mayor

തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സമാനതകളില്ലാത്ത പ്രവർത്തനം നടത്തുന്ന തലസ്ഥാന നഗരസഭയുടെ അമരക്കാൻ മേയർ വി.കെ. പ്രശാന്തിന് അഭിനന്ദനപ്രവാഹം. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചെറുപ്പക്കാരുടെ സ്വന്തം മേയർ ബ്രോയാണ് വി.കെ. പ്രശാന്ത്. നഗരസഭയിലെ പ്രോജക്ട് സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തിൽ പദ്ധതി ആവിഷ്കരിച്ച് ഗ്രീൻആർമിയിലെ വോളന്റിയർമാരിലൂടെയാണ് മേയർ നഗരസഭയുടെ കളക്‌ഷൻ സെന്റർ ചടുലമായി പ്രവർത്തിപ്പിക്കുന്നത്. ഫേസ്ബുക്കിലൂടെ ആവശ്യമായ സാധനങ്ങൾക്കുള്ള അറിയിപ്പും ലഭ്യമാക്കും. നഗരസഭാ ആസ്ഥാനത്ത് 24 മണിക്കൂറും കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്. രാത്രി 1 വരെ വോളന്റിയർമാർക്കൊപ്പം ചെലവിഴച്ച ശേഷം മടങ്ങുന്ന മേയർ രാവിലെ 8ന് മുമ്പ് എത്തും. ഇതിനോടകം 27ലോഡ് സാധനങ്ങളാണ് കയറ്റി അയച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും നഗരസഭയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. വയനാട്, നിലമ്പൂർ, ആലപ്പുഴ എന്നിവിടങ്ങിലേക്ക് നിരന്തരം സഹായമെത്തിക്കുന്ന മേയറുടെ പ്രവർത്തനത്തെ പ്രശംസിച്ച് ജില്ലാഭരണാധികാരികളും രംഗത്തെത്തി. മേയറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും അഭിനന്ദനം അറിയിച്ചുള്ള കമന്റുകളാണ്. ദുരന്തബാധിതരെ സഹായിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി ശനിയാഴ്ച ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മേയർ ഫേസ്ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ചത്. ആദ്യ ദിവസം തണുത്ത പ്രതികരണമായിരുന്നെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ആളുകൾ സാധനങ്ങളുമായി നഗരസഭയിലേക്ക് പ്രവഹിക്കാൻ തുടങ്ങി. നഗരസഭയിലെ തിരക്ക് നിയന്ത്രിക്കാൻ വഴുതക്കാട് വനിതാ കോളേജിലും കളക്ഷൻ സെന്റർ ആരംഭിച്ചു. വരുംദിവസങ്ങളിൽ ശുചീകരണത്തിനുള്ള സംഘത്തെയും മെഡിക്കൽ ടീമിനെയും ദുരന്തബാധിത മേഖലകളിലേക്ക് അയയ്ക്കാൻ പദ്ധതി തയ്യാറാക്കുകയാണ് മേയറും കൂട്ടരും.