flood

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തെ തുടർന്ന് എലിപ്പനി, ഡെങ്കിപ്പനി, എച്ച്1എൻ 1, വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ തുടങ്ങിയ രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പ് ഊർജ്ജിത പ്രതിരോധ

നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രളയ ജലവുമായി സമ്പർക്കമുള്ളവർക്ക് എലിപ്പനി പകരാൻ സാദ്ധ്യതയുള്ളതിനാൽ വെള്ളത്തിലിറങ്ങുന്നവർക്കും ദുരിതാശ്വാസ പ്രവർത്തകർക്കും ഡോക്സിസൈക്ലിൻ ഗുളിക നിർബന്ധമായി നൽകുന്നുണ്ട്. സാംക്രമിക രോഗങ്ങൾക്കെതിരെയും കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പു വരുത്താനും, പ്രാണി, ജല, ജന്തുജന്യ രോഗങ്ങളെ നിയന്ത്രിക്കാനും പദ്ധതികൾ നടപ്പിലാക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ കഴിച്ചു കൊണ്ടിരുന്നവർക്ക് മുടങ്ങാതെ കഴിക്കുന്നതിനുള്ള സഹായം ഉറപ്പാക്കിയിട്ടുണ്ട്. ഡയാലിസിസ്, കീമോതെറാപ്പി തുടങ്ങിയ തുടർചികിത്സകൾക്കുള്ള സൗകര്യം അടുത്തുള്ള ആശുപത്രികളിൽ ലഭ്യമാക്കി. നവജാതശിശുക്കൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള പരിചരണവുമുണ്ട്. മരുന്നുകളുടെ ലഭ്യത നിരീക്ഷിക്കുന്നു. അവശ്യം വേണ്ട മരുന്നുകൾക്കായി കേന്ദ്ര സർക്കാരിനെയും സമീപിച്ചിട്ടുണ്ട്. അടുത്ത ദിവസം തന്നെ മരുന്നുകൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്റ്റേറ്റ് കൺട്രോൾ റൂം ഡയറക്ടറേറ്റിൽ സജ്ജമാക്കി. ജില്ലാതല കൺട്രോൾ റൂമുകളും പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രളയവുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിനായി എല്ലാ ജില്ലകളിലും ഓരോ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തി. വെള്ളമിറങ്ങുന്ന സമയത്ത് പാമ്പുകടിയേൽക്കാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണം. പാമ്പുകടിയേറ്റാൽ ഉടനടി ചികിത്സ ലഭ്യമാക്കാൻ താലൂക്ക് ആശുപത്രി മുതൽ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. വെള്ളമിറങ്ങുന്ന സമയത്ത് വീടുകൾ ശുചീകരിക്കാൻ പോകുന്നവർ വൈദ്യുതാഘാതമേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.