taos-hum

അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലെ ഒരു ചെറു ടൗൺ ആണ് ടാവോസ്. 1990കളുടെ തുടക്കം മുതൽ ഇവിടെയുള്ളവർ തങ്ങൾ ഡീസൽ എൻജിൻ സ്റ്റാർട്ട് ചെയ്യുന്നപോലെ ഒരു മുരൾച്ച കേൾക്കുന്നതായി അവകാശപ്പെടുന്നു. വർഷങ്ങളായി കേൾക്കുന്ന ഈ ശബ്‌ദം എവിടെ നിന്ന് വരുന്നുവെന്നോ എന്തുകൊണ്ട് ഉണ്ടാകുന്നുവെന്നോ ആർക്കും അറിയില്ല. ആവൃത്തി കുറഞ്ഞ ഈ ശബ്‌ദം ഇവിടെ അറിയപ്പെടുന്നത് സ്ഥലപ്പേരും കൂടി ചേർത്ത് 'ടാവോസ് ഹം' എന്നാണ്.

വീടിനകത്ത് ആയിരിക്കുമ്പോഴോ ഉറങ്ങുമ്പോഴോ ഒക്കെ പ്രദേശവാസികൾ ഈ ശബ്‌ദം കേൾക്കാറുണ്ടത്രെ. ഈ ശബ്‌ദത്തിന്റെ ഉറവിടം കണ്ടെത്താനായി ഇപ്പോഴും പഠനങ്ങൾ നടക്കുകയാണ്. ടാവോസിലെ ആകെ ജനസംഖ്യയിൽ 2 ശതമാനം പേർക്ക് മാത്രമേ ഈ മുഴക്കം കേൾക്കാൻ സാധിക്കൂ എന്ന് കണ്ടെത്തുകയുണ്ടായി.

എന്നാൽ ശബ്‌ദങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ഉപകരണങ്ങൾക്കൊന്നും ഇവർ കേൾക്കുന്ന മുരൾച്ച കണ്ടെത്താനായില്ല എന്നതും വിചിത്രം.ചുറ്റുമുള്ള നിരവധി ശബ്‌ദങ്ങളിൽ എല്ലാം നാം കേൾക്കണമെന്നില്ലെന്നും കൂടുതൽ ഏകാഗ്രതയോടെ ശ്രദ്ധിച്ചാൽ മാത്രമേ അത്തരം ശബ്‌ദങ്ങൾ കേൾക്കാൻ കഴിയൂ എന്നും ശാസ്ത്രജ്ഞർ പറയുന്നു. വ്യവസായ യന്ത്രങ്ങളും ഫാക്‌ടറികളുമാകാം ടാവോസിലെ വിചിത്ര ശബ്‌ദത്തിന്റെ ഉറവിടം എന്ന് വാദിക്കുന്നവരുണ്ട്.

വയർലെസ് ആശയവിനിമയ സംവിധാനങ്ങൾ, വാതക പൈപ്പുകൾ, വൈദ്യുതി ലൈനുകൾ, തിരമാല, ലോ ഫ്രീക്വൻസി ഇലക്ട്രോ മാഗ്നെറ്റിക് റേഡിയേഷനുകൾ തുടങ്ങിയവയും ദൂരൂഹമായ ഈ മുഴക്കത്തിന് പിന്നിലെ കാരണങ്ങൾ ആകാം എന്ന് ഗവേഷകർ പറയുന്നുണ്ടെങ്കിലും അതൊന്നും തെളിയിക്കാൻ കഴി‌ഞ്ഞിട്ടില്ല.

അതേസമയം മുരൾച്ച കേൾക്കുന്നുവെന്ന് പറയുന്നവരുടെ തോന്നലാകാം ഇതെന്നും മറിച്ച് ഇവരുടെ അസാധാരണ കേൾവി ശക്തിയാകാം മുഴക്കം കേൾക്കാൻ കാരണമെന്നും ചിലർ വാദിക്കുന്നു. ടാവോസിൽ മാത്രമല്ല ഇംഗ്ലണ്ടിലെ ബ്രിസ്റ്റൽ, ഓസ്ട്രേലിയയിലെ ബോൻഡി തുടങ്ങിയ ഇടങ്ങളിലും സമാനമായ മുഴക്കം കേട്ടിട്ടുള്ളതായി റിപ്പോർട്ടുകൾ ഉണ്ട്.