്ങൾ കണ്ട പലരും ഇത് വ്യാജമാണെന്ന് വരെ വാദിച്ചിരുന്നു.

എന്നാൽ, ബീച്ചിന്റെ നിറത്തിന്റെ പിന്നിലെ രഹസ്യം അതൊന്നുമല്ല. കുറേ കുഞ്ഞൻ ജീവികളാണ് ഇരുണ്ട ആകാശത്ത് നക്ഷത്രങ്ങൾ തിളങ്ങുന്ന പോലെയുള്ള ഈ കാഴ്‌ച സൃഷ്‌ടിക്കുന്നത്. ലിൻഗുലൊഡിനിയം പോളിഡ്ര എന്നാണ് ഈ ചെറു ജീവികളുടെ പേര്. ഏകദേശം ഒരു മില്ലിമീറ്റർ മാത്രം വലിപ്പമേ ഉള്ളൂ ഈ ഇത്തിരി കുഞ്ഞൻമാർക്ക്. 'ബയോലൂമിനസെൻസ് ' അഥവാ 'ജൈവദീപ്‌തി' എന്ന പ്രത്യേകതയാണ് ഈ ജീവികളിൽ നിന്നും പ്രകാശം ഉണ്ടാകാനുള്ള കാരണം. ഒരു മിനിട്ടോളം ഇവരുടെ പ്രകാശം നീണ്ടു നിൽക്കും. ഇക്കൂട്ടർ കൂട്ടമായി കടൽത്തീരത്ത് എത്തുമ്പോഴാണ് രാത്രി തിരകൾ നീല നിറത്തിൽ തിളങ്ങുന്നത്. മാലിയെ കൂടാതെ സതേൺ കാലിഫോർണിയയിലും പ്യൂർട്ടോറിക്കോയിലും തിളങ്ങുന്ന ബീച്ചുകൾ കാണാനാകും.