kerala-flood

തിരുവനന്തപുരം: പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക്, സ്ഥലം വാങ്ങാൻ ആറുലക്ഷമടക്കം 10ലക്ഷം നൽകും. വീട് പൂർണമായി തകർന്നവർക്കും വാസയോഗ്യമല്ലാതായവർക്കും പുതിയ വീടുണ്ടാക്കാൻ 4 ലക്ഷം രൂപയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപയും ബാധിത കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10,000രൂപയും നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രളയജലം കയറിയ കുടുംബങ്ങൾ, 15 ശതമാനം മുതൽ 100 ശതമാനം വരെ തകർന്ന വീടുകളിലുള്ളവർ, മുന്നറിയിപ്പ് പ്രകാരം വീടുവിട്ട് സർക്കാർ അംഗീകൃത ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറിയ കുടുംബങ്ങൾ എന്നിവരെ ദുരന്തബാധിത കുടുംബമായി കണക്കാക്കും. അനർഹരെ ഒഴിവാക്കാൻ വില്ലേജ് ഓഫീസർ, തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറി എന്നിവരുടെ പരിശോധനയ്ക്കു ശേഷമാവും പണം നൽകുക. പ്രളയത്തിന്റെ തീവ്രതയും ദുരിതത്തിന്റെ കാഠിന്യവും കണക്കിലെടുത്ത് അർഹമായ വില്ലേജുകളെ പ്രളയബാധിത പ്രദേശങ്ങളായി നിശ്ചയിച്ച് വിജ്ഞാപനം ഇറക്കും. ഇതിന് ദുരന്ത നിവാരണ അതോറി​റ്റിയെ ചുമതലപ്പെടുത്തി.

1118 ദുരിതാശ്വാസ ക്യാമ്പുകളിൽ 1,89,567പേരാണ് ഇപ്പോഴുള്ളത്. ക്യാമ്പുകളിലെത്തിയത് 84,216 കുടുംബങ്ങളാണ്. ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ ഇനി വീടുനിർമ്മാണം നടത്താനാവില്ല. അവിടെയുണ്ടായിരുന്നവർ പുതിയ സ്ഥലംവാങ്ങി വീടുവയ്ക്കണം. അല്ലെങ്കിൽ സർക്കാർ വേറെ വഴി കാണും- മുഖ്യമന്ത്രി പറഞ്ഞു.