തിരുവനന്തപുരം:ചന്ദ്രയാൻ 2 പേടകം ഇന്ന് ഭൂമിയെ ചുറ്റുന്നത് നിറുത്തും. പുലർച്ചെ 3.30ന് പേടകത്തിലെ ദ്രവ ഇന്ധനം ജ്വലിപ്പിച്ച് ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് മാറ്റും. പിന്നീട് പേടകം ബഹിരാകാശത്തുകൂടി ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി കുതിക്കും. വളരെ നിർണ്ണായകമാണ് ഈ സഞ്ചാരം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്താൻ ഏഴ് ദിവസങ്ങളെടുക്കും. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് മാറ്റി ചന്ദ്രന്റെ ഭ്രമണപതത്തിലേക്കുള്ള കുതിപ്പിന് ട്രാൻസ് ലൂണാർ ഇൻജക്‌ഷൻ എന്നാണ് പറയുന്നത്.
ആഗസ്റ്റ് 20 മുതൽ പേടകം ചന്ദ്രനെ ചുറ്റാൻ തുടങ്ങും. പിന്നീട് പതുക്കെ ചന്ദ്രനെ ചുറ്റുന്ന ഭ്രമണപഥം ചുരുക്കികൊണ്ടുവരും. ചന്ദ്രന് 100 കിലോമീറ്റർ അടുത്തെത്തുമ്പോഴാണ് പേടകത്തിലെ ലാൻഡറും റോവറുമടങ്ങുന്ന ഭാഗങ്ങൾ ചന്ദ്രഉപരിതലത്തിൽ ഇറങ്ങുക. ഇത് സെപ്തംബർ 7 ന് പുലർച്ചെയായിരിക്കും.
ജൂലായ് 22നാണ് ചന്ദ്രയാൻ 2 പേടകം ശ്രീഹരിക്കോട്ടയിൽ നിന്ന് പുറപ്പെട്ടത്. നിലവിൽ ഭൂമിയിൽ നിന്ന് ഒന്നരലക്ഷം കിലോമീറ്റർ മേലെയുള്ള ഭ്രമണപഥത്തിലാണ്. വിക്ഷേപണ ദിവസം മുതൽ അത് ഭൂമിയെ ചുറ്റുകയാണ്. ഇതിനിടയിൽ നാലുതവണ ഭ്രമണപഥം മേലേക്ക് ഉയർത്തി.