തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന പ്രളയ പ്രതിസന്ധിയെ കൈകോർത്ത് നാം അതിജീവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട്ടിലെയും മലപ്പുറത്തെയും ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ഫേസ്ബുക്ക് പോസ്റ്രിലാണ് അദ്ദേഹം ജനങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകൾ കുറിച്ചത്.
പോസ്റ്റിന്റെ പൂർണ്ണരൂപം: 'സംസ്ഥാനത്ത് ഈ വർഷത്തെ കാലവർഷക്കെടുതിയിൽ വലിയ ദുരന്തങ്ങളുണ്ടായത് വയനാട് ജില്ലയിലെ മേപ്പാടി പുത്തുമലയിലും മലപ്പുറം ജില്ലയിലെ കവളപ്പാറ ഭൂദാനത്തുമാണ്. ഉരുൾപൊട്ടലിൽ കൂട്ടമരണം സംഭവിച്ച രണ്ടു സ്ഥലങ്ങളിലും ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ ക്യാമ്പുകളിൽ കഴിയുന്നവരെ നേരിൽ കണ്ടു.ദുരിതബാധിതർക്കും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്കും ആകാവുന്ന എല്ലാ ആശ്വാസവും നൽകാൻ ശ്രമിക്കുകയാണ്. ഇന്നലെ വൈകിട്ടുവരെ സംസ്ഥാനത്താകെ എൺപത്തിയാറു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1243 ദുരിതാശ്വാസ ക്യാമ്പുകളിൽ 2,24,506 പേർ ഇപ്പോൾ കഴിയുന്നുണ്ട്.
മഹാപ്രളയത്തിന് ഒരു വർഷം തികയുമ്പോഴുണ്ടായ ഈ കെടുതി നമ്മെ ഗുരുതരമായി ബാധിക്കുന്നതാണ്. ഇതിൽ നിന്ന് കരകയറാൻ ഒത്തൊരുമിച്ചുള്ള ഇടപെടലാണ് ആവശ്യം. കേരളത്തിന് ഈ ഘട്ടത്തിൽ ലഭിക്കുന്ന എന്ത് സഹായവും അധികമാകില്ല. കഴിഞ്ഞ വർഷം പ്രളയം സൃഷ്ടിച്ച തകർച്ചയിൽ നിന്ന് കേരളത്തെ പുനർനിർമ്മിക്കാൻ 31,000 കോടി രൂപയെങ്കിലും വേണം എന്നാണ് യു.എൻ ഏജൻസികൾ കണക്കാക്കിയത്.
ഈ ഘട്ടത്തിൽ സഹായ ഹസ്തം നീട്ടുന്നവർ ഒട്ടേറെയാണ്. സവിശേഷമായ ചില അനുഭവങ്ങൾ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിന് ഒന്നും കൊടുക്കേണ്ടതില്ലെന്ന ദുഷ്പ്രചാരണം നടത്തുന്നവരെ നിരാശപ്പെടുത്തുന്ന അനുഭവമാണത്. ഇക്കാര്യത്തിൽ നമ്മുടെ നാട്ടിലെ മാദ്ധ്യമങ്ങൾ നടത്തുന്ന ഇടപെടൽ പ്രശംസനീയമാണ്. മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചു നടത്തിയ വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടാൻ മാദ്ധ്യമങ്ങൾ ഏറെക്കുറെ ഒറ്റക്കെട്ടായി തന്നെ രംഗത്തു വന്നു. നേരിയ അപവാദമേ അതിനുള്ളൂ.
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള സഹായ ശേഖരണം മുടക്കാനുള്ള ശ്രമങ്ങളെയും മാദ്ധ്യമങ്ങൾ ശക്തമായി എതിർത്തു. വാർത്തകളിലൂടെ മാത്രമല്ല, മാദ്ധ്യമ പ്രവർത്തകർ വ്യക്തിപരമായി വോളണ്ടിയർമാരായി രംഗത്തിറങ്ങി നടത്തിയ ഇടപെടൽ നാടിനെ സ്‌നേഹിക്കുന്ന എല്ലാവരെയും ആവേശഭരിതരാക്കുന്നതാണ്. തിരുവനന്തപുരം നഗരസഭയിലെ കളക്ഷൻ സെന്ററിൽ നിരവധി മാദ്ധ്യമ പ്രവർത്തകരെ കാണാനിടയായി. തലസ്ഥാനത്തെ പ്രസ് ക്ലബ് നടത്തിയ ഇടപെടലും ശ്രദ്ധേയമാണ്.
ഒരു തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്കും തകർക്കാനാവാത്തതാണ് അതിജീവനത്തിനുള്ള നിശ്ചയദാർഢ്യമെന്ന് ആത്മവിശ്വാസത്തോടെ പറയാനാകുന്ന അവസ്ഥയാണിത്. ദുരിതമഴയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. അതീവ ജാഗ്രതയോടെ നാം നിൽക്കുകയാണ് '.