qua

തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശങ്ങളിൽ മലകളെ നെടുകെ പിളർന്നുള്ള പാറ ഖനനം അവസാനിപ്പിച്ച്, സർക്കാർ നിയന്ത്രണത്തിലുള്ള സൂപ്പർ ക്വാറികൾ ആരംഭിക്കണമെന്ന് സർക്കാരിന് കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ ശുപാർശ. ജില്ലകളിൽ കൂണുപോലെ ചെറിയ സ്വകാര്യ ക്വാറികൾ ആരംഭിക്കുന്നത് അവസാനിപ്പിച്ച് മൂന്ന് ജില്ലകൾക്ക് ഓരോ സൂപ്പർക്വാറി തുറക്കണമെന്നാണ് ശുപാർശ. കേരളത്തെ നാല് സോണുകളായി തിരിച്ച് എല്ലാവിധ പരിസ്ഥിതി പഠനവും നടത്തി, ആഘാതം കുറവുണ്ടാകുന്ന മേഖലകൾ കണ്ടെത്തിയാവണം സൂപ്പർക്വാറി അനുവദിക്കേണ്ടത്. ഡൈനാമിറ്റുകൾ എന്നറിയപ്പെടുന്ന കൂറ്റൻ സ്ഫോടകവസ്തുക്കളുപയോഗിച്ച് പാറ പിളർക്കുന്ന രീതി അവസാനിപ്പിച്ച്, സൂപ്പർക്വാറികളിൽ ശാസ്ത്രീയ മാർഗങ്ങളുപയോഗിച്ച് ഖനനം നടത്തണം.

പാറഖനനം പൂർണമായി ഒഴിവാക്കാനാവില്ല.

വികസനപ്രവർത്തനങ്ങളും നിർമ്മാണവും മുടങ്ങുമെന്നതിനാൽ പാറഖനനം പൂർണമായി ഒഴിവാക്കാനാവില്ല. പാറ ദൗർലഭ്യമുണ്ടായി നിർമ്മാണമേഖല സ്തംഭിച്ചാൽ സംസ്ഥാനത്ത് രൂക്ഷമായ പ്രതിസന്ധിയുണ്ടാവും. എന്നാൽ പരിസ്ഥിതിലോല മേഖലകളിൽ അശാസ്ത്രീയമായ പാറഖനനം തുടർന്നാൽ വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലുമുണ്ടായ ദുരന്തങ്ങൾ ആവർത്തിക്കപ്പെട്ടേക്കാം. അതിനാലാണ് ചെറിയ ക്വാറികൾക്ക് പകരമായി സൂപ്പർക്വാറികൾ വേണമെന്ന ശുപാർശ. സ്വകാര്യഖനനം അനുവദിക്കാമെങ്കിലും സൂപ്പർക്വാറികൾ സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കണമെന്നും ശുപാർശയിലുണ്ടെന്ന് കേന്ദ്രഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ക്രസ്റ്റൽ പ്രോസസ് മേധാവി ഡോ. വി. നന്ദകുമാർ കേരളകൗമുദിയോടു പറഞ്ഞു.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളിൽ വൻതോതിൽ ക്വാറികളുണ്ട്. ഇവയിൽ ഭൂരിഭാഗവും അനധികൃതമാണ്. സംസ്ഥാനത്തെ ക്വാറികളിൽ 90 ശതമാനവും അഞ്ചു ഹെക്ടറിൽ താഴെ വിസ്തീർണമുള്ള ചെറുകിട ക്വാറികളാണ്. ഇവരാണ് ഏറ്റവുമധികം നിയമലംഘനങ്ങൾ നടത്തുന്നത്.

പശ്ചിമഘട്ടം തുരന്നു തുരന്ന്....

ക്വാറികളുടെ രേഖയിലെ കണക്ക്

പാലക്കാട് 867

എറണാകുളം 774

മലപ്പുറം 657

കോഴിക്കോട് 509

ഇടുക്കി 328

വയനാട് 161