തിരുവനന്തപുരം: വയസ് 105 ആയെങ്കിലും പോരാട്ടത്തിന്റെ യൗവനം അയ്യപ്പൻപിള്ളയെ വിട്ടുപോയിട്ടില്ല. സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായ കെ.അയ്യപ്പൻപിള്ള നാല് പരിപാടികളിലാണ് ഇന്ന് പങ്കെടുക്കുന്നത്.
''സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഞങ്ങൾ കരുതി, കുറച്ച് വർഷം കഴിയുമ്പോൾ വലിയ മാറ്റങ്ങൾ വരുമെന്ന്. അന്ന് പറഞ്ഞിരുന്നത് ജനങ്ങളൊക്കെ നല്ല നിലയിലാവും. എല്ലാവരും ഒരുപോലെ ചെലവൊക്കെ കുറച്ച് ജീവിക്കും. ആഡംബരമൊന്നും കാണില്ല. പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലേക്ക് ഭരണസംവിധാനമൊക്കെ പോകും എന്നൊക്കെയാണ്.'' തൈക്കാട്ടെ വീട്ടിലിരുന്ന് അയ്യപ്പൻപിള്ള ഇതു പറയുമ്പോൾ കണ്ണുകളിൽ ആത്മരോഷം നിറഞ്ഞിരുന്നു.
1930കളിൽ വിദ്യാർത്ഥിയായിരുന്ന കാലത്താണ് ദേശീയ പ്രസ്ഥാനത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിലും ആകൃഷ്ടനായത്. 1934ൽ ഗാന്ധിജിയെ നേരിട്ട് കാണാനും അടുത്തിടപഴകാനും സാധിച്ചത് വഴിത്തിരിവായി. സർക്കാർ ഉദ്യോഗം ആഗ്രഹിച്ചിരുന്ന അയ്യപ്പൻപിള്ള അതോടെ ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ മുഴുവൻ സമയ പ്രവർത്തകനായി. ദിവാൻ സി.പി രാമസ്വാമിക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ സജീവമായപ്പോൾ ഗാന്ധിജി നൽകിയ നിർദ്ദേശം പാലിച്ച് രാജ്യസ്വാതന്ത്രത്തിനായുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു.
''സ്വാർത്ഥരാകരുത്. നമ്മുടെ എല്ലാ പ്രവർത്തനവും സമൂഹത്തിനുവേണ്ടിയാകണം. രാജ്യപുരോഗതിയാകണം ആദ്യ അജൻഡ്'' എന്നതാണ് അയ്യപ്പൻപിള്ളയുടെ സ്വാതന്ത്ര്യദിന സന്ദേശം.
''പഴയ തലമുറ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്, വലിയ ത്യാഗങ്ങൾ സഹിച്ചു. ആ ത്യാഗബുദ്ധി ഇപ്പോൾ കാണുന്നില്ല. അതിൽ വലിയ വിഷമമുണ്ട്. ആശയപരമായ രാഷ്ട്രീയം പിന്തുടരുന്നവർ കുറവാണ്. വ്യക്തിനേട്ടങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നത്. രാഷ്ട്രീയ പക്വത നേടാതെയാണ് പലരും പ്രവർത്തിക്കാൻ വരുന്നത്.'' സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ അർത്ഥം ഇനിയും ഉൾക്കൊള്ളാൻ നമുക്ക് കഴിഞ്ഞിട്ടില്ലെന്നും അയ്യപ്പൻപിള്ള പറഞ്ഞു.
പ്രളയം നമ്മളുണ്ടാക്കിയത്
"പരിസ്ഥിതിയെ ബഹുമാനിക്കാൻ ഭരണകൂടങ്ങൾ ഇനിയെങ്കിലും പഠിക്കണം. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെ കുറേക്കൂടി ഗൗരവമായി പരിഗണിക്കണമായിരുന്നു. പരിസ്ഥിതിയെ ഉൾക്കൊള്ളാനുള്ള വിശാല മനഃസ്ഥിതി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വേണം. അതില്ലാതെ പോയതാണ് ഇപ്പോൾ കേരളം നേരിടുന്ന പ്രകൃതിദുരന്തങ്ങൾക്ക് കാരണം.