തിരുവനന്തപുരം : കളക്ഷൻ പോയിന്റിൽ പൊതുജനങ്ങൾ എത്തിക്കുന്ന സാധനങ്ങൾ തരംതിരിക്കാനാണ് ഇത്തവണയും യുവാക്കളെല്ലാം എത്തിയത്. എന്നാൽ മുൻവർഷത്തെപ്പോലെ സാധനങ്ങളുടെ വരവ് സജീവമാകാതെ വന്നപ്പോൾ ക്യാമ്പിൽ വട്ടം കൂടിയിരുന്ന് താമശ പറയാൻ ഇവർക്ക് മനസുവന്നില്ല, ദുരിതത്തിൽ കഴിയുന്ന പതിനായിരങ്ങൾ അവശ്യ സാധനങ്ങൾക്കായി കാത്തിരിക്കുന്നതായിരുന്നു ഇവരുടെ മനസുനിറയെ. പിന്നെ, ഇവർ വെറുതെയിരുന്നില്ല, ദുരന്തഭൂമിയിലെ മനുഷ്യർക്ക് സഹായ അഭ്യർത്ഥനയുമായി ഇവർ തെരുവിലിറങ്ങി. ഇവരുടെ പരിശ്രമത്തിൽ കിട്ടിയതോ ടൺ കണക്കിന് സാധനങ്ങൾ....
നഗരത്തിലെ വിവിധ കളക്ഷൻ ക്യാമ്പുകളിൽ നിന്നു ദൈനംദിനം ശേഖരിച്ച് ദുരന്തമേഖലയിൽ കൊണ്ടുപോകുന്ന സാധനങ്ങൾ തികയാതെ വന്നതാണ് യുവാക്കൾക്ക് പുതിയ ആശയം തോന്നാൻ കാരണം . പന്ത്രണ്ട് ജില്ലകളിലും ദുരിതമനുഭവിക്കുന്നവർക്ക് സാധനങ്ങൾ എത്തിക്കുന്നതിന് മുൻ വർഷത്തെക്കാൾ കുറവുണ്ടായതോടെ ഓരോ ദിവസവും അവശ്യം വേണ്ടുന്ന സാധനങ്ങളുടെ ലിസ്റ്റ് എഴുതിയ പ്ലക്കാർഡുമായി അഞ്ചോ ആറോ പേരടങ്ങുന്ന സംഘം ഓരോ സ്ഥലങ്ങളിലുമെത്തി വീടുകളും കടകളും കയറിയിറങ്ങുകയാണ്. കിഴക്കേകോട്ട മുതൽ ബാലരാമപുരം വരെയുള്ള സ്ഥലങ്ങളിലേക്കായി ഇങ്ങനെ നിരവധി സ്ക്വഡുകളാണ് കളക്ഷന് ഇറങ്ങുന്നത്.
ഓരോ ടീമിനും നിശ്ചയിക്കപ്പെട്ട സ്ഥലത്ത് ട്രാൻസ്പോർട്ട് ബസിൽ എത്തിയാണ് ഇവർ സ്ക്വാഡ് വർക്ക് നടത്തുന്നത്. ഇങ്ങനെ ശേഖരിക്കുന്ന സാധനങ്ങൾ ചുമന്ന് തിരികെ ഇവർ തന്നെ കളക്ഷൻ ക്യാമ്പിലെത്തിക്കും- വിമെൻസ് കോളേജിന്റെ ക്യാംപ് ചുമതലയുള്ള ഫീനിക്സ് ട്രിവാൻഡ്രം സംഘടനയുടെ പ്രസിഡന്റ് ശ്രീരാഗ് പറഞ്ഞു.
വിമെൻസ് കോളേജിലെ കാമ്പിൽ നിന്നും മണക്കാട് മേഖലയിലെ ഉൾപ്രദേശത്തേക്ക് പോകാൻ പ്ലക്കാർഡുമായി ഇറങ്ങിയ ഏഴംഗ സംഘത്തിനും തികഞ്ഞ ആത്മവിശ്വാസമാണ്. മറ്റു ടീമുകൾ കൊണ്ടുവരുന്നതിനെക്കാൾ കൂടുതൽ സാധനങ്ങൾ എത്തിക്കാനാണ് ഇവരുടെ ശ്രമം. കഴിഞ്ഞ വർഷം ക്യാമ്പിൽ ഉണ്ടായിരുന്ന അനഘയാണ് ക്യാപ്റ്റൻ. അഞ്ജലി, കൃഷ്ണേന്ദു, ശരണ്യ, എയ്ഞ്ചൽ, അപർണ, അഭിഷേക് ,അഭിജിത്, ഷാരൂഖ് എന്നിവർ കൂടെയുണ്ട്.
പോത്തീസിന്റെ സ്റ്റേഷനറി വിൽക്കുന്ന ഗ്രൗണ്ട് ഫ്ലോറിന് മുന്നിലുമുണ്ട് രണ്ടുയുവാക്കൾ പ്ലക്കാർഡുമായി. സാധനങ്ങൾ വാങ്ങി ഇറങ്ങുന്നവരിൽ ചിലർ പ്ലക്കാർഡുമായി നിൽക്കുന്ന ഇവരെ കാണുമ്പോൾ എന്തെങ്കിലും വാങ്ങി നൽകും. ആരോടും അങ്ങോട്ടുപോയി ആവശ്യപ്പെടാതെ തന്നെ കിട്ടുന്ന സാധനങ്ങൾ ക്യാമ്പിൽ എത്തിച്ചാണ് പ്രതിസന്ധിയെ മറികടക്കാൻ യുവാക്കൾ ശ്രമിക്കുന്നത്. പ്രളയത്തിന് മുന്നിലും വ്യാജപ്രചാരണത്തിന് മുന്നിലും തോറ്റുതരില്ലെന്ന് കേരള ജനതയെ ബോദ്ധ്യപ്പെടുത്തുകയാണ് തലസ്ഥാനത്തെ യുവാക്കൾ.