corp

തിരുവന്തപുരം: ദുരിതമുഖങ്ങളിലെ തങ്ങളുടെ സഹോദരങ്ങൾക്ക് കൈത്താങ്ങാകാൻ തയ്യാറായി തന്നെയാണ് തലസ്ഥാനം. ദിവസങ്ങൾ പിന്നിട്ടിട്ടും കളക്‌ഷൻ സെന്ററുകളിൽ സഹായങ്ങൾ ഒഴുകുകയാണ്. ഇന്നലെയോടെ നഗരസഭാ ആസ്ഥാനത്ത് പ്രവ‌ർത്തിക്കുന്ന കളക്‌ഷൻ സെന്ററിൽ നിന്നും 25 ലോഡ് സാധനങ്ങൾ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയച്ചു.

വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും ദുരിതാശ്വാസത്തിനുള്ള സാധനങ്ങളുമായി സെന്ററുകളിൽ നേരിട്ട് എത്തുന്നതിന് പുറമേ വോളന്റിയർമാർ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും നിന്നും സാധനങ്ങൾ ശേഖരിക്കുന്നുണ്ട്.

പ്രസ്‌ ക്ലബ് ശേഖരിച്ച മൂന്നാമത്തെ ലോഡും ലക്ഷ്യസ്ഥാനത്തെത്തി. കഴിഞ്ഞ ദിവസം വയനാട്ടിലെ കൽപ്പറ്റയിലേക്കാണ് അവശ്യസാധനസാമഗ്രികളുടെ ലോഡ് എത്തിച്ചത്. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ഭാരത് ഭവന്റെയും നേതൃത്വത്തിൽ ശേഖരിച്ച രണ്ട് ലോഡ് സാധനങ്ങൾ ഇന്നലെ രാത്രി എട്ടോടെ യാത്രതിരിച്ചു. നടൻ ഇന്ദ്രൻസ് ഫ്ലാഗ് ഓഫ് ചെയ്തു.

പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കളക്‌ഷൻ സെന്റർ 15 വരെ പ്രവർത്തിക്കും. കോട്ടൺഹിൽ ഗേൾസ് എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്ന സെന്ററിൽ ഇന്നലെ സഹായവുമായി എത്തിയത് നിരവധി വിദ്യാർത്ഥികളാണ്.

ജില്ലാ ഭരണകൂടം അയച്ചത് 26 ടൺ

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എസ്.എം.വി സ്‌കൂളിൽ ഇന്നലെ ശേഖരിച്ച 6.5 ടൺ വരുന്ന അവശ്യവസ്തുക്കൾ വയനാട്ടിലേക്ക് കയറ്റി അയച്ചു. ഇതോടെ അനന്തപുരിയുടെ സ്‌നേഹം 26 ടൺ കടന്നു. ഭക്ഷണവസ്തുക്കൾ, കുടിവെള്ളം, ശുചീകരണ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവയടങ്ങുന്ന വാഹനം വി.എസ്. ശിവകുമാർ എം.എൽ.എയും ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണനും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. സാധനങ്ങൾ ഇനിയും വേണ്ടതിനാൽ കളക്‌ഷൻ സെന്റർ തുടർന്നും പ്രവർത്തിക്കും.

ത്രിതല പഞ്ചായത്തുകളും കുടുംബശ്രീയും

ദുരിതബാധിതർക്കായി ജില്ലാ പഞ്ചായത്ത് സമാഹരിച്ച നാല് ലോഡ് അവശ്യവസ്തുക്കൾ മലപ്പുറം, വയനാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തിരിച്ചു. ഇതിന് പുറമെ ജില്ലാ പഞ്ചായത്ത് സമാഹരിച്ച 15 ലക്ഷം രൂപയുടെ അവശ്യ മരുന്നുകളുടെ ഒരു ലോഡ് കൂടി ക്യാമ്പുകളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഗ്രാമ, ബ്ലോക്ക് കേന്ദ്രങ്ങളിലും ഇന്നലെ രാവിലെ മുതൽ കളക്‌ഷൻ സെന്ററുകൾ തുറന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, ജില്ലാ ലൈബ്രറി കൗൺസിൽ, കുടുംബശ്രീ തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു വിഭവസമാഹരണം. യുവജനങ്ങൾ, ഗ്രന്ഥശാലാ സംഘം, കുടുംബശ്രീ പ്രതിനിധികളടങ്ങിയ വോളന്റിയർ സംഘമാണ് സാധനങ്ങൾ തരംതിരിക്കുന്നതും വാഹനങ്ങളിൽ കയറ്റുന്നതും. ജില്ലാ ആശുപത്രികൾ, പാലിയേറ്റീവ് യൂണിറ്റുകൾ, ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മെഡിക്കൽ ഷോപ്പുകൾ എന്നിവിടങ്ങളിൽ നിന്നായി സംഭരിച്ച 10 ലക്ഷം രൂപയുടെ മരുന്നുകളും കെ.എം.എസ്.ആർ.എ സംഭാവന ചെയ്ത 5 ലക്ഷം രൂപയുടെ മരുന്നുകളുമടങ്ങിയ പ്രത്യേക ലോഡ് ഇന്നലെ രാത്രിയോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തിരിച്ചു. പട്ടത്തെ ജില്ലാ പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കളക്‌ഷൻ പോയിന്റിലോ ഗ്രാമ, ബ്ലോക്ക് കേന്ദ്രങ്ങളിലോ വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കും വിഭവങ്ങൾ സംഭാവന ചെയ്യാം.

ഇനി ആവശ്യം ക്ലീനിംഗ് വസ്തുക്കൾ

ക്ലീനിംഗ് വസ്തുക്കളുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നാണ് കളക്‌ഷൻ സെന്ററുകളിൽ നിന്നുള്ള വിവരം. വിവിധ ജില്ലകളിൽ നിന്നായി ഇവ ആവശ്യപ്പെട്ട് കോളുകൾ വരുന്നുണ്ട്. മോപ്പ്, ഗംബൂട്ട്, വൈപ്പർ, ഫിനോയിൽ, ബ്ലീച്ചിങ്ങ് പൗഡർ, മാസ്‌ക്, കൈയുറ, ചൂൽ, മെ​റ്റൽ ഷീൽഡ് (കോരി), കുമ്മായം, മൺവെട്ടി, കുട്ട, മെ​റ്റൽ ചൂല്, ക്ലീനിംഗ് ലോഷനുകൾ തുടങ്ങിയവ നൽകാവുന്നതാണ്. സിംഗിൾ ബെഡ്ഷീറ്റ്, ടാർപോളിൻ ഷീറ്റുകൾ, ടോർച്ച്, ബാറ്രറി, കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം എന്നിവയും താത്പര്യമുള്ളവർക്ക് സെന്ററുകളിൽ എത്തിക്കാം.

വാഹനങ്ങൾ നൽകാൻ തയ്യാറാണോ....ആ നന്മയും ആവശ്യമുണ്ട്

നഗരസഭാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കളക്‌ഷ‌ൻ പോയിന്റിൽ ഇന്നലെ വൈകിട്ട് ഏകദേശം അഞ്ച് ലോഡ് സാധനങ്ങൾ കൂടിയുണ്ട്. വാഹനങ്ങൾ ലഭ്യമല്ലാത്തതിനാൽ അവ അയയ്ക്കാൻ കഴിയുന്നില്ല. സാധനങ്ങളുമായി പോയ വാഹനങ്ങൾ തിരിച്ചെത്താത്തതാണ് വെല്ലുവിളിയാകുന്നത്. വാഹനങ്ങൾ നൽകാൻ തയ്യാറുള്ളവർക്ക് ക്യാമ്പുമായി ബന്ധപ്പെടാം.

ഹെൽപ്പ്ലൈൻ നമ്പരുകൾ:

9496434503, 95393 21711, 9961465454, 9497479423, 9895277257, 9446382728, 9074545556.