കിളിമാനൂർ: കഴിഞ്ഞ ദിവസങ്ങളിലെ പത്ര ദൃശ്യമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത് കൊച്ചി നായരമ്പലം സ്വദേശി നൗഷാദായിരുന്നങ്കിൽ ഇന്നലെ കിളിമാനൂരിൽ താരമായത് വഴിയോര വസ്ത്ര വ്യാപാരികളായ ഷെമീറും സഞ്ചുവുമായിരുന്നു. കിളിമാനൂർ ജംഗ്ഷനിലെ തങ്ങളുടെ വഴിയോര വസ്ത്ര വില്പന സ്റ്റാളിൽ നിന്ന് പുത്തൻ തുണിത്തരങ്ങൾ പ്രളയബാധിതർക്കായി കൈമാറിയാണ് ഇവർ മാതൃകയായത്. പഴയകുന്നുമ്മേൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന കളക്ഷനിലേക്കാണ് ഇരുവരും ഏതാണ്ട് പതിനയ്യായിരം രൂപയിലധികം വിലവരുന്ന തുണിത്തരങ്ങൾ നൽകിയത്. വിവിധ സ്ഥലങ്ങളിൽ സീസണിൽ വസ്ത്രങ്ങൾ വാങ്ങി പങ്കുകച്ചവടം നടത്തിയാണ് ഇവർ ഉപജീവനം നടത്തുന്നത്. വലിയ സാമ്പത്തിക ഭദ്രത ഒന്നും ഇല്ലാത്ത ഇവർക്ക് വസ്ത്രങ്ങൾ വിറ്റ് കിട്ടുന്ന തുച്ഛമായ തുകയാണ് വരുമാന മാർഗം. എന്നാൽ സഹജീവികൾക്ക് ഉള്ളതെല്ലാം നൽകി കാരുണ്യമേകിയ നൗഷാദിക്ക പിന്തുടർന്ന മാതൃക കഴിഞ്ഞ ദിവസം കേരളകൗമുദി പത്രത്തിൽ വായിച്ചതാണ് തങ്ങൾക്കും പ്രചോദനമായതെന്ന് ഇവർ പറഞ്ഞു. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു, വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ എന്നിവർ ഇവരിൽ നിന്ന് വസ്ത്രങ്ങൾ ഏറ്റുവാങ്ങി.