soil-piping-

തിരുവനന്തപുരം: നിലമ്പൂരിനടുത്ത കവളപ്പാറയിലുണ്ടായ വൻ ദുരന്തം ഉരുൾപൊട്ടൽ മൂലമല്ലെന്നും സോയിൽ പൈപ്പിംഗ് എന്ന പ്രതിഭാസമാണെന്നുമുള്ള ചില നിഗമനങ്ങൾ പുറത്തുവരുന്നതോടെ സോയിൽ പൈപ്പിംഗ് കേരളത്തിലെ പ്രകൃതി ദുരന്തങ്ങളിലെ പ്രധാന വില്ലനാണെന്ന സത്യം ശാസ്ത്രജ്ഞരും അധികൃതരും തിരിച്ചറിയുന്നു. കവളപ്പാറയിൽ സോയിൽ പൈപ്പിംഗാണോ ഉണ്ടായത് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും സോയിൽ പൈപ്പിംഗിനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ തുടങ്ങിയിട്ടുണ്ട്.

എന്താണ് ഈ സോയിൽ പൈപ്പിംഗ്? ഭൂമിയുടെ അടിയിലൂടെ ജലം പൈപ്പിലെന്നപോലെ ചെറുതും വലുതുമായ തുരങ്കങ്ങളിലൂടെ ഒഴുകുന്നതാണ് സോയിൽ പൈപ്പിംഗ്. ഒരാൾക്ക് നിരങ്ങി പോകാൻ കഴിയുന്നത്ര വലിപ്പം വരെയുള്ള തുരങ്കങ്ങളും ഭൂമിയ്ക്കടിയിലുണ്ടത്രേ. പ്രകൃതിയിലെ ഒരു സ്വാഭാവിക പ്രക്രിയ ആണിത്. ഭൂമിയിൽ വിള്ളലോ മറ്രോ ഉണ്ടാവുമ്പോൾ വെള്ളം അതിലൂടെ ഒഴുകും. ഉപരിതലം ദുർബലമാവുമ്പോൾ മേൽമണ്ണ് ഈ പൈപ്പിംഗിലേക്ക് ഇടിഞ്ഞ് വീഴും.

മണ്ണൊലിപ്പുണ്ടാകുമ്പോഴാണ് താങ്ങിനിറുത്താനൊന്നുമില്ലാതെ ഉപരിതലം ഇടിഞ്ഞു വീഴുന്നത്. അത് വലിയൊരു മണ്ണിടിച്ചിലിന് വഴിവയ്ക്കാം. വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഉരുൾപൊട്ടലെന്നപോലെ മണ്ണും പാറയുമെല്ലാം താഴേക്ക് പതിക്കും.

വലിയ മരം കടപുഴകി വീണാൽ ഉണ്ടാകുന്ന ദ്വാരത്തിലേക്ക് വെള്ളം കടന്നു ചെന്നും പൈപ്പിംഗ് ഉണ്ടാവാം. മൃഗങ്ങൾ കുഴിക്കുന്ന കുഴിയിലൂടെയുമിത് വരാം. പൈപ്പിംഗിന്റെ തുടക്കമാവാം ഇത്. പിന്നീട് വെള്ളം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കും. പുഴയുടെ ഓരത്തോട് ചേർന്നും പൈപ്പിംഗ് ഉണ്ടാവും. സാധാരണ ഗതിയിൽ എവിടെയെങ്കിലും സോയിൽ പൈപ്പിംഗ് ഉണ്ടോയെന്ന് കണ്ടുപിടിക്കാൻ കഴിയില്ല. പലപ്പോഴും മുകളിലെ മണ്ണ് ഇടിഞ്ഞു വീണാൽ മാത്രമേ പൈപ്പിംഗിനെക്കുറിച്ച് അറിയാനാവൂ.

'ഫ്ലൂട്ട് ഹോൾ' എന്നറിയപ്പെടുന്ന ചെറിയ തുളകളാണ് ഈ പൈപ്പിംഗിനെ ഉപരിതലത്തെ മേൽമണ്ണുമായി ബന്ധപ്പെടുത്തുന്നത്. പലപ്പോഴും മാനുഷിക ഇടപെടലുകളാണ് ഉപരിതലത്തിൽ പ്രശ്നങ്ങളുണ്ടാകുന്നത്. മണ്ണെടുപ്പും നിർമ്മാണ പ്രവർത്തനങ്ങൾമൂലവും ഭൂമിയുടെ സ്വാഭാവിക രൂപത്തിന് മാറ്റംവരും. സോയിൽ പൈപ്പിംഗ് ഉണ്ടാവുമ്പോൾ അത് ദുരന്തത്തിൽ കലാശിക്കുകയും ചെയ്യും. പൈപ്പിംഗ് മൂലം ഉയരത്തിൽ നിന്ന് വരുന്ന അരുവികളുടെയും കനാലുകളുടെയും ഗതി മാറുകയും ചെയ്യാം.

കേരളത്തിലെ സോയിൽ പൈപ്പിംഗിനെക്കുറിച്ച് സെസും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും ചല പഠനങ്ങൾ നടത്തിയിരുന്നു. വിശദമായ റിപ്പോർട്ടും അവർ തയാറാക്കിയിരുന്നു. ഡോ.ജി.ശങ്കർ, ഡോ.അജയ് കെ.വർമ്മ, ഡോ. ശേഖർ കുര്യാക്കോസ്, സി.ദീപ, പ്രശോഭ് പി.രാജൻ, കെ.എൽദോസ് എന്നിവരാണ് പഠനം നടത്തിയത്.

മൂന്ന് തരം

പ്രധാനമായും മൂന്നുതരത്തിലുള്ള സോയിൽ പൈപ്പിംഗ് ആണ് കേരളത്തിൽ കാണപ്പെടുന്നത്:

1. മൈക്രോ പൈപ്പിംഗ്: അഞ്ച് സെന്റിമീറ്രറിൽ താഴെ വ്യാസമുള്ളവ. ഇവ ക്വാറികളിൽ ഉണ്ടാവുന്നതാണ്. 2012ൽ മുളന്തുരുത്തിയിൽ ഇത് കണ്ടെത്തിയിരുന്നു.

2. സ്‌‌മോൾ പൈപ്പിംഗ്: അഞ്ച് സെന്റിമീറ്രർ മുതൽ 30 സെന്റിമീറ്രർ വരെ വ്യാസമുള്ളവ. ബാണാസുര സാഗർ ഡാം പ്രദേശത്ത് ഇത് കണ്ടിരുന്നു.

3. ടിപ്പിക്കൽ പൈപ്പിംഗ്: 30 സെന്റിമീറ്രർ മുതൽ 5 മീറ്രർ വരെ വ്യാസം. തൊടുപുഴ തട്ടേക്കനി, കണ്ണൂർ ജില്ലയിലെ കോട്ടത്തലച്ചിമല എന്നിവിടങ്ങളിൽ കണ്ടെത്തിയിരുന്നു.

ഇതുവരെ കണ്ടത്

കണ്ണൂർ ജില്ലയിലെ തിരുമേനിക്കടുത്ത ചട്ടവയൽ, ചെറുപുഴയ്ക്കടുത്തെ പുളിങ്ങോം, വടകര താലൂക്കിലെ പശുക്കടവ്, മണ്ണാർക്കാടിനടുത്ത പാലക്കൽ, വയനാട്ടിലെ പടിഞ്ഞാറെത്തറ, കുന്നമംഗലം വയൽ, തൊടുപുഴയ്ക്കടുത്ത പേർങ്ങശേരി, തട്ടേക്കാണി, കറുപ്പിലങ്ങാട്, ഇടുക്കിയിലെ ഉദയഗിരി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇതുവരെ സോയിൽ പൈപ്പിംഗ് അനുഭവപ്പെട്ടത്.

നിർദ്ദേശങ്ങൾ

 സോയിൽ പൈപ്പിംഗ് ബാധിത പ്രദേശങ്ങളിൽ ലൈം, ജിപ്സം എന്നിവയുടെ ഉപയോഗം പ്രചരിപ്പിക്കുക.

 വലിയ പദ്ധതികൾ നടത്തുമ്പോൾ മണ്ണിന്റെ ഗുണപരിശോധന ഉറപ്പാക്കുക.

 അണക്കെട്ടുകൾ ഉള്ള സ്ഥലങ്ങളിൽ സോയിൽ പൈപ്പിംഗിനെ കുറിച്ച് പഠനം നടത്തുക.