തിരുവനന്തപുരം: ഇന്ന് മുതൽ മഴ കനക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന്
9 ജില്ലകളിലെ പ്രൊഫഷണൽ കോളേജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകൾക്കാണ് അവധി.
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
കേരള സർവകലാശാലയുടെയും പി.എസ്.സിയുടെയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ശക്തിയും വേഗതയും കൂടുന്നതനുസരിച്ച് മഴയ്ക്കും ശക്തിയേറും. എന്നാൽ വെള്ളിയാഴ്ചയോടെ കാലവർഷം ദുർബലമാവുമെന്നാണ് പ്രതീക്ഷ.
മത്സ്യത്തൊഴിലാളികൾ മൂന്ന് ദിവസത്തേക്ക് കടലിൽ പോകരുതെന്ന മുന്നറിയിപ്പുണ്ട്. മുൻകരുതൽ നടപടി എന്ന നിലയ്ക്ക് നെയ്യാർഡാമിന്റെ നാല് ഷട്ടറുകൾ ഇന്നലെ തുറന്നു.