jj

നെയ്യാറ്റിൻകര: പ്രളയ ബാധിതർക്ക് നെയ്യാറ്റിൻകര രൂപതയിൽ നിന്നുള്ള സഹായം എത്തിച്ച് തുടങ്ങി. ആദ്യ വാഹനം വയനാട്ടിലേക്ക് പുറപ്പെട്ടു. രൂപതയിലെ ജീസസ് യൂത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബിഷപ്സ് ഹൗസിൽ നിന്ന് തിരിച്ചത്. കുപ്പിവെളളം, തുണികൾ, മരുന്നുകൾ തുടങ്ങി ദുരിതാശ്വാസ ക്യാമ്പുകളിൽ അത്യാവശ്യം വേണ്ട സാധനങ്ങളുമായാണ് ആദ്യ സംഘം പുറപ്പെട്ടത്. നെയ്യാറ്റിൻകര ബിഷപ്സ് ഹൗസിൽ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ ആദ്യസംഘത്തിന്റെ യാത്ര ഉദ്ഘാടനം ചെയ്തു. രൂപത യൂത്ത് കമ്മിഷൻ ഡയറക്ടർ ഫാ. ബിനു ടി, ജീസസ് യൂത്ത് കോ- ഓർഡിനേറ്റർ ധനീഷ് തുടങ്ങിയവർ പങ്കെടുത്തു. രൂപതയുടെ വിവിധ ശുശ്രൂഷകളുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന സാധനങ്ങളുമായി വ്യാഴാഴ്ച രാവിലെ 11നാണ് വയനാട് -കോഴിക്കോട് -കണ്ണൂർ ജില്ലകളിലേക്ക് വാഹനങ്ങൾ തിരിക്കുന്നതെന്ന് രൂപത ശുശ്രൂഷ കോ ഓർഡിനേറ്റർ വി.പി. ജോസ് അറിയിച്ചു. വ്ളാങ്ങാമുറി നിഡസ് ഓഫീസിൽ പ്രത്യേകം കളക്ഷൻ സെന്റർ ആരംഭിച്ചിട്ടുണ്ട്. നാളെ വൈകിട്ട് 7 വരെ ഇവിടെ സാധനങ്ങൾ സ്വീകരിക്കും. കഴിഞ്ഞ പ്രളയത്തിൽ നെയ്യാറ്റിൻകര രൂപതയുടെ വിവിധ ശുശ്രുഷകളുടെയും ഭക്ത സംഘടനകളുടെയും നേതൃത്വത്തിൽ 8 ലോറികളിലാണ് സാധനങ്ങൾ ദുരിത മേഖലകളിൽ എത്തിച്ചത്.