കോൺഗ്രസ് നേതാക്കൾ ഇന്നത്തെ നിലയിൽ രാജ്യസേവനവും പാർട്ടി സേവനവും തുടർന്നാൽ, വളരെ താമസിയാതെ തന്നെ ഈ മഹാപ്രസ്ഥാനത്തിന്റെ നാരായ വേരുകൾ അഴുകി നശിക്കുമെന്നുള്ളതിൽ സംശയമില്ല. കാരണം, സ്ഥലജല വിഭ്രാന്തി ബാധിച്ചവരെപ്പോലെ ചില നേതാക്കൾ നടത്തുന്ന ജല്പനങ്ങളിൽ രാജ്യസ്നേഹം ലവലേശമില്ലെന്നുള്ള വസ്തുത ദിവസം ചെല്ലുന്തോറും ഭാരതീയർ ഞെട്ടലോടെ മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. അല്ലെങ്കിൽ കോൺഗ്രസിന്റെ എക്കാലത്തെയും ശക്തനായ നേതാവ് (!) രാഹുൽ ഗാന്ധി രാജ്യത്തിനെതിരെ (കേന്ദ്ര സർക്കാർ) ഉച്ചരിക്കുന്ന ആരോപണങ്ങൾ അതേപടി ആവേശത്തോടെ ഏറ്റു പിടിച്ചു. ശത്രുരാജ്യമായ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, പഞ്ചാമൃതം പോലെ ചവച്ചരച്ചാസ്വദിച്ചശേഷം അതിന്റെ ചണ്ടികൊണ്ടുതന്നെ ഇന്ത്യയ്ക്കു നേരെ കാർക്കിച്ചു തുപ്പാൻ അവസരമൊരുങ്ങുമായിരുന്നില്ലല്ലോ?
പുൽവാമയിൽ പാക് ഭീകരർ ഇന്ത്യൻ സൈനികരെ ചുട്ടെരിച്ചതിനെത്തുടർന്ന് ബാലാകോട്ടിൽ കയറി അവരുടെ താവളങ്ങൾ ഭസ്മീകരിച്ച സംഭവം, ലോകത്തു മറ്റൊരു രാജ്യവും ചോദ്യം ചെയ്തിട്ടില്ലെന്നിരിക്കെ, സ്വാതന്ത്ര്യസമരത്തിനു നേതൃത്വം വഹിച്ച കോൺഗ്രസിന്റെ ഇന്നത്തെ നേതാക്കൾ തന്നെ ക്രൂരമായ നിലയിൽ സർക്കാരിനെ അവഹേളിച്ച് ഭാരതീയരെ ഞെട്ടിച്ചു കളഞ്ഞു! കൊമ്പൻ പോയതാണ് മോഴയ്ക്കു വഴിയെന്നാണ് പ്രമാണം. രാഹുൽ നയിച്ച വഴിയേ തന്നെ തീർത്തും ജനപ്രിയരല്ലാത്ത പി. ചിദംബരം, ദ്വിഗ്വിജയ് സിംഗ്, മണി ശങ്കർ അയ്യർ, ഗുലാം നബി ആസാദ്, ലോക്സഭയിലെ പുതിയ അവതാരം അധീർ രഞ്ജൻ ചൗധരി തുടങ്ങി കണ്ടാലറിയാവുന്നവരും അല്ലാത്തവരുമായ നേതാക്കന്മാരെല്ലാം ശത്രുരാജ്യത്തിലെ നേതാക്കളെപ്പോലെയാണ് അപശബ്ദങ്ങൾ പുറപ്പെടുവിക്കുന്നത്.
സ്വർഗ ഭൂമിയായിരുന്ന കാശ്മീരിനെ 72 വർഷം കൊണ്ടു ദുരന്ത ഭൂമിയാക്കാൻ പ്രധാനമായും പ്രേരിപ്പിച്ച 370, 35 എ അനുച്ഛേദങ്ങൾ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാർലമെന്റ് ഇല്ലാതാക്കിയതാണ് ഇക്കൂട്ടരുടെ കണ്ണിൽ കേന്ദ്ര സർക്കാർ ചെയ്തുപോയ കൊടും പാതകം. ഒരു രാജ്യത്തിനു ഒരേ നിയമവും ഒരേ പതാകയുമെന്നുള്ള സാമാന്യ നീതി മാത്രമേ കാശ്മീരിൽ കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുള്ളൂ. ഇന്ത്യയിലെ തന്നെ മറ്റു പൗരന്മാർക്ക് സ്വതന്ത്രമായി പ്രവേശിക്കാനോ വസ്തുവകകൾ സ്വന്തമാക്കാനോ കഴിയാത്ത ഭൂപ്രദേശമായി കാശ്മീർ മാറിയിരുന്നു. കാശ്മീരിലേക്ക് കോടാനുകോടി രൂപ കുലുക്കിയിടുന്ന മരമായിട്ടാണ് കേന്ദ്ര സർക്കാരുകൾ ഇക്കാലമത്രയും വർത്തിച്ചിരുന്നത്.
ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് മുഴുവനായി ഇതിനോടകം അനുവദിച്ചിട്ടുള്ള തുകയുടെ ഏതാണ്ട് പത്തു ശതമാനവും കാശ്മീരിലേക്കാണ് കേന്ദ്ര സർക്കാരുകൾ ഒഴുക്കി വിട്ടിരുന്നത്. ദോഷം പറയരുതല്ലോ, ഈ പണം എങ്ങനെ ചെലവഴിച്ചെന്നു ചോദിക്കാനുള്ള അവകാശം പോലും കേന്ദ്രത്തിനുണ്ടായിരുന്നില്ല. തീർത്തും രണ്ടു രാജ്യങ്ങളുടെ പ്രതീതിയായിരുന്നെങ്കിലും ''ചെല്ല് ഇല്ലാത്ത ചെലവ്'' മാത്രം കൊടുക്കാനുള്ള ബാദ്ധ്യത! ഇതിന്റെ യഥാർത്ഥ പ്രയോജനമാകട്ടെ, അബ്ദുള്ള, മുക്തി, ഗുലാം അടക്കമുള്ള ഏതാനും മാഫിയ കുടുംബങ്ങൾക്കും. പുതിയ നിയമ ഭേദഗതി വഴി എല്ലാ അർത്ഥത്തിലും കാശ്മീർ ഇന്ത്യയുടെ ഭാഗമായി. പൗരന്മാർ പരസ്പര പൂരകങ്ങളായി. കാശ്മീരികളും ഇതിനോടേതാണ്ടിണങ്ങിക്കഴിഞ്ഞു.
അസാധ്യമെന്നു കരുതിയിരുന്ന ചരിത്രപരമായ നേട്ടത്തെ രാജ്യത്തോടു കൂറുള്ള ബഹുഭൂരിപക്ഷം ജനങ്ങളും അമിതാഹ്ളാദത്തോടെ പിന്താങ്ങുന്നുണ്ട്. എ.ഐ.സി.സി പ്രസിഡന്റാകുമെന്ന് കരുതിയിരുന്ന ജ്യോതിരാദിത്യ സിന്ധ്യയും രാജ്യസഭയിലെ ചീഫ് വിപ്പും മാത്രമല്ല, കാശ്മീർ രാജ്യം അന്നു ഇന്ത്യയ്ക്കു വിട്ടുകൊടുത്ത രാജാവ് ഹരിസിംഗിന്റെ മകൻ കരൺ സിംഗടക്കമുള്ള നൂറുകണക്കിന് കോൺഗ്രസ് നേതാക്കൾ പരസ്യമായും ബഹുഭൂരിപക്ഷം പ്രവർത്തകർ മനസാലും ഈ മഹാ നേട്ടത്തെ അംഗീകരിക്കുന്നു. കാശ്മീർ നിയമ ഭേദഗതി, കോൺഗ്രസ് ആഗ്രഹിച്ചിരുന്നതാണെന്ന് സർക്കാരിന്റെ കടുത്ത വിമർശകനായ ഖുർഷിദ് ആലംഖാൻ പോലും വെളിപ്പെടുത്തുന്നു.
എന്നിട്ടുമെന്തേ, സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇതൊന്നും മനസിലാകാതെ പോകുന്നത്? ഇന്ത്യൻ പ്രധാനമന്ത്രിയും ഇന്ത്യൻ സൈന്യവും ഇന്ത്യൻ മാധ്യമങ്ങളും പറയുന്നതു വിശ്വാസത്തിലെടുക്കുന്നില്ല. മറിച്ച് പാക് പ്രധാനമന്ത്രിയും ഇന്ത്യയ്ക്കെതിരെ കഥകൾ മെനയുന്ന വിദേശ പത്രങ്ങളുമാണവർക്കു വേദവാക്യം. പാർട്ടിയുടെ മുച്ചൂടും രാജ്യത്തുടനീളം ഇളകിക്കൊണ്ടിരുന്നിട്ടും പഠിക്കുന്നില്ല.
സ്വാഭാവികമായും പാകിസ്ഥാൻ ഭരണകൂടം ഞെട്ടിവിറച്ചു പ്രതിഷേധത്തിലാകുക സ്വാഭാവികം. അവർ കൈകാലിട്ടടിച്ചിട്ടും ലോകത്തിലെ ഒരു രാജ്യം പോലും ഇന്ത്യൻ നടപടികളെ ചോദ്യം ചെയ്തിട്ടില്ല. എന്തിന്, ഇത്ര ദിവസമായിട്ടും പട്ടാളമോ ഭീകരരോ ഒരു വെടിയുണ്ട പോലും പൊട്ടിച്ചിട്ടില്ല. പെരുന്നാൾ ദിനത്തിലാണീ കുറിപ്പെഴുതുന്നത്.
കാശ്മീരിൽ വിശ്വാസികൾ പള്ളികളിലെത്തി ഈദ് പ്രാർത്ഥനകളിൽ മുഴുകി. ഒരനിഷ്ട സംഭവവും എങ്ങും ഉണ്ടായതായി ഏരിയൻ സർവേ നടത്തിയ ദേശീയ മാദ്ധ്യമങ്ങൾ പോലും റിപ്പോർട്ടു ചെയ്തിട്ടില്ല. ഒരിടത്ത് ഇരുപതോളം പേർ കല്ലേറു നടത്തിയതല്ലാതെ മറ്റൊന്നും സംഭവിച്ചിട്ടില്ല.
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായതുകൊണ്ടുമാത്രമാണ് കാശ്മീരിൽ പുതിയ നിയമം കൊണ്ടുവന്നതെന്നുള്ള പി. ചിദംബരത്തിന്റെ വിഘടന വാദ വർഗീയ പ്രസ്താവന, ഇന്ത്യയെ സ്നേഹിക്കുന്ന ഇസ്ളാംമത വിശ്വാസികൾക്കു പോലും രുചിക്കില്ല. നിയമം മാറ്റിയെഴുതിയ ദിവസം മുതൽ കാശ്മീരികളോട് സ്നേഹപൂർവം സംവദിക്കുകയും അവർക്കു ആത്മവിശ്വാസം പകരുകയും ചെയ്യുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ചെയ്തികളെ പണം നൽകി നടത്തുന്ന അഭിനയമെന്നാണ് ഗുലാം നബി ആസാദിന്റെ ആരോപണം. കാശ്മീരിനെ പാലസ്തീനാക്കുമെന്നാണ് പാക് ചാരനെന്നു പൊതുവെ വ്യവഹരിക്കപ്പെടുന്ന മണി ശങ്കർ അയ്യരുടെ പ്രവചനം. ഇക്കൂട്ടരുടെ ആരോപണങ്ങളാണ് ഇപ്പോൾ പാക് നേതാക്കളും ശത്രു മാദ്ധ്യമങ്ങളും ഏറ്റു ചൊല്ലുന്നതെന്നുള്ള കാര്യത്തിൽ ഒട്ടും ജനകീയ അടിത്തറയില്ലാത്ത ഈ നേതാക്കൾക്കഭിമാനിക്കാം. പാക് നേതാക്കളുടെ വാക്കുകൾ കോൺഗ്രസ് നേതാക്കളും ഏറ്റു ചൊല്ലുന്നു. രക്തബന്ധം പോലെ.
ഗുജറാത്ത് നിയമ സഭാ തിരഞ്ഞെടുപ്പുവേളയിൽ മണിശങ്കർ അയ്യർ ഒരുക്കിയ വിരുന്നിൽ പാകിസ്ഥാനിലെ മുൻ വൈസ് പ്രസിഡന്റും പാക് അംബാസഡറും മാത്രമല്ല രാഹുൽ ഗാന്ധിയും പങ്കെടുത്തു ''ഇന്ത്യയുടെ വികസന കാര്യങ്ങൾ സമഗ്രമായി ചർച്ച ചെയ്തിരുന്ന കാര്യം നാം നന്ദിയോടെ ഓർക്കേണ്ടതാണ്! ഇതേ കാലയളവിൽ രാഹുൽ ഗാന്ധി ചൈനീസ് അംബാസഡറുമായും ''വികസന കാര്യങ്ങൾ"" ചർച്ച ചെയ്തിരുന്നു. ഇതിന്റെയൊക്കെ ഫലമാണല്ലോ, കോൺഗ്രസിന്റെ ഈറ്റില്ലമായിരുന്ന അമേതിയിൽ നിന്നും ഭാവിരക്ഷാർത്ഥം വയനാട്ടിലെത്തി മുഖം രക്ഷിക്കേണ്ടി വന്നിട്ടുള്ളതും. കോൺഗ്രസിനെ രക്ഷിക്കാമെന്നു കരുതുന്ന ഈ നേതാക്കളുടെ തലമണ്ടയുടെ ഘടന തന്നെ പരിശോധനാ വിഷയമാക്കേണ്ടതുമാണ്.
അല്ലെങ്കിൽ തന്നെ രാജ്യത്തോടൊപ്പം നിൽക്കേണ്ട കോൺഗ്രസിന്റെ വികലവും വിനാശകരവുമായ രാഷ്ട്രീയ കയ്യാങ്കളികൾ വഴി പാർട്ടിയുടെ വേരഴുകി നശിച്ചുകൊണ്ടിരിക്കുന്ന കാര്യം ഇക്കൂട്ടർക്കറിയുന്നില്ലെങ്കിലും പൊതുജനം നന്നായി മനസിലാക്കുന്നുണ്ടെന്നോർക്കുക.
(ഫോൺ:9447230707)