1

നേമം: അവശനിലയിൽ റോഡരികിൽ കണ്ടെത്തിയ വൃദ്ധയെ നേമം പൊലീസിന്റെ നേതൃത്വത്തിൽ അഗതി മന്ദിരത്തിലെത്തിച്ചു. കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് വെള്ളായണി ജംഗ്ഷനിലെ റോഡരികിലാണ് ഏകദേശം 80 വയസുള്ള വൃദ്ധയെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവർ പ്രദേശത്ത് ചുറ്റി തിരിയുന്നുണ്ടെന്നാണ് വിവരം. അവശനിലയിലായിരുന്ന ഇവർ സംസാരിക്കുന്ന ഭാഷ പൊലീസിന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇവർക്ക് ആഹാരം നൽകിയ ശേഷം മുഷിഞ്ഞ വേഷവും മാറ്റി പൊലീസ് ജീപ്പിൽ ശാന്തിവിള ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോവളം മുട്ടയ്ക്കാട് പ്രവർത്തിക്കുന്ന അഗതി മന്ദിരമായ കൃപാ തീരത്ത് എത്തിക്കുകയായിരുന്നു. നേമം എസ്.ഐ സനോജ്, സി.പി.ഒ ബിമൽ മിത്ര, വനിത എസ്.ഐ തങ്കം, സി.പി.ഒ രേവതി എന്നിവരുടെ ഇടപെടലിലുടെയാണ് വൃദ്ധയ്ക്ക് പുനർജന്മം ലഭിച്ചത്.