തിരുവനന്തപുരം: പ്രളയ ദുരിതബാധിതർക്ക് സഹായം തേടി സെക്രട്ടേറിയറ്റിൽ നടത്തിയ നോട്ടീസ് വിതരണത്തെ ചോദ്യം ചെയ്തെന്നാരോപിച്ച് പൊതുഭരണ സെക്രട്ടറിയെ സി.പി.എം അനുകൂല സംഘടനക്കാർ കൈയേറ്റത്തി നൊരുങ്ങുകയും അസഭ്യം വിളിക്കുകയും ചെയ്തതായി പരാതി.
പൊതുഭരണവകുപ്പിന്റെ അനുമതി തേടാതെ നോട്ടീസ് വിതരണം ചെയ്യുന്നത് സെക്രട്ടറി വിലക്കിയെന്നാണ് അറിയുന്നത്. ഉച്ചയോടെ സംഘടനാനേതാക്കൾ സെക്രട്ടറിയുടെ ചേംബറിലെത്തിറി തട്ടിക്കയറി. ഇതിന്റെ പേരിൽ സംഘടനയുടെ ജനറൽ സെക്രട്ടറി അടക്കമുള്ളവർക്കെതിരെ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയെന്നറിയുന്നു.നേരത്തേ തന്നെ സി.പി.എം സംഘടനാനേതൃത്വവും ബിശ്വനാഥ് സിൻഹയും തമ്മിൽ ശീതസമരമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതോദ്യോഗസ്ഥനുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രിൻസിപ്പൽ സെക്രട്ടറിയെ പരസ്യമായി വെല്ലുവിളിച്ച് സംഘടനാനേതൃത്വം നോട്ടീസിറക്കിയത് വിവാദമായിരുന്നു. അടുത്തിടെ, സംഘടനയിലെ അംഗമായ പൊതുഭരണവകുപ്പിലെ കമ്പ്യൂട്ടർ അസിസ്റ്റന്റിനെ സംഘടനയിലെ മറ്രൊരു നേതാവ് കരണത്തടിച്ചതും വിവാദമായി. ഇതിനെതിരെ പൊതുഭരണസെക്രട്ടറിക്ക് കമ്പ്യൂട്ടർ അസിസ്റ്റന്റായ ജീവനക്കാരൻ പരാതി നൽകി. ഈ പരാതിയിൽ ഗൗരവപൂർവ്വം ഇടപെടാൻ സെക്രട്ടറി ഒരുങ്ങുകയാണെന്ന സൂചനകൾക്കിടെയാണ് ഇന്നലത്തെ സംഭവം.
ദേവസ്വത്തിന്റെ കൂടി ചുമതലയുള്ള പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഇന്നലെ രാവിലെ വിളിച്ച ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഓഫീസിലേക്ക് കയറുന്നതിനിടെയാണ് നോട്ടീസ് വിതരണം സെക്രട്ടറി ചോദ്യം ചെയ്തത്. ദുരിതാശ്വാസ ഫണ്ട് സമാഹരണത്തെ തടസ്സപ്പെടുത്തുന്നത് മനുഷ്യത്വഹീനമാണെന്നാണ് സംഘടനക്കാരുടെ ആക്ഷേപം.എന്നാൽ, സെക്രട്ടറി ചോദ്യം ചെയ്താലും മാന്യമായി സംസാരിച്ച് തീർക്കാവുന്ന പ്രശ്നമല്ലേയെന്ന് സംഘടനയിലെ ഒരു വിഭാഗം ചോദിക്കുന്നു.
സംഘടനക്കാരും താനും പറയാനുള്ളത് പരസ്പരം പറഞ്ഞു തീർത്തിട്ടുണ്ടെന്ന് ബിശ്വനാഥ് സിൻഹ കേരളകൗമുദിയോട് പറഞ്ഞു. സെക്രട്ടേറിയറ്റിൽ ചട്ടങ്ങൾ പാലിച്ചേ സെക്രട്ടറിക്ക് പ്രവർത്തിക്കാനാവൂ എന്നും സിൻഹ പറഞ്ഞു.