man-vs-wild

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാഹസിക സഞ്ചാരി ബെയർ ഗ്രിൽസും ഒരുമിച്ചുള്ള ഡിസ്‌കവറി ചാനലിന്റെ 'മാൻ വേഴ്സസ് വൈൽഡ്' പരിപാടി കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്‌തിരുന്നു. ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ജിം കോർബെറ്റ് നാഷണൽ പാർക്കിലാണ് എപ്പിസോഡ് ചിത്രീകരിച്ചത്. പുൽമേടുകളും ചതുപ്പ് നിലങ്ങളും ജലാശയങ്ങളും നിറഞ്ഞ ജിം കോർബെറ്റ് നാഷണൽ പാർക്ക് വീണ്ടും വാ‌ർത്തകളിൽ നിറയുകയാണ്.

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ദേശീയ ഉദ്യാനമാണ് ജിം കോർബെറ്റ് നാഷണൽ പാർക്ക്. 1936ൽ ഹെയ്ലി നാഷണൽ പാർക്ക് എന്ന പേരിൽ സ്ഥാപിതമായ പാർക്കിൽ 1973ൽ കടുവാ സംരക്ഷണ പദ്ധതി നടപ്പാക്കി. 520 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പാർക്കിൽ കടുവകളെ കൂടാതെ ആന, നീർനായ, മുതല, പക്ഷികൾ തുടങ്ങി വ്യത്യസ്ത സ്‌പീഷീസുകളിലെ ഉരഗങ്ങളുടെയും സസ്‌തനികളുടെയും ആവാസ കേന്ദ്രം കൂടിയാണ്.

ഡൽഹിയിൽ നിന്നും 260 കിലോമീറ്റർ അകലെയുള്ള ജിം കോർബറ്റ് നാഷണൽ പാർക്കിലേക്ക് മൊറാദാബാദ് - കാശിപൂർ - റാംനഗർ റൂട്ട് വഴി റോഡ് മാർഗം എത്താൻ സാധിക്കും. നൈനിറ്റാളിൽ നിന്നും 62 കിലോമീറ്ററും ഡെറാഡൂണിൽ നിന്നും 232 കിലോമീറ്റർ അകലെയുമാണ് പാർക്കിന്റെ സ്ഥാനം. കാട്ടിനകത്ത് രാത്രി വാസം അനുവദിക്കുന്ന ഇന്ത്യയിലെ ഏക ദേശീയ ഉദ്യാനമാണ് ഇവിടം. ഒരു നൂറ്റാണ്ടു മുമ്പ് ബ്രിട്ടീഷുകാ‌ർ നിർമിച്ച ദിക്കാല ഫോറസ്റ്റ് ലോഡ്‌ജ് ഇപ്പോഴും ടൂറിസ്റ്റുകൾക്കിടയിൽ ജനപ്രിയം തന്നെ. പാർക്കിലെ സസ്യജന്തുജാലങ്ങളുടെ അതിമനോഹരമായ കാഴ്ചയാണ് ഈ ഗസ്റ്റ് ഹാസിലൂടെ കാണാൻ സാധിക്കുക. പാർക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും സഞ്ചാരികൾക്ക് ഫോറസ്റ്റ് ലോഡ്ജിലെ റൂമുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

man-vs-wild

പ്രസിദ്ധ ബ്രിട്ടീഷ് വേട്ടക്കാരനും എഴുത്തുകാരനുമായിരുന്ന ജിം കോർബറ്റിന്റെ പേരാണ് പാർക്കിന് നൽകിയിരിക്കുന്നത്. നിരവധി നരഭോജി കടുവകളെയും പുലികളെയും കൊന്നിട്ടുള്ള അദ്ദേഹം 'ദ മാൻ ഈറ്റേഴ്സ് ഒഫ് കുമായോൻ ' ഉൾപ്പെടെയുള്ള പുസ്തകങ്ങളിൽ തന്റെ വേട്ടയാടൽ ജീവിതത്തെ പറ്റി വിവരിക്കുന്നുണ്ട്. 1875ൽ നൈനിറ്റാളിലാണ് ജിം ജനിച്ചത്. ജിമ്മിന്റെ പിതാവ് ഒരു പോസ്റ്റ്മാസ്റ്റർ ആയിരുന്നു. 17ാം വയസിൽ സ്‌കൂളിനോട് വിട പറഞ്ഞ ജിം മനക്പൂരിൽ റെയിൽവേയിൽ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. വളരെ ധൈര്യശാലിയായിരുന്ന ജിം 1907നും 1938നും ഇടയിൽ 33 നരഭോജികളെയാണ് കൊന്നത് (19 കടുവകൾ, 14 പുലികൾ). ചംമ്പാവത്തിലെ നരഭോജി കടുവകളേയും പുലികളേയും വേട്ടയാടിയെ ജിമ്മിന്റെ കഥ വളരെ പ്രസിദ്ധമാണ്. എന്നാൽ, പിൽകാലത്ത് നായാട്ടുകാരന്റെ വേഷം അഴിച്ചുവച്ച് വന്യമൃഗങ്ങളുടെ സംരക്ഷകനായി ജിം മാറി. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ സഞ്ചരിച്ചും ജിം പ്രകൃതി സംരക്ഷണത്തിന്റെയും മൃഗസംരക്ഷണത്തിന്റെയും പ്രാധാന്യം പ്രചരിപ്പിച്ചു. 1947ൽ കൊളോണിയൽ യുഗം അവസാനിച്ചതോടെ നൈനിറ്റാളിലെ തന്റെ വീട് വിറ്റ ശേഷം കോർബെറ്റ് ഇന്ത്യ വിട്ടു. കെനിയയിലേക്ക് കുടിയേറിയ കോർബെറ്റ് 1955ൽ ഹൃദയാഘാതത്തെ തുടർന്ന് 79ാം വയസിൽ മരണമടഞ്ഞു.

ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലയളവിലാണ് പാർക്കിൽ സഞ്ചാരികൾ കൂടുതലും എത്തുക. ഈ സമയം ഒട്ടനവധി പക്ഷികളെ പാർക്കിൽ കാണാൻ സാധിക്കും. അതുകൊണ്ടുതന്നെ ഈ കാലയളവ് പക്ഷി നിരീക്ഷകർക്കും ഏറെ പ്രിയപ്പെട്ടതാണ്. മാർച്ച് മുതൽ ജൂൺ വരെയുള്ള വേനൽക്കാലത്താണ് പാർക്കിൽ വസിക്കുന്ന കൂടുതലും ജീവജാലങ്ങളെ കാണാൻ സാധിക്കുക.

 ബെയർ ഗ്രിൽസിനൊപ്പം യാത്ര ചെയ്യവെ പാർക്കിലെ സസ്യ ജന്തുജാലങ്ങളുടെ സംരക്ഷണത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നുണ്ട്. പാർക്കിലെ ഭംഗിയുള്ള കാഴ്ചകൾ കാണാൻ ആന, കുതിര സവാരികൾ എന്നിവ ലഭ്യമാണ്. ജീപ്പ് മാർഗവും പാർക്കിലെ കാഴ്‌ചകൾ ആസ്വദിക്കാം.