ഉരുൾപൊട്ടലിൽ സ്വന്തം കൂരകളോടൊപ്പം മണ്ണിനടിയിലായ ഹതഭാഗ്യർക്കു വേണ്ടിയുള്ള തെരച്ചിൽ നൂറുമണിക്കൂറിനു ശേഷം തുടരവെ, എട്ടുവർഷം മുൻപ് മാധവ് ഗാഡ്ഗിൽ സമർപ്പിച്ച പഠന റിപ്പോർട്ട് ഭരണ സിരാകേന്ദ്രത്തിലെ ഏതോ അലമാരയിലിരുന്ന് സർക്കാരുകളുടെ അനാസ്ഥയ്ക്കെതിരെ പല്ലിറുമ്മുന്നതു വ്യക്തമായി ഇപ്പോൾ കാണാനാവും. കേരളത്തിലെ ഭൂഭാഗങ്ങളിൽ മുപ്പതു ശതമാനവും അതീവ പരിസ്ഥിതിലോല പ്രദേശത്തായതിനാൽ പശ്ചിമഘട്ട സംരക്ഷണത്തിൽ ഒരുവിധ വിട്ടുവീഴ്ചയും പാടില്ലെന്ന് രണ്ടായിരത്തി പതിനൊന്നിലേ രാജ്യത്തെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഗാഡ്ഗിൽ മുന്നറിയിപ്പു നൽകിയിരുന്നതാണ്.
എന്നാൽ സംരക്ഷിക്കേണ്ടവർ തന്നെ രാഷ്ട്രീയ കാരണങ്ങളാൽ പശ്ചിമഘട്ടത്തെ അക്ഷരാർത്ഥത്തിൽ നിക്ഷിപ്ത താത്പര്യക്കാർക്കായി തീറെഴുതുന്ന കാഴ്ചയാണ് കണ്ടത്. പരിസ്ഥിതിലോല പ്രദേശങ്ങളിൽ ചെറുതരം ക്വാറികൾക്കു പോലും അനുമതി നൽകരുതെന്നാണ് ഗാഡ്ഗിൽ ആവശ്യപ്പെട്ടത്. പക്ഷേ മലനിരകളെ കീറിമുറിക്കാൻ പോന്ന സംവിധാനങ്ങളോടെ അനേകം വമ്പൻ ക്വാറികൾക്ക് അനുമതി ലഭിച്ചു. തന്റെ പഠന റിപ്പോർട്ടിലെ മുന്നറിയിപ്പ് അവഗണിക്കുന്നതിന്റെ ഫലം അഞ്ചു വർഷത്തിനകം തന്നെ അറിയാൻ കഴിയുമെന്ന ഗാഡ്ഗിലിന്റെ വാക്കുകൾ പാഴായില്ല. കഴിഞ്ഞ വർഷവും ഇപ്പോഴും സംസ്ഥാനത്തിന്റെ മുക്കാൽ ഭാഗത്തെയും വിഴുങ്ങിയ പ്രളയവും ഉരുൾപൊട്ടൽ പരമ്പരയും ഒരിക്കൽക്കൂടി പശ്ചിമഘട്ട സംരക്ഷണത്തിൽ സംഭവിച്ച ആത്മഹത്യാപരമായ വീഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
പരിസ്ഥിതി സംരക്ഷണത്തെക്കാൾ അധികാരത്തിനും അതിനാവശ്യമായ വോട്ടുബാങ്കിനും വില കല്പിക്കപ്പെടുമ്പോൾ വിദഗ്ദ്ധരുടെ പഠന റിപ്പോർട്ടുകൾക്കോ മുന്നറിയിപ്പുകൾക്കോ വലിയ വില ലഭിക്കണമെന്നില്ല. കേരളം ചെവി കൊടുക്കേണ്ടിയിരുന്ന ഗാഡ്ഗിൽ പരിസ്ഥിതി തീവ്രവാദിയാണെന്നുപോലും അധിക്ഷേപമുയർന്നത് ഓർക്കുന്നു. കുടിയേറ്റ കർഷകരുടെ വോട്ടുകൾ മുഖ്യധാരാ രാഷ്ട്രീയക്കാർക്ക് എന്നും ആവശ്യമായിരുന്നു. അതിനാൽ സർക്കാരുകൾ തന്നെ ഗാഡ്ഗിൽ റിപ്പോർട്ട് പുച്ഛിച്ചു തള്ളുകയും റിപ്പോർട്ട് തിരുത്തിയെഴുതാൻ പുതിയ ആളെ നിയോഗിക്കണമെന്ന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. തുടർന്നാണ് കസ്തൂരിരംഗൻ റിപ്പോർട്ടുണ്ടാകുന്നത്. ബഹിരാകാശ ശാസ്ത്രജ്ഞനായ കസ്തൂരി രംഗൻ ഗാഡ്ഗിൽ റിപ്പോർട്ട് രാഷ്ട്രീയക്കാരുടെ ഇംഗിതം കൂടി നോക്കി തിരുത്തിയെഴുതിയിട്ടു പോലും അംഗീകരിക്കപ്പെട്ടില്ലെന്നതാണ് യാഥാർത്ഥ്യം.
വയനാട്, മലപ്പുറം, ഇടുക്കി, കോഴിക്കോട് ജില്ലകൾ ഇപ്പോൾ ഉരുൾപൊട്ടലുകളിൽ വിറങ്ങലിച്ചു നിൽക്കവേ ഗാഡ്ഗിലിന്റെ വിലപ്പെട്ട വാക്കുകൾക്ക് പ്രസക്തി ഏറുകയാണ്. പശ്ചിമഘട്ടത്തിലുടനീളം നടക്കുന്ന ഖനന പ്രവർത്തനങ്ങൾ ഇനിയെങ്കിലും നിറുത്തിവയ്ക്കാൻ നടപടി എടുത്തില്ലെങ്കിൽ തുടർന്നും ഓരോ മഴക്കാലത്തും സംസ്ഥാനം കൂടുതൽ വലിയ ദുരന്തങ്ങളാകും കാണേണ്ടിവരിക. ഖനനം നിറുത്താൻ ഇതിനിടെ സർക്കാർ ഉത്തരവിറക്കിയതായി വാർത്ത വന്നിട്ടുണ്ട്. വിദഗ്ദ്ധ സമിതികളുടെ പഠനത്തിനുശേഷമേ ഇനി അവയുടെ പ്രവർത്തനം അനുവദിക്കാവൂ. പരിസ്ഥിതിലോല പ്രദേശങ്ങളായി ഗാഡ്ഗിൽ റിപ്പോർട്ട് അടയാളപ്പെടുത്തിയ പ്രദേശങ്ങളിൽ നിർമ്മാണങ്ങൾക്ക് മാത്രമല്ല എല്ലാത്തരം ഭൂവിനിയോഗത്തിലും നിയന്ത്രണങ്ങൾ ആവശ്യമായി വന്നിരിക്കുകയാണ്. പരിസ്ഥിതി - ഭൗമ ശാസ്ത്രജ്ഞരുടെ അഭിപ്രായങ്ങൾക്ക് ചെവികൊടുക്കുക തന്നെ വേണം. രാഷ്ട്രീയ താത്പര്യങ്ങളല്ല, സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താത്പര്യങ്ങളാണ് പരിരക്ഷിക്കപ്പെടേണ്ടത്. ഗാഡ്ഗിൽ തന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പരിസ്ഥിതിലോല മേഖലകളിലാണ് ഇക്കുറി ഉണ്ടായ ഉരുൾപൊട്ടലുകളിലധികവും. പരിസ്ഥിതിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ എല്ലാക്കാലത്തും അട്ടിമറിക്കുന്നതിനു പിന്നിൽ സ്വാർത്ഥമതികളായ വമ്പൻ മാഫിയാ സംഘങ്ങളുണ്ടാകും. അതിസമ്പന്നരുടെ അടക്കാനാവാത്ത ആർത്തിയാണ് ഏതുതരം പ്രകൃതി നശീകരണത്തിന്റെയും പിന്നിലുള്ളത്. കടലിൽ മഴ പെയ്യുന്നത് മരങ്ങളുണ്ടായിട്ടാണോ എന്ന് മരക്കച്ചവടത്തിൽ താത്പര്യമുണ്ടായിരുന്ന ബഹുമാന്യനായ മെമ്പർ നിയമസഭയിൽ പണ്ടെന്നോ ചോദ്യമുയർത്തിയിരുന്നു. വനത്തിൽ നിന്നു കള്ളത്തടി വെട്ടൽ വ്യവസായമായി കൊണ്ടുനടന്ന കാലമായിരുന്നു അത്.
വനനശീകരണം സംസ്ഥാനത്തിന് എത്രയധികം വിപത്തുണ്ടാക്കിയെന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം. മണ്ണൊലിപ്പ് ഫലപ്രദമായി തടയാനും ഉരുൾപൊട്ടലുകളെ പ്രതിരോധിക്കാനും സ്വാഭാവിക വനങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വനവത്കരണം പ്രകൃതി സംരക്ഷണത്തിന്റെ ഏറ്റവും ശക്തമായ വഴിയായി മാറണം. സർക്കാർ അതിനു പ്രോത്സാഹനവും പരമാവധി സഹായവും നൽകണം. വർഷത്തിൽ ജൂൺ മാസത്തിൽ ഒരു ദിവസത്തെ ആചാരം മാത്രമായല്ല അതിനെ കാണേണ്ടത്. നാടും നഗരങ്ങളും ഒരുപോല ഈ പരിപാടിയുടെ ഭാഗമാകണം. പുഴകളുടെ ഒഴുക്ക് തടയാൻ അനുവദിക്കരുത്. പുഴകളും ജലസ്രോതസുകളും മാലിന്യം തള്ളാനുള്ള ഇടങ്ങളാകാൻ ഒരു കാരണവശാലും അനുവദിക്കരുത്. ജലസ്രോതസുകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നിയമങ്ങൾ കർക്കശമായി നടപ്പാക്കണം. പ്രളയാനന്തര പുനർനിർമ്മാണം ഭീമാകാരമായ ബാദ്ധ്യതയായി സർക്കാരിനു മുമ്പിലുണ്ട്. അനുഭവങ്ങൾ പാഠമാക്കി തെറ്റുകൾ തിരുത്താനുള്ള വിവേകമാണ് ഭരണകൂടത്തിൽ നിന്നു പ്രതീക്ഷിക്കുന്നത്. അലംഭാവത്തിനുള്ള പ്രകൃതിയുടെ ശിക്ഷ എത്രമാത്രം കഠോരമാകുമെന്ന് തെളിഞ്ഞുകഴിഞ്ഞു.