neyyar-dam

തിരുവനന്തപുരം: ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന മഴയെ തുടർന്ന് നെയ്യാർ,​ അരുവിക്കര ഡാമുകൾ തുറന്നു. ഇന്നലെ രാവിലെ 10 മണിയോടെയാണ് നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും ഓരോ ഇഞ്ച് വീതമാണ് തുറന്നത്. മഴ കനത്താൽ പെട്ടെന്ന് അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനാണ് ഷട്ടറുകൾ ഉയർത്തിയതെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു. 84.75 മീറ്റർ പരമാവധി സംഭരണശേഷിയുള്ള ഡാമിൽ ഇപ്പോൾ ജലനിരപ്പ് 82.02 മീറ്ററാണ്. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ അര ഇഞ്ച് വീതമാണ് തുറന്നത്. ജലനിരപ്പ് നിയന്ത്രിച്ചു നിറുത്തുന്നതിന് വേണ്ടിയാണ് പരമാവധി സംഭരണശേഷിയിൽ എത്തും മുമ്പ് തുറന്നത്. ഡാമുകളിൽ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യമില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഇന്നലെ ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴയുണ്ടായി. വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഇന്ന് രാവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാകും തുടർനടപടി സ്വീകരിക്കുക. അരുവിക്കര ഡാം സ്ഥിതി ചെയ്യുന്ന മേഖലയിലും മഴ തുടരുകയാണ്. നഗരത്തിലും ഇന്നലെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. രാവിലെ മുതൽ തുടങ്ങിയ മഴയ്ക്ക് വൈകിട്ടായതോടെ നേരിയ ശമനമുണ്ടായി. ജില്ലയിൽ ആറ് ക്യാമ്പുകളിൽ 141 കുടുംബങ്ങളിലെ 553 പേർ കഴിയുന്നുണ്ട്. എട്ട് മുതൽ ഇന്നലെ വരെയുണ്ടായ മഴയിൽ 148 വീടുകൾ ഭാഗികമായും എട്ട് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും കാട്ടാക്കട താലൂക്കിലെ വിളവൂർക്കൽ വില്ലേജ് പരിധിയിൽ മൂന്നു വീടുകൾ തകർന്നു. നെയ്യാറ്റിൻകര താലൂക്കിൽ ഒരു വീട് പൂർണമായും തകർന്നിട്ടുണ്ട്. വിളവൂർക്കലിലെ ആറു കുടുംബങ്ങളെ കുരിശുമുട്ടം വായനശാലയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. എട്ടു സ്ത്രീകളും നാലു കുട്ടികളുമടക്കം 19 പേരാണ് ഇവിടെ കഴിയുന്നത്. ഇടവിട്ട് മഴ തുടരുന്നതിനാലും നദികളിലെ നീരൊഴുക്ക് വർദ്ധിച്ചിട്ടുള്ളതിനാലും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. നദിയിൽ കുളിക്കുന്നതും തുണിയലക്കുന്നതും ഒഴിവാക്കണം. സഹായത്തിനായി ജില്ലാ കൺട്രോൾ റൂമിലെ 1077 എന്ന നമ്പറിൽ ബന്ധപ്പെടാം. ജില്ലയിൽ 17 വരെ സാമാന്യം നല്ല തോതിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.