kerala

ഉരുൾപൊട്ടലും തോരാമഴയും സൃഷ്‌ടിച്ച ദുരന്തത്തിൽ നിന്ന് കരകയറാൻ ഏറെനാൾ വേണ്ടിവരുമെങ്കിലും ദുരിതബാധിതർക്ക് സഹായമെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ ഇതിനായുള്ള വ്യക്തമായ പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന്റെ തോതിൽ പലർക്കും അതൃപ്‌തി തോന്നുക സ്വാഭാവികമാണ്. പ്രകൃതി ദുരന്തം അത്രയേറെയാണ് ഒട്ടുമിക്ക ജില്ലകളെയും തകർത്ത് തരിപ്പണമാക്കിയിരിക്കുന്നത്. പേമാരിയുടെയും ഉരുൾപൊട്ടലിന്റെയും ഭീഷണി ഏതാണ്ട് ഒഴിഞ്ഞെന്നു കരുതിയപ്പോഴാണ് ജനങ്ങളുടെ നെഞ്ചിൽ തീകോരിയിട്ടുകൊണ്ട് കാലാവസ്ഥാ കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പുകൾ വന്നുകൊണ്ടിരിക്കുന്നത്. എത്ര വിഭവശേഷിയുള്ള സർക്കാരും തളർന്നുപോകുന്ന തരത്തിലാണ് നാശനഷ്‌ടങ്ങൾ. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നിന്നു കരകയറുന്നതിനു മുൻപ് തന്നെ ഉരുൾപൊട്ടലോടുകൂടിയ ദുരന്തങ്ങൾ പല ജില്ലകളിലുമുണ്ടാക്കിയ നാശം അതിഭീകരമാണ്. സർക്കാരും ജനങ്ങളും ഒന്നിച്ചുനിന്ന് പ്രകൃതിയുടെ ഈ വെല്ലുവിളി നേരിട്ടേ മതിയാവൂ. എന്നിരുന്നാലും സംഭവിച്ച നാശനഷ്‌ടങ്ങളുടെ തോത് നോക്കുമ്പോൾ ദൗത്യം അതീവ ശ്രമകരവും എത്തിപ്പിടിക്കാൻ ഏറെ പ്രയാസകരവുമാണെന്ന് ബോദ്ധ്യമാകും. പക്ഷേ, തളർന്നു മാറാനോ ജനങ്ങളെ ഈ പ്രതിസന്ധിയിൽ തന്നെ തളച്ചിടാനോ ഒരു ഭരണകൂടത്തിനും സാധിക്കില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയവും സങ്കുചിതത്വവും ഒരു കാരണവശാലും പാടില്ലെന്നത് ലോകമൊട്ടുക്കും അംഗീകരിക്കപ്പെട്ട കാര്യമാണ്. എന്നാൽ തരം കിട്ടുമ്പോൾ ദുരിതാശ്വാസ യജ്ഞങ്ങളിൽ സങ്കുചിത രാഷ്ട്രീയം വലയത്തിനുള്ളിൽ നിറുത്തി അനാവശ്യ വിവാദങ്ങൾ സൃഷ്‌ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. എല്ലാം നഷ്‌ടപ്പെട്ട് നിസഹായരായി കേഴുന്ന ദുരിത ബാധിതരെ നിന്ദിക്കുന്നതിനു തുല്യമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല.

ബുധനാഴ്ച തിരുവനന്തപുരത്തു ചേർന്ന മന്ത്രിസഭായോഗം ദുരന്ത സ്ഥിതിഗതികൾ സമഗ്രമായി വിലയിരുത്തിയശേഷമാണ് ആശ്വാസ നടപടികൾ പ്രഖ്യാപിച്ചത്. മരണമടഞ്ഞവരുടെ ആശ്രിതർക്ക് നാലുലക്ഷം രൂപ നൽകാനാണ് തീരുമാനം. പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പത്തുലക്ഷം രൂപ നൽകും. വീട് എഴുപത് ശതമാനത്തിലധികം തകർന്നവർക്കാണ് പത്തുലക്ഷം രൂപ. ഇതിൽ ആറ് ലക്ഷം രൂപ സ്ഥലം വാങ്ങാനും നാലു ലക്ഷം രൂപ വീട് നിർമ്മാണത്തിനുമാണ്. ദുരിതബാധിതർക്ക് 15 കിലോ അരിയും സൗജന്യമായി നൽകും. തീരപ്രദേശങ്ങളിലുള്ള മത്സ്യത്തൊഴിലാളികൾക്കും ഈ സഹായം ലഭിക്കും. പ്രളയദുരിതം നേരിടേണ്ടി വന്ന എല്ലാ കുടുംബങ്ങൾക്കും കഴിഞ്ഞ വർഷത്തെപ്പോലെ പതിനായിരം രൂപ വീതം അടിയന്തര സഹായമായി നൽകും. വിവിധ ജില്ലകളിലായി ആയിരത്തിലേറെ ക്യാമ്പുകളിലായി 1.90 ലക്ഷം പേർ ഇപ്പോഴും ഉണ്ട്. പ്രളയത്തിലും ഉരുൾ പൊട്ടലുകളിലും റോഡുകൾക്കുണ്ടായ തകർച്ച, വൻ തോതിലുള്ള കൃഷിനാശം ഇവയൊക്കെ കൃത്യമായി തിട്ടപ്പെടുത്താനിരിക്കുന്നതേയുള്ളൂ. ഏറെ ക്ളേശകരമായ ദൗത്യമാണത്. ദുരിതാശ്വാസ സഹായം എത്രയും വേഗം ദുരിത ബാധിതരിലെത്തിക്കുക എന്നതാണ് പ്രധാനം. ഇതിനായി ബാങ്കുകളുടെ സഹായ സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്. ചട്ടവും നിയമവുമൊക്കെ അയവു വരുത്തേണ്ട സന്ദർഭമാണിത്. മിനിമം ബാലൻസില്ലെന്നതിന്റെ പേരിൽ കഴിഞ്ഞ വർഷം അക്കൗണ്ട് ഉടമകളിൽ നിന്ന് ബാങ്കുകൾ പതിനായിരം കോടി രൂപയാണ് തട്ടിയെടുത്തത്. വ്യാപാര സ്ഥാപനങ്ങളുൾപ്പെടെയുള്ള മേഖലകളിലുണ്ടായ നാശനഷ്ടം കണക്കാക്കാൻ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇത്രയും ഭീകരമായ പ്രകൃതി ദുരന്തം നേരിടേണ്ടിവന്നിട്ടും കേന്ദ്രം ഇതുവരെ സഹായമൊന്നും പ്രഖ്യാപിക്കാത്തത് ശരിയായ സമീപനമാണെന്ന് പറയാനാവില്ല. കഴിഞ്ഞ ദുരന്ത വേളയിലും കേന്ദ്ര സഹായം അപര്യാപ്‌തമായിരുന്നു. ആഗസ്റ്റ് എട്ടിനാണ് ദുരന്തം വെള്ളിടിപോലെ സംസ്ഥാനത്തിനുമേൽ വന്നു പതിച്ചത്. ഒരാഴ്ച എത്തുമ്പോഴും കേന്ദ്ര സഹായത്തെക്കുറിച്ച് സൂചനപോലും ഇല്ലെന്നത് അതീവ ദുഃഖകരമാണ്.

പ്രളയവും ഉരുൾപൊട്ടലും തകർത്ത കേരളത്തിന്റെ പുനർ നിർമ്മാണം അത്ര എളുപ്പമായ കാര്യമല്ല. ജനങ്ങളുടെ അകമഴിഞ്ഞ സഹായത്തിനൊപ്പം കേന്ദ്രം ഉൾപ്പെടെ നാനാകേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്ന സഹായ സഹകരണം കൊണ്ടേ അതു സാദ്ധ്യമാകൂ. ഇനി ഇതുപോലൊരു ദുരന്തം നേരിടാനുള്ള കെല്പ് സംസ്ഥാനത്തിനില്ല. അതു മനസിൽ വച്ചുവേണം പുനർ നിർമ്മാണ പുനരധിവാസ പദ്ധതികൾക്ക് രൂപം നൽകാൻ. പശ്ചിമഘട്ട സംരക്ഷണത്തിന് പ്രത്യേകം ഊന്നൽ നൽകാനും മറക്കരുത്. വിദഗ്ദ്ധ സമിതികളുടെ ശുപാർശകൾ അവഗണിച്ചതിന്റെ ഫലം അനുഭവിച്ചുകഴിഞ്ഞു.

ഏതാനും ദിവസം കൂടി കഴിയുമ്പോൾ ദുരന്തം പലരും മറക്കും. അത് നാശമുണ്ടാക്കിയ പ്രദേശത്തുള്ളവർക്ക് പക്ഷേ, ജീവിതാവസാനം വരെ പേടിപ്പെടുത്തുന്ന ഈ ഓർമ്മ കൂടെത്തന്നെ ഉണ്ടാകും. പന്തീരായിരത്തോളം കുടുംബങ്ങളുടെ ജീവിതവും സ്വപ്‌നങ്ങളുമാണ് പ്രളയവും ഉരുൾപൊട്ടലും ചേർന്ന് എടുത്തുകൊണ്ടുപോയത്. ജീവിതം ഇനി ആദ്യംതൊട്ടേ കരുപിടിപ്പിക്കണം. അതിനുള്ള അക്ഷീണ ശ്രമമാണ് സർക്കാരും ജനങ്ങളും ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. മുൻപും ഈ പംക്തിയിൽ പറഞ്ഞതുപോലെ ജനങ്ങളുടെ അകമഴിഞ്ഞ സഹായ സഹകരണത്തോടെ ഇക്കുറിയും ഈ വെല്ലുവിളി സംസ്ഥാനം ഏറ്റെടുക്കുക തന്നെ ചെയ്യും.