marjoori

ലണ്ടൻ:വയസ് എൺപതായി.ജീവിതത്തിലെ എല്ലാമോഹങ്ങളും തീർത്ത് ഇൗശ്വരനെ ഭജിച്ച് നാളുകൾ കഴിക്കേണ്ട കാലം. എന്നാൽ മാർജൂറി സ്കോൾഡ് എന്ന മുത്തശ്ശിക്ക് എൺപതുവയസൊന്നും ഒരു പ്രായമേ അല്ല. ഇൗ പ്രായത്തിലും ജിംനാസ്റ്റിക്സിലാണ് പുള്ളിക്കാരിയുടെ കണ്ണ്. അടുത്തിടെ നടന്ന അഡൽറ്റ് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ മാജൂറിയുടെ പ്രകടനം കണ്ടവരുടെ കണ്ണുതള്ളിപ്പോയി. ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനമാണ് മുത്തശ്ശിക്ക് കിട്ടിയത്.

മത്സരത്തിൽ പങ്കെടുത്തവരൊക്കെ വളരെനാളുകളായി ജിംനാസ്റ്റിക്സ് പരിശീലനം തുടരുന്നവരാണ്. എന്നാൽ മാർജൂറി പരിശീലനം തുടങ്ങിയത് എഴുപത്താറാം വയസിലാണ്. ഇനിയും ഒരങ്കത്തിനല്ല പല അങ്കത്തിനുള്ള ബാല്യം തനിക്കുണ്ടെന്നാണ് അവർ പറയുന്നത്. വെറുതേ പറയുക മാത്രമല്ല അത് തെളിയിക്കുകയും ചെയ്യുന്നുണ്ട്.

ചെറുമക്കൾ ടെലിവിഷനിൽ ജിംനാസ്റ്റിക്സ് മത്സരങ്ങൾ കാണാനിരിക്കുമ്പോൾ മാർജൂറിയും ഒപ്പംകൂടാറുണ്ട്. അങ്ങനെയാണ് ഇഷ്ടം തോന്നിത്തുടങ്ങിയത്. ഇതൊന്ന് പരിശീലിച്ചാലെന്തെന്നായി പിന്നത്തെ ചിന്ത. മക്കളും ചെറുമക്കളുമൊക്കെ ഇതുകേട്ട് ചിരിക്കുമെന്നായിരുന്നു വിചാരിച്ചത്. പക്ഷേ, അവർ പൂർണ പിന്തുണ നൽകി. നേരേ പരിശീലനത്തിനെത്തി. അമ്മൂമ്മയെകണ്ടെപ്പോൾ പരിശീലകന്റെ നെറ്റിചുളിഞ്ഞു. പക്ഷേ, പരിശീലനം തുടങ്ങിയതോടെ അയാൾ അന്തംവിട്ടുപോയി.

യുവരക്തങ്ങൾ പഠിക്കുന്നതിനെക്കാൾ വേഗത്തിൽ അമ്മൂമ്മ കാര്യങ്ങൾ പടിച്ചെടുത്തു. പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല.പങ്കെടുക്കുന്ന മത്സരങ്ങളെല്ലാം വിജയിച്ചു. എന്തുസംഭവിച്ചാലും പരിശീലനത്തിൽ മുടക്കം വരുത്താറില്ലെന്നതാണ് മാർജൂറിയുടെ ഏറ്റവുംവലിയ പ്രത്യേകത.

ജിംനാസ്റ്റിക്സ് പരിശീലനം തുടങ്ങിയതോടെ ആത്മവിശ്വാസം കൂടിയെന്നാണ് മാർജൂറി പറയുന്നത്. എല്ലാം പോസിറ്റീവായി കാണാനും പഠിച്ചു. അതോടെ പ്രായം കൂടിയതായി തോന്നുന്നേയില്ല.