തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനമെന്നാൽ ഇപ്പോൾ സാന്ത്വനത്തിന്റെ മറുവാക്കുകൂടിയാണ്. സഹജീവികൾ അപകടത്തിൽപെട്ടാൽ അത് എത്രദൂരത്തായാലും തലസ്ഥാനത്തെ കരുതലിന്റെ കൈകൾ അങ്ങോട്ടേക്ക് നീളും.. കഴിഞ്ഞ പ്രളയമുണ്ടായപ്പോൾ ഒറ്റ മനസോടെ കൈതാങ്ങാകാൻ തലസ്ഥാനത്തിന് കഴിഞ്ഞു. ഇക്കുറി വടക്കൻ ജില്ലകളെയടക്കം പിടിച്ചുലച്ച മഴദുരന്തം ഉണ്ടായപ്പോഴും ഒരു സമയംപോലും പാഴാക്കാതെ രംഗത്തിറങ്ങി. ജില്ലാ കളക്ടറായിരുന്ന വാസുകിയാണ് കഴിഞ്ഞവർഷം മുന്നിൽ നിന്ന് നയിച്ചതെങ്കിൽ ഇപ്പോൾ തലസ്ഥാന നഗര പിതാവ് വി.കെ പ്രശാന്താണ് സജീവമായി രംഗത്തുള്ളത്. മഴക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയവർക്ക് ആവശ്യമുള്ളതെല്ലാം എത്തിച്ചുകൊടുക്കുന്ന മാതൃകാ പ്രവർത്തനമാണ് തലസ്ഥാനത്ത് നടക്കുന്നത്. നഗരസഭയിൽ ഉൾപ്പെടെ ഒട്ടനവധി കളക്ഷൻ സെന്ററുകൾ ഇതിനായി തുറന്നു. ക്യാമ്പുകളിൽ ആവശ്യമുള്ളത് എന്തെന്ന് അറിയിക്കേണ്ട താമസം അവയെല്ലാം സുമനസുകൾ വിവിധ കളക്ഷൻ സെന്ററുകളിൽ അപ്പപ്പോൾ എത്തിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസംവരെ 250ലേറെ ടൺ സാധനങ്ങളാണ് തിരുവനന്തപുരത്ത് നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചത്. കളക്ഷൻ സെന്ററുകളിൽ ഡോക്ടർമാരും സ്വയം സന്നദ്ധരായി രംഗത്തെത്തിയിട്ടുണ്ട്. സെന്ററുകളിൽ എത്തുന്ന മരുന്നുകൾ തരംതിരിച്ച് അയയ്ക്കാൻ ഡോക്ടർമാർ സഹായിക്കുന്നു.
യുവജനക്കൂട്ടായ്മ
കളക്ഷൻ സെന്ററുകൾക്ക് ഊർജ്ജം പകരുന്നത് സ്വമനസാലെ അവിടെയെത്തുന്ന യുവാക്കളുടെ വലിയ പടതന്നെയാണ്. ഉണും ഉറക്കവും ഉപേക്ഷിച്ച് മുഴുവൻ സമയവും അവർ കളക്ഷൻ സെന്ററിലുണ്ട്. അത്യാവശ്യമെന്ന് കണ്ടാൽ ദുരന്ത മേഖലകളിൽ പോകാനും അവർ റെഡി. അങ്ങനെ ദുരന്തബാധിത പ്രദേശങ്ങളിൽ പോയ നിരവധി യുവാക്കളുണ്ട്. കളക്ഷൻ സെന്ററുകളിൽ ആവശ്യമായ സാധനങ്ങൾ അപ്പോപ്പോൾ എത്തിക്കാൻ അവർ സമൂഹമാദ്ധ്യങ്ങളെയും ഫലപ്രദമായി ഉപയോഗിക്കുന്നു. നഗരസഭ, ജില്ലാഭരണകൂടം എന്നിവയക്ക് പുറമെ പല യുവജനക്കൂട്ടായ്മകളും സംഘടനകളും സ്ഥാപനങ്ങളുമെല്ലാം കളക്ഷൻ സെന്ററുകൾ തുടങ്ങിയിട്ടുണ്ട്. ചില കൂട്ടായ്മകൾ നഗരസഭയുടെ കളക്ഷൻ സെന്ററിലേക്ക് സാധനങ്ങൾ ശേഖരിച്ച് എത്തിക്കുന്നുണ്ട്.
ഉറക്കംമറന്ന് മേയർ
രാവിലെ മുതൽ രാത്രി വൈകുംവരെ എല്ലാത്തിനും മേൽനോട്ടം വഹിച്ച് മേയർ വി.കെ.പ്രശാന്ത് കളക്ഷൻ സെന്ററിലുണ്ടാവും. നഗരസഭയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളക്കുറിച്ച് മേയർ 'ഫ്ളാഷി'നോട്:
''നഗരസഭ ശേഖരിച്ച് ഇതുവരെ 28 ലോഡ് സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയച്ചു. ഇനിയും 10 ലോഡ് സാധനങ്ങൾ കൂടിയുണ്ട്. ഇപ്പോൾ കളക്ഷൻ സെന്ററിൽ സാധനങ്ങൾ വയ്ക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വിവരം കിട്ടുന്ന മുറയ്ക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നുണ്ട്. ഓരോ ജില്ലയിലെയും കളക്ടറേറ്റുമായി ബന്ധപ്പെട്ടാണ് സാധനങ്ങൾ അയയ്ക്കുന്നത്. മലപ്പുറം, കോട്ടയം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലേക്ക് സാധനങ്ങൾ അയച്ചു കഴിഞ്ഞു. പുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് അവ എത്തിച്ചു കൊടുക്കുന്ന കാര്യത്തിൽ തത്കാലം തീരുമാനമായിട്ടില്ല. നഗരസഭയുടെ ഒരു മീറ്റിംഗ് ഉടനെയുണ്ടാകും. അതിൽ ഇക്കാര്യം ചർച്ച ചെയ്യും''.