തിരുവനന്തപുരം: ഒരു ലോറിയുടെ വലിപ്പമല്ല, ഒരു രണ്ടു രണ്ടര ലോറിയുടെ വലിപ്പമുള്ള ഭീമൻ ടോറസാണ് തിരുവനന്തപുരം നഗരസഭയുടെ മുന്നിൽ കിടക്കുന്നത്. പ്രളയ ദുരിത ബാധിത പ്രദേശങ്ങളിലേക്കു കൊണ്ടുപോകാനായി അരി, പയർ, കുപ്പിവെ ള്ളം, തുണിത്തരങ്ങൾ, കുട്ടികൾക്കുള്ള ആഹാരപദാർത്ഥങ്ങൾ, പായകൾ, മരുന്നുകൾ, ക്ലീനിംഗ് ഉപകരണങ്ങൾ.... തുടങ്ങിയ സർവത്ര സാധനങ്ങളും ചുമന്ന് ലോറിക്കകത്ത് അടുക്കി വയ്ക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. നിരനിരയായി നിന്ന് സാധനങ്ങൾ കൈമാറുന്നവരുടെ കൂട്ടത്തിൽ തിരുവനന്തപുരത്തുകാരുടെ ചങ്ക് മേയർ വി.കെ.പ്രശാന്തും. മേയർ എത്തിയാൽ പിന്നെ കളക്ഷൻ സെന്ററുകളൊക്കെ ഉഷാറാകും. പ്രളയ ബാധിത പ്രദേശത്തുള്ളവരെ സംബന്ധിച്ചിടത്തോളം മേയർ വി.കെ. പ്രശാന്തിന് ഒരു മാസ് ഹീറോയുടെ പരിവേഷമാണ്.
വീണ്ടും ഒരു പ്രളയമുണ്ടായപ്പോൾ ജില്ലാ ഭരണം ഉണരാൻ വൈകിയെങ്കിലും അതിന്റെ കുറവ് നികത്തിക്കൊണ്ട് തലസ്ഥാനത്തിന്റെ മനസായി വി.കെ.പ്രശാന്ത് മാറി. ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടപ്പെട്ടവർക്കായി പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുക മാത്രമല്ല, പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തു. സന്നദ്ധപ്രവർത്തകർ അംഗങ്ങളായ ഗ്രീൻ ആർമി, മിഷൻ 19 എന്നിങ്ങനെയുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രവർത്തനത്തിന് വേഗം പകർന്നു. മുന്നൂറ് ടൺ സാധനങ്ങൾ ഇതിനകം പ്രളയ ബാധിത പ്രദേശങ്ങളിൽ എത്തിക്കഴിഞ്ഞു. 24 വീലുള്ള കൂറ്റൻ ലോറികളിൽ സാധനങ്ങൾ പ്രളയബാധിതരുടെ അടുത്തേക്ക് പോകുന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
കഴിഞ്ഞ തവണയും വി.കെ. പ്രശാന്തിന്റെ നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിലേക്ക് അളവറ്റ സഹായമാണ് ഒഴുകിയെത്തിയത്. ആന്ന് 85 ലോഡ് സാധനമാണ് ഇവിടെ നിന്നു അയച്ചത്. പോരാത്തതിന് 450 പേരുള്ള ടീമിനെ ചെങ്ങന്നൂർ, റാന്നി, ആറന്മുള എന്നിവിടങ്ങളിൽ ശുചീകരണത്തിന് നിയോഗിച്ചു. റാന്നി ടൗൺ വൃത്തിയാക്കിയത് തിരുവനന്തപുരം നഗരസഭയായിരുന്നു.
ഇപ്പോഴും എന്തിനും മേയർ തയ്യാറാണ്. ഒളിഞ്ഞും തെളിഞ്ഞുമൊക്കെ നഗരസഭാ ദൗത്യത്തെ പരാജയപ്പെടുത്താൻ ശ്രമമുണ്ടായി. അതിനെയൊക്കെ മറികടന്നാണ് അതിജീവനത്തിനായി പോരാടുന്ന ജനതയ്ക്ക് മേയർ കരുത്തു പകരുന്നത്. വികാര നിർഭരമായ പ്രതികരണമാണ് മേയർക്ക് മലബാറിൽ നിന്നു ലഭിക്കുന്നത്.
മേയറാണ് മേയറേ 'മേയർ'
കോഴിക്കോട് സ്വദേശി ഷിജി വേങ്ങാട് മേയറുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചത് ഇങ്ങനെ:
ഈ കടങ്ങളെക്കെ ഞങ്ങളെങ്ങനെ വീട്ടാനാ, ഒരു പാട് നന്ദി സഖാവേ!
നഗസഭയുടെ കൗൺസിൽ ഹാളും അങ്ങോട്ടു പോകുന്ന ഇടനാഴികളിലുമെല്ലാം തിരുവനന്തപുരത്തുകാരുടെ സ്നേഹം വന്നു കുമിഞ്ഞിരിക്കുന്നത് കാണാം. വിമെൻസ് കോളേജിലും നഗരസഭ കളക്ഷൻ സെന്റർ തുറന്നു. പോരാത്തതിന് നഗരസഭയ്ക്കു വേണ്ടി കോട്ടൺഹിൽ സ്കൂളിലും കളക്ഷൻ ക്യാമ്പ് പ്രവർത്തിക്കുന്നു. വീടുകളിൽ പോലും പോകാതെ പ്രവർത്തിക്കുന്ന വോളന്റിയേഴ്സുണ്ട്. അക്കൂട്ടത്തിലൊരാളാണ് എം.ജി കോളേജേിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി പ്രഭുൽരാജ്. കളക്ഷൻ സെന്ററിലെ മരുന്നുകളൊക്കെ തരം തിരിക്കുന്നതും അവശ്യം വേണ്ടവയ്ക്കായി സന്ദേശം അയയ്ക്കുന്നതുമെല്ലാം പ്രഭുല്ലാണ്.
മേയറോടുള്ള ഇഷ്ടം കൂടിയിട്ട് അദ്ദേഹത്തെ നേരിട്ട് അഭിനന്ദിക്കാൻ എത്തുന്നവരുടെ എണ്ണവും കൂടുകയാണ്. ഇന്നലെ സ്വാമി സന്ദീപാനന്ദഗരി ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറാൻ എത്തിയതും നഗരസഭയിലാണ്. ഒരു കാര്യം ഉറപ്പാണ്. ഇവിടെയും പ്രളയമുണ്ട്, സഹജീവി സ്നേഹത്തിന്റെ പ്രളയം! കരുതലിന്റെ കൈത്താങ്ങിന്റെ ഒക്കെ സ്നേഹം നിറയ്ക്കുന്ന പ്രളയം!
സിറ്റി കൗമുദിയോട് മേയർ സംസാരിക്കുന്നു
എപ്പോഴാണ് നമ്മൾ പ്രവർത്തിച്ചു തുടങ്ങിയത്?
ആദ്യ ദിനം മുഖ്യമന്ത്രിയടെ വാർത്താസമ്മേളനം കഴിഞ്ഞ ഉടൻ തന്നെ നമ്മൾ അറിയിപ്പു നൽകി. നൂറു നൂറ്റമ്പതു പേർ ഒരു മണിക്കൂർ കൊണ്ടുവന്നു. പിന്നെ അവരാണ് ബാക്കിയുള്ളവരെ സംഘടിപ്പിച്ചത്. 1250 പേർ ഇപ്പോൾ വാളന്റിയേഴ്സായി ഉണ്ട്.
വിമെൻസ് കോളേജിലും ഇവിടെയുമായി തുടങ്ങി. വന്ന കുട്ടികളെ വെറുതെ ഇരുത്തിയില്ല, രണ്ടാം ശനി, ഞായറാഴ്ച, പെരുന്നാളിന്റെ അവധി ഈ മൂന്നു ദിവസം കുട്ടികൾ സജീവമായി വീടുകളിലേക്ക്
കളക്ട് ചെയ്യാൻ പോയി. വീടുകളിൽ ഭയങ്കര റസ്പോൺസായിരുന്നു. മുന്നറിയിപ്പില്ലാതെ ചെന്നതിനാൽ പിന്നെ എത്തിക്കാമെന്ന് പറഞ്ഞവരൊക്കെ പിന്നീട് സാധനങ്ങൾ കൊണ്ടുവന്നു.
സാധനങ്ങൾ എത്തിച്ചത്?
നഗരസഭയ്ക്കു തന്നെ ടോറസ് വാഹനം ഉണ്ട്, പിന്നെ കോൺട്രാക്ടർമാരുടെ വാഹനങ്ങൾ. ചാലയുടെ യൂണിയന്റെ വണ്ടികൾ, വലിയ ചെലവാണ് വയനാട് പോയി വരുമ്പോൾ 35,000 രൂപ വരെ ചെലവു വരും. ഇതിന്റെ ചെലവ് തനത് ഫണ്ടിൽ നിന്നു ചെലവഴിക്കുന്നതിന് അനുവാദം തരണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ആദ്യം നേഗറ്റീവ് പ്രതികരണമായിരുന്നല്ലോ ?
നെഗറ്റീവ് കാമ്പെയിൻ യഥാർത്ഥത്തിൽ പോസിറ്റീവായി മാറി. ആദ്യം തിരക്ക് കുറവായിരുന്നു. കഴിഞ്ഞ തവണ കൊടുത്തത് കെട്ടിക്കിടന്നു എന്ന പ്രചാരണമൊക്കെ ഉണ്ടായി. ഇവിടെ പഴയ തുണിയൊന്നും എടുക്കുന്നില്ല. എന്നാലും ചിലരൊക്കെ കൊടുത്തുവിടുന്നുണ്ട്. അത് നമ്മൾ തരംതിരിച്ച് മാറ്റുകയാണ്. ഫ്രഷായുട്ടുള്ള സാധനങ്ങളെ കൊടുക്കുന്നുള്ളൂ
കഴിഞ്ഞ തവണ വിദേശത്ത് നിന്നൊക്കെ കണ്ടെയ്നറിൽ തുണി വന്നു. ഏറിയതും പഴയതായിരുന്നു. അത് അവിടെ നിന്നും മാറ്റിയില്ല. പിന്നെ അന്ന് ആദ്യമായിട്ടായിരുന്നല്ലോ പ്രളയം എല്ലാവരും എന്തെങ്കിലും ചെയ്യണമെന്ന ഫീലിലേക്ക് ഓടിവന്നു. ഇപ്പോൾ ആവർത്തിച്ചപ്പോൾ സ്വാഭാവികമായ മന്ദത വന്നതാണ്.
കഴിഞ്ഞ തവണ ജില്ലാ കളക്ടർക്ക് വാസുകിക്ക് കിട്ടിയതിലേറെ കൈയടിയാണ് ഇപ്പോൾ മേയർക്ക് കിട്ടുന്നത്?
കഴിഞ്ഞ തവണയും നമ്മൾ ഈ രീതിയിൽ തന്നെ ചെയ്തിരുന്നു. ഇന്നലെ 23 അംഗ മെഡിക്കൽ സംഘത്തെ അയച്ചു, ആറു ഡോക്ടർമാരാണ് സംഘത്തിലുള്ളത്. മെഡിസിൻ ഉൾപ്പെടെയാണ് പോയത് നിലമ്പൂർ രണ്ടു ദിവസം തങ്ങി ക്യാമ്പ് നടത്തി തിരിച്ചു പോരുന്ന രീതിയിലാണ് പ്ളാൻ ചെയ്തിരിക്കുന്നത്.
ജീവനക്കാരുടെയും മറ്ര് കൗൺസിലർമാരുടെയും ഭാഗത്തു നിന്നുള്ള സഹകരണം?
അവധി ദിവസങ്ങളിലും ജീവനക്കാരെല്ലാം സജീവമാണ്. ഇവിടത്തെ ആരോഗ്യ വിഭാഗത്തിനാണ് ക്യാമ്പിന്റെ ചുമതല. 24 മണിക്കൂറും ജോലി ചെയ്യുന്നവരുണ്ട്.
എല്ലാ കൗൺസിലർമാരും ചെയർമാൻമാരും വാർഡുകളിൽ നേതൃത്വം നൽകുന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് പ്രവർത്തനം. കഴിഞ്ഞ രണ്ടു വർഷത്തിനു ശേഷം തിരുവനന്തപുരത്ത് വെള്ളപ്പൊക്കം വ്യാപകമായി ഇല്ല. പകർച്ച വ്യാധികളും കുറവാണ്. അതൊക്കെ ചർച്ച ചെയ്യപ്പെടണം.
മേയർ ബ്രോ എന്നു വിളിപ്പേര് ലഭിച്ചല്ലോ?
അത് പുതിയ കാലത്തിന്റെ വാക്കാണ്. അത് യുവാക്കളുടെ നന്മയിൽ നിന്നുണ്ടായതല്ലേ, സന്തോമേ ഉള്ളൂ.
തിരുവനന്തപുരം നഗരസഭയുടെ വണ്ടി വയനാടിന്റെ പ്രവേശനകവാടം കടക്കുന്ന ഫോട്ടോ കണ്ടു. അതുണ്ടാക്കിയ സന്തോഷം ചെറുതല്ല, അതിന് നേതൃത്വം നൽകിയ ആളെ നേരിട്ട് കണ്ട് സംഭാവന നൽകാൻ വന്നു. ജനിച്ചു വളർന്നത് കോഴിക്കോട്ടും ചെറുപ്പകാലം വയനാടുമൊക്കെയാണ്. ഇപ്പോൾ നമ്മളുടെ കർമ്മഭൂമി തിരുവനന്തപുരവും"
നമ്മളെ കൊണ്ടു കഴിയുന്നത് ചെയ്തു
- സ്വാമി സന്ദീപാനന്ദഗിരി
സാധാരണ നമ്മൾ കുറെയേറെ മണിക്കൂർ ജോലിയെടുക്കുമ്പോൾ തളർന്നു പോകില്ലേ, ഇവിടെ അങ്ങനെയല്ല. ഒരു എക്സ്‌ട്രാ എനർജി കിട്ടുമ്പോഴത്തെ ഫീലാണ് ലഭിക്കുന്നത്.
-നേഹ, വോളന്റിയർ,പെരിങ്ങമ്മല
ഇക്ബാൽ കോളേജ് വിദ്യാർത്ഥിനി