maggie

ലണ്ടൻ: രോഗികളുടെ ചികിത്സകൾക്ക് കൂട്ടായി നായകളെ ഉപയോഗിക്കുന്ന രീതി വിദേശരാജ്യങ്ങളിൽ കണ്ടുവരാറുണ്ട്. തെറാപ്പി ഡോഗ് എന്നാണ് ഈ നായ്ക്കൾ അറിയപ്പെടുന്നത്. ഇക്കൂട്ടരുടെ സ്നേഹം രോഗികൾക്ക് ആശ്വാസമാകാറുണ്ട്. കാഴ്ച ശക്തിയില്ലാത്ത മാഗി എന്ന നായ ഇത്തരത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഒരു തെറാപ്പി ഡോഗാണ്. വണ്ടർ ഡോഗ് എന്ന് വിളിക്കുന്ന 5 വയസുകാരിയായ മാഗിയുടെ കഥ ആരെയും കരയിക്കും.

വെടിയുണ്ടകൾ ഉണ്ടാക്കിയ മാരകമായ 17 മുറിവുകളെ അതിജീവിച്ച ഈ നായയുടെ ഇപ്പോഴത്തെ മിഷൻ മറ്റുള്ളവരിൽ സ്നേഹവും സന്തോഷവും നിറയ്ക്കുക എന്നതാണ്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ താരമായ ഈ അത്ഭുത നായ എല്ലാ അർത്ഥത്തിലും ഒരു ഹീറോ ആണ്.

ലെബനനിലെ ഒരു തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മാഗിയെ കണ്ടെത്തുന്നത്. അന്നേരം ഗർഭിണി കൂടിയായിരുന്ന മാഗിയുടെ ദേഹത്ത് ബുള്ളറ്റ് കൊണ്ടുള്ള 17 മുറിവുകൾ ഉണ്ടായിരുന്നു. മാഗിയുടെ താടിയെല്ലുകൾ തകർന്നിരുന്നു. ഒരു ചെവിയും കണ്ണുകളും നഷ്‌ടമായി. പക്ഷേ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ മാഗി ഉയർത്തെഴുന്നേറ്റു.

ഇംഗ്ലണ്ടിലെ ബ്രിങ്ടൺ സ്വദേശിയായ കെയ്സി ദത്തെടുത്തതോടെയാണ് മാഗിയുടെ ജീവിതത്തിലെ ടേണിംഗ് പോയിന്റ് ആരംഭിച്ചത്. ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഇന്ന് മാഗിയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. ഹോസ്‌പിറ്റലുകൾ, കെയർ ഹോമുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലെല്ലാം സന്ദർശിച്ച് മനുഷ്യരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കുകയാണ് മാഗി. മരണ മുഖത്ത് നിന്നും പ്രതിസന്ധികളെ അതിജീവിച്ച് പുതിയൊരു ജീവിതത്തിലേക്ക് ഉയർത്തെഴുന്നേറ്റ മാഗി മനുഷ്യർക്കും ഒരു മാതൃകയാണ് ശരിക്കും ഒരു വണ്ടർ ഡോഗ് !