general

ബാലരാമപുരം: കരമന- കളിയിക്കാവിള ദേശീയപാതയിൽ കൊടിനട ജംഗ്ഷനിലെ മാലിന്യപ്രതിസന്ധിക്ക് രണ്ട് വർഷം ആയിട്ടും പരിഹാരമായില്ല. മഴ കനത്തതോടെ കൊടിനടജംഗ്ഷനിൽ ഓടയിൽ നിന്നുള്ള ഡ്രെയിനേജ് മാലിന്യം റോഡിലൂടെ ഒഴുകുകയാണ്. പകർച്ചവ്യാധി ഭീഷണി നേരിടുന്ന പ്രദേശത്തെ അധികൃതർ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും പരാതിയുയർന്നിട്ടുണ്ട്. വിദ്യാർത്ഥികളടക്കമുള്ള വഴിയാത്രക്കാർ ഈ മാലിന്യം നിറഞ്ഞ വെള്ളത്തിൽ ചവിട്ടിയാണ് കടന്നുപോകുന്നത്. തൊട്ട് സമീപമാണ് രേവതി,​സ്നേഹ,​ പാർവതി തുടങ്ങിയ സ്വകാര്യ ആശുപത്രികൾ സ്ഥിതി ചെയ്യുന്നത്. രോഗികളടക്കം നിരവധി യാത്രക്കാർ ഈ ബൈ റോഡുവഴിയാണ് ദിവസവും കടന്നുപോകുന്നത്. ജംഗ്ഷനിലെ വെള്ളക്കെട്ട് കാരണം റോഡിലെ ടാർ പൂർണമായും തകർന്നു. ദേശീയപാതയുടെ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇതിനോടൊപ്പം മാത്രമേ ഓടയും തകർന്ന റോഡും നവീകരിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് കരാറുകാരൻ പറയുന്നത്. ഓടയിലെ സ്ലാബുകൾ ഇളക്കിമാറ്റിയതിനാൽ ദുർഗന്ധവും വർദ്ധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകും.