തിരുവനന്തപുരം: ഉരുൾപൊട്ടലിൽ തകർന്ന ദുരന്ത ഭൂമിയിൽ ഒറ്റപ്പെട്ടുപോയവർക്ക് തുണയായി മാറുകയാണ് തിരുവനന്തപുരത്തെ ജീപ്പേഴ്സ് ക്ലബ്. ഉൾപ്രദേശങ്ങളിലെ തകർന്നു തരിപ്പണമായ റോഡിലൂടെ മറ്റുവാഹനങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കാതെ വരുമ്പോൾ ഭക്ഷണ സാധനങ്ങളുമായി തങ്ങളുടെ 4X4 വാഹനങ്ങളിൽ ജീപ്പേഴ്സ് ക്ലബ് അംഗങ്ങൾ അവിടങ്ങളിൽ നേരിട്ടെത്തുകയാണ്. വിവിധ ആദിവാസി ഉൗരുകളിൽ ഭക്ഷണം കാത്തിരിക്കുന്നവർക്കായി അരിയും മറ്റു സാധനങ്ങളുമായി ദുരിതാശ്വാസമെത്തിക്കുകയാണ് ജീപ്പേഴ്സ് ക്ലബ്.
കഴിഞ്ഞ വർഷം പ്രളയത്തിലും രക്ഷാപ്രവർത്തനത്തിൽ ഇവർ സജീവമായിരുന്നു. ഇത്തവണ ഉരുൾപൊട്ടലിൽ തീവ്രത അനുഭവിച്ച മാനന്തവാടി, അട്ടപ്പാടി, അഗളി തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് സാധനങ്ങൾ എത്തിക്കുന്നത്. വനമേഖലയിലെ ഒാരോ വീട്ടിലും നേരിട്ടെത്തി സഹായമെത്തിക്കാനാണ് ഇവരുടെ ശ്രമം. സാധാരണ വാഹനങ്ങൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ഇത്തരം പ്രദേശങ്ങളിൽ ഒാഫ് റോഡ് വാഹനങ്ങളായ താർ, ജിപ്സി തുടങ്ങിയ 4X4 വാഹനങ്ങളിലാണ് ജീപ്പേഴ്സ് സാധനങ്ങളുമായി എത്തുക. ഇതിനായി തിരുവനന്തപുരത്തുള്ള സാൽവേഷൻ ആർമി ജോൺസൺ ഹാളിലാണ് ജീപ്പേഴ്സ് ക്ലബിന്റെ കളക്ഷൻ പോയിന്റ് സജ്ജീകരിച്ചിരിക്കുന്നത്. വിവിധ മേഖലയിലുള്ള നിരവധി പേരാണ് കളക്ഷൻ പോയിന്റിൽ സാധനങ്ങൾ എത്തിച്ച് കൊണ്ടിരിക്കുന്നത്. ആദ്യഘട്ടത്തിൽ 15 ജീപ്പുകളിലാണ് സാധനങ്ങളുമായി പുറപ്പെടുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ സാധനങ്ങൾ എത്തുന്നത് കുറവാണെന്നും പ്രളയ ദുരിതത്തിന്റെ തീവ്രതയിൽ കഴിയുന്നവർക്ക് വേണ്ടി സഹായങ്ങൾ നൽകണമെന്നും ക്ലബ് അംഗങ്ങൾ പറയുന്നു. 140 അംഗങ്ങൾ അടങ്ങിയ സംഘടനയാണ് ട്രിവാൻഡ്രം ജീപ്പേഴ്സ് ക്ലബ്.
കഴിഞ്ഞ പ്രളയ സമയത്ത് തിരുവല്ല, പത്തനംതിട്ട, റാന്നി, ചെങ്ങന്നൂർ, മൂന്നാർ തുടങ്ങിയ മേഖലകളിലാണ് ഇവർ സഹായമെത്തിച്ചത്. ആദിവാസി ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വനിത സംയുക്ത സമിതിയുമായി ചേർന്നാണ് ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിച്ചത്.