ksrtc

മുടപുരം : അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം എം.എഫ്.എ.സി ജംഗ്‌ഷൻ വഴി ബസ് സർവീസ് ഇല്ലാത്തതിനാൽ നാട്ടുകാർ വലയുന്നു. നേരത്തെ നിരവധി കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന റൂട്ടാണ് ഇപ്പോൾ ഒരു സർവീസും പോലും ഇല്ലാത്ത അവസ്ഥയിലായത്. ചിറയിൻകീഴ് നിന്നും ശാർക്കര, മഞ്ചാടിമൂട് റെയിൽവേ ഗേറ്റുകൾ കടന്നു വരുമ്പോൾ ഉണ്ടാകുന്ന സമയ നഷ്ടവും റോഡിന്റെ ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടിയാണ് ബസ് സർവീസുകൾ നിറുത്തലാക്കിയത്. ചിറയിൻകീഴ് നിന്നും അഴൂർ, എം.എഫ്.എ.സി ജംഗ്‌ഷൻ, മുട്ടപ്പലം, ശാസ്തവട്ടം വഴി ദേശീയപാതയിൽ പ്രവേശിക്കുന്നതാണ്‌ ഈ റൂട്ട്. എന്നാൽ ഇപ്പോൾ രണ്ട് റെയിൽവേ ഗേറ്റുകളും ഒഴിവാക്കിക്കൊണ്ട് ചിറയിൻകീഴ് പുതിയ ബൈപാസ് നിർമ്മിക്കുകയും കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഈ റോഡ് റീടാർ ചെയ്യുകയും ചെയ്തപ്പോൾ തടസങ്ങൾ എല്ലാം മാറിയിട്ടുണ്ട്. എന്നിട്ടും ബസ് സർവീസ് പുനരാരംഭിക്കാത്തതന്തെന്നാണ് നാട്ടുകാരുടെ ചോദ്യം.

വർഷങ്ങൾക്ക് മുൻപ് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുമാണ് ഇതുവഴി സർവീസ് നടത്തിയിരുന്നത്.എന്നാൽ കണിയാപുരം ഡിപ്പോ ആരംഭിച്ചപ്പോൾ അതിന് കീഴിലാക്കി. അതിനുശേഷമാണ് സർവീസ് കൃത്യമായി നടത്താതിരിക്കുകയും പിന്നെ നിറുത്തലാക്കുകയും ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. ഇതുവഴി ബസ് സർവീസ് ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നാട്ടുകാർ ദിവസേന കഷ്ടപ്പെടുകയാണ്. നാട്ടുകാരുടെ ഈ ദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്കും മറ്റ് ജനപ്രതിനിധികൾക്കും കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥർക്കും പലതവണ നിവേദനം നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല. ഇത് ഈ പ്രദേശത്തെ നാട്ടുകാരോട് കാണിക്കുന്ന അവഗണനയും അവഹേളനവും ആണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. അടിയന്തരമായി ബസ് സർവീസ് ആരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.