തിരുവനന്തപുരം:സംസ്ഥാനത്തെ 701 വീടുകൾ ദുരന്ത സാദ്ധ്യതയുള്ള സ്ഥലങ്ങളിലാണെന്നും ആലപ്പുഴ ഒഴിച്ചുള്ള 13 ജില്ലകളിലും ഉരുൾപൊട്ടൽ സാദ്ധ്യത നിലനിൽക്കുന്നുവെന്നും പഠന റിപ്പോർട്ട്.
കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിന് ശേഷം പ്രാദേശികാടിസ്ഥാനത്തിൽ ജിയോളജിക്കൽ സർവ്വേ ഒഫ് ഇന്ത്യയുടെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ദുരന്തസാദ്ധ്യതയുള്ള വീടുകൾ മാറ്റി സ്ഥാപിക്കണമെന്ന് ജിയോളജിക്കൽ സർവ്വേ അധികൃതർ നിർദ്ദേശിച്ചിരുന്നതായും നിയമസഭയിൽ കഴിഞ്ഞ ജൂൺ 18ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ നൽകിയ മറുപടിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ നിയുക്തമായ പ്രൊഫ. മാധവ് ഗാഡ്ഗിൽ കമ്മിറ്റിയുടെ കണ്ടെത്തലുകളിലും ഇപ്പോൾ ദുരന്തമുണ്ടായ മേപ്പാടിയും നിലമ്പൂരും അതീവ പരിസ്ഥിതിലോല മേഖലയായ സോൺ ഒന്നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമിതിയുടെ നിരീക്ഷണങ്ങളിൽ അന്തിമ തീരുമാനം ഓരോ പഞ്ചായത്തും ഗ്രാമസഭ വിളിച്ച് ചർച്ച ചെയ്തശേഷം കൈക്കൊണ്ടാൽ മതിയെന്ന് ഗാഡ്ഗിൽ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. അതെല്ലാം മറച്ചുവച്ചുള്ള തെറ്റായ പ്രചരണങ്ങളിലൂടെ ഗാഡ്ഗിൽ സമിതിയെ നാടുകടത്തി. ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ മൂലം വാസയോഗ്യമല്ലാതായ സ്ഥലങ്ങളിൽ വീടുണ്ടായിരുന്ന ദുരന്തബാധിതർക്ക് വാസയോഗ്യമായ 3.5സെന്റ് സ്ഥലം വാങ്ങാൻ ആറ് ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചിരുന്നതുമാണ്.
മുൻകരുതലുകളും
അവഗണിച്ചു
ജിയോളജിക്കൽ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദുരന്തങ്ങൾ നേരിടാൻ സർക്കാർ നൽകിയ മുൻകരുതൽ
നിർദ്ദേശങ്ങളെല്ലാം അവഗണിക്കപ്പെട്ടു.
പ്രധാന നിർദ്ദേശങ്ങൾ:
മലയോര ജില്ലകളിൽ ദിവസവും ഭൂജല, മൈനിംഗ് ആൻഡ് ജിയോളജി, മണ്ണ് സംരക്ഷണ വകുപ്പുകലിലൊന്നിലെ ജിയോളജിക്കൽ അസിസ്റ്റന്റിനെയോ, മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥനെയോ, അസിസ്റ്റന്റ് ജിയോളജിസ്റ്റിൽ കുറയാത്ത ഉദ്യോഗസ്ഥനെയോ ഷിഫ്റ്റടിസ്ഥാനത്തിൽ 24 മണിക്കൂറും നിയോഗിക്കണം.
മഴയുടെ പ്രവചനത്തെ അടിസ്ഥാനപ്പെടുത്തി ജില്ലാ അതോറിറ്റികൾക്ക് ജില്ലയിലെ ഉരുൾ പൊട്ടലിന്റെയോ മണ്ണിടിച്ചിലിന്റെയോ സാദ്ധ്യത സംബന്ധിച്ച അവലോകന വിവരം ജിയോളജിസ്റ്ര് കൈമാറണം.
2018ൽ ഉരുൾ പൊട്ടലോ മണ്ണിടിച്ചിലോ ബാധിക്കുകയും വാസയോഗ്യമല്ലെന്ന് കണ്ടെത്തുകയും ചെയ്ത വീടുകളിൽ താമസിക്കുന്നവരെയും പുറമ്പോക്കിലെ വീടുകൾ തകർന്നവരെയും ദുരിതാശ്വാസസഹായം ഉപയോഗിച്ചുള്ള വീടിന്റെ പുനർനിർമ്മാണം പൂർത്തീകരിച്ചിട്ടില്ലാത്ത കുടുംബങ്ങളെയും ജില്ലയിൽ മഴയുടെ മഞ്ഞ അലർട്ട് ലഭിക്കുമ്പോൾ ക്യാമ്പുകളിലേക്ക് മാറാൻ ഉപദേശിക്കണം. ഇതിനായി ഈ കുടുംബങ്ങളുടെ മൊബൈൽ നമ്പർ ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ് സെന്ററുകളിൽ സൂക്ഷിക്കണം.
ജില്ലയിൽ ഓറഞ്ച് അലർട്ടാണെങ്കിൽ നിർബന്ധമായും ക്യാമ്പുകളിലേക്ക് മാറ്റണം. കാലവർഷ, തുലാവർഷ മാസങ്ങളിൽ ഈ കുടുംബങ്ങൾ എപ്പോൾ ആവശ്യപ്പെട്ടാലും അവർക്കായി ക്യാമ്പ് നടത്തണം.