തിരുവനന്തപുരം: സംസ്ഥാന സർക്കാർ കക്ഷിയായ പ്രധാന കോടതിക്കേസുകളുടെ മേൽനോട്ടം വഹിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്പെഷ്യൽ ലെയ്സൺ ഓഫീസറായി കൊച്ചി കടവന്ത്ര സ്വദേശി എ. വേലപ്പൻ നായരെ നിയമിച്ച് സർക്കാർ ഉത്തരവായി. 1.10ലക്ഷം രൂപയാണ് ശമ്പളം. എറണാകുളത്ത് അഡ്വക്കേറ്റ് ജനറൽ ഓഫീസിലാവും പ്രവർത്തനം.
ഹൈക്കോടതിയിലെ സീനിയർ ഗവ. പ്ലീഡറുടെ സേവന-വേതന വ്യവസ്ഥകൾക്ക് സമാനമായിരിക്കും ഈ തസ്തികയുടേതുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കോ-ടെർമിനസ് വ്യവസ്ഥയിലാണ് താൽക്കാലിക തസ്തിക സൃഷ്ടിച്ചത്.ഈ നിയമനത്തിന് രണ്ടാഴ്ച മുമ്പ് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സർക്കാർ കേസുകളുടെ മേൽനോട്ടത്തിനൊപ്പം അഡ്വക്കേറ്റ് ജനറൽ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ട് കേസുകളുടെ അവസ്ഥ നിരീക്ഷിക്കലും ചുമതലയാണ്.
ഗവ. പ്ലീഡർമാരുടെ ശമ്പളം സർക്കാർ പുതുക്കി നിശ്ചയിച്ചതിനുസരിച്ചാണ് സ്പെഷ്യൽ ലെയ്സൺ ഓഫീസറുടെയും ശമ്പളം നിശ്ചയിച്ചത്. വേതനം- 76,000രൂപ, ടെലഫോൺ, ഇന്റർനെറ്റ് ബത്ത- 1000രൂപ, യാത്രാബത്ത- 19,000രൂപ, ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കും പുസ്തകങ്ങൾക്കുമുള്ള ബത്ത- 14,000രൂപ .
ന്യൂഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കിൽ നിയമിതനായ മുൻ എം.പി ഡോ.എ. സമ്പത്ത് ഇന്നലെ ചുമതലയേറ്റു. കേരളാഹൗസ് കേന്ദ്രീകരിച്ചാവും പ്രവർത്തനം.