തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ വ്യാജ ഐ.ഡിയുണ്ടാക്കി തട്ടിയെടുക്കാനുള്ള ശ്രമം കണ്ടെത്തി. പൊലീസ് ഇതേപ്പറ്റി അന്വേഷണം ആരംഭിച്ചു.
യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ) വഴിയാണ് തട്ടിപ്പിന് ശ്രമിച്ചത്. keralacmdrf@sbi എന്നാണ് മുഖ്യമന്ത്രിയുടെ നിധിയുടെ യഥാർത്ഥ ഐ.ഡി. ഇതിനു സമാനമായി kerelacmdrf@sbi ഐ.ഡിയുപയോഗിച്ചാണ് തട്ടിപ്പിന് ശ്രമം നടന്നത്. കേരള എന്ന വാക്കിന്റെ സ്‌പെല്ലിംഗിൽ 'ഇ' എന്ന് ചേർത്താണ് വ്യാജ ഐ.ഡി ഉണ്ടാക്കിയത്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കു പകരം ഒരു പ്രത്യേക ഐ.ഡി (യു.പി.ഐ ) ഉപയോഗിച്ച് പണമിടപാട് നടത്താൻ ഇപ്പോൾ സൗകര്യമുണ്ട്. ഭീം ആപ്, ഗൂഗിൾ പേ, ഫോൺ പേയ് തുടങ്ങിയവയിൽ യു.പി.ഐ സംവിധാനമുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 27 ആയി. ഒരാളെ അറസ്റ്റു ചെയ്തു. ഇരവിപേരൂർ സ്വദേശി രഘു ആണ് അറസ്റ്റിലായത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അന്വേഷണവും നിയമനടപടികളും ഊർജിതപ്പെടുത്തിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹറ അറിയിച്ചു.
തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂർ സിറ്റി, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ രണ്ടു വീതവും കൊല്ലം സിറ്റി, കൊല്ലം റൂറൽ, ഇടുക്കി, എറണാകുളം സിറ്റി, എറണാകുളം റൂറൽ, തൃശൂർ റൂറൽ, പാലക്കാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറൽ, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഒന്നു വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്.
ഇലക്ട്രോണിക് പേയ്‌മെന്റിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് ചൊവ്വാഴ്ച വരെയെത്തിയത്1.61 കോടി രൂപയാണ്. കഴിഞ്ഞവർഷം ആഗസ്റ്റ് 18 മുതൽ ഇലക്ട്രോണിക് പേയ്‌മെന്റിലൂടെ നിധിയിലേക്ക് 205.51 കോടി രൂപ എത്തി. നിധിയിലേക്ക് ആകെ ലഭിച്ചത് 4359.68 കോടി രൂപയാണ്. വീടു വയ്ക്കാനും ചികിൽസയ്ക്കും ആശ്വാസധനമായും നിധിയിൽനിന്ന് ഇതുവരെ നൽകിയത് 2008 കോടി രൂപയാണ്. സാധാരണ ശരാശരി 25 മുതൽ 35 ലക്ഷംവരെയാണ് ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസം ലഭിക്കാറുള്ളത്. മുഖ്യമന്ത്റിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുതെന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതോടെയാണു ജനം 'ഡൊണേഷൻ ചലഞ്ച്' ഏറ്റെടുത്തത്.