robot

ബീജിംഗ്: വാർത്തകൾ എഴുതാൻ യന്ത്രമനുഷ്യരും. ചൈനയിൽ നിന്നാണ് ഈ വാർത്ത. രാജ്യത്താകെ ഒരുലക്ഷത്തിലധികം കോപ്പികൾ വിൽപ്പനയുള്ള ചൈന സയൻസ് ഡെയ്ലിയാണ് ശാസ്ത്രലേഖനങ്ങൾ എഴുതാൻ റോബോട്ടുകളെ രംഗത്തിറക്കുന്നത്. പരീക്ഷണം നൂറുശതമാനം വിജയമാണെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം.

പേരുകേട്ട ഇംഗ്ലീഷ് ശാസ്ത്രജേണലുകളിൽ വരുന്ന ശാസ്ത്രലേഖനങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രവാർത്തകളാണ് ഷ്യാവോക് എന്ന് പേരുനൽകിയിരിക്കുന്ന ഈ റോബോട്ടുകൾ തയ്യാറാക്കുന്നത്. പ്രത്യേക സോഫ്ട്‌വെയറാണ് ഇതിനായി ഉപയോഗിക്കുന്നത്. പെകിംഗ് സർവകലാശാലയിലെ ഗവേഷകരാണ് ഷ്യാവോകിനെ സൃഷ്ടിക്കാൻ ആവശ്യമായ സാങ്കേതിക സഹായം നൽകിയത്.

റോബോട്ടുകൾ തയ്യാറാക്കുന്ന വാർത്തകൾ ഒരു സംഘം ശാസ്ത്രജ്ഞന്മാരും സീനിയർ എഡിറ്റർമാരും വായിച്ച് വിലയിരുത്തും. തെറ്റുകളും ആശയക്കുഴപ്പങ്ങളും ഇല്ലെന്ന് ഉറപ്പാക്കിയിട്ടേ പ്രസിദ്ധീകരണത്തിന് നൽകൂ. ഇതിനകം ഇരുനൂറിലധികം വാർത്തകൾ ഷ്യാവോക് എഴുതിയെന്നും അതിൽ ന്യൂനതകൾ വളരെ കുറവായിരുന്നു എന്നുമാണ് റിപ്പോർട്ട്. ഇതിലൂടെ മറ്റൊരു നേട്ടവും ശാസ്ത്രജ്ഞർ കാണുന്നുണ്ട്. ചൈനീസ് ശാസ്ത്രജ്ഞരിൽ കൂടുതൽപേർക്കും ചൈനീസ് ഭാഷ മാത്രമേ നന്നായി അറിയാവൂ. ഇംഗ്ലീഷ് ജേണലുകളിൽ വരുന്ന ശാസ്ത്രലേഖനങ്ങളും മറ്റും എളുപ്പത്തിൽ വായിച്ച് കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ മനസിലാക്കുന്നതിന് ഇത് തടസമാകുന്നുണ്ട്. കേവലമായ വിവർത്തനം എന്നതിനെക്കാൾ ഷ്യാവോക് ലേഖനങ്ങൾ വസ്തുനിഷ്ടമായി മാറ്റിയെഴുതുന്നതിനാൽ ശാസ്ത്രജ്ഞർക്ക് കൂടുതൽ പ്രയോജനം കിട്ടുമെന്നാണ് കരുതുന്നത്.

കാലാവസ്ഥ, സാമ്പത്തികം, കായിക വാർത്തകൾ ശേഖരിക്കാൻ ചില ചൈനീസ് മാദ്ധ്യമങ്ങൾ റോബോട്ടുകളുടെ ഉപയോഗപ്പെടുത്താമോ എന്ന പരീക്ഷണത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഷ്യാവോകിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്. ചൈന സയൻസ് ഡെയ്ലിയ്ക്കൊപ്പം മറ്റുചില പ്രസിദ്ധീകരണങ്ങളും ഷ്യാവോക്കിനെ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണത്രേ. കുറഞ്ഞ ചെലവിൽ കൂടുതൽ മികവ് എന്നതാണ് ഇവരെ ആകർഷിക്കുന്നത്. സർക്കാരിന്റെ അനുമതിയുണ്ടെങ്കിലേ ഇവരുടെ ആഗ്രഹം നടക്കൂ എന്നുമാത്രം.