ഇക്കൊല്ലത്തെ ചിങ്ങപ്പുലരി ശ്രീനാരായണ ഗുരുദേവ വിശ്വാസികൾക്കും ശിവഗിരി ബന്ധുക്കൾക്കും ഏറെ അഭിമാനം പകരുന്ന ശുഭവേളയാകും. ശിവഗിരി മഠത്തിന് ഭാരതത്തിനു വെളിയിൽ സ്ഥാപിക്കപ്പെടുന്ന ആദ്യ ആശ്രമശാഖയ്‌ക്ക് ചിങ്ങം ഒന്നിന് അമേരിക്കയിൽ ശിലാസ്ഥാപനം നിർവഹിക്കപ്പെടുകയാണ്. ലോകമെമ്പാടുമുള്ള മലയാളി സമൂഹവും ഈ ദിനത്തിൽ ഏറെ സന്തോഷിക്കും എന്നതിന് സംശയമില്ല.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ഇതിനകം പലവിധത്തിൽ ഗുരുദേവ സന്ദേശം എത്തിയിട്ടുണ്ട്. അവിടെയൊക്കെയുള്ള മലയാളി സമൂഹവും ശ്രീനാരായണ വിശ്വാസികളും ഗുരുദർശന പ്രചാരണം നിർവഹിക്കാറുമുണ്ട്. ഗുരുദേവ ജയന്തി - മഹാസമാധി വേളകളിൽ ഏതെങ്കിലും ചടങ്ങുകൾ സംഘടിപ്പിക്കാത്ത ഗുരുദേവപ്രസ്ഥാനങ്ങൾ ലോകത്തൊരിടത്തും ഉണ്ടാകില്ല. ഇവിടെ വസിച്ചു വന്നവരിലേക്ക് ഗുരുദേവദർശനം പകർന്നു നൽകിയവരിൽ ഗുരുദേവ ശിഷ്യരായിരുന്ന നടരാജഗുരുവും ഗുരു നിത്യചൈതന്യയതിയും വഹിച്ചിരുന്ന വലിയ പങ്ക് വിസ്‌മരിക്കാനാവില്ല.
അമേരിക്കയിലെ കേരളീയരുടെ ചിരകാല സ്വപ്നമായിരുന്നു ശിവഗിരി മഠത്തിന്റെ ശാഖാആശ്രമം തങ്ങളുടെ പ്രദേശത്ത് സ്ഥാപിക്കപ്പെടണമെന്നത്. അറിവിന്റെ തീർത്ഥാടനമെന്ന നിലയിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കാൻ അമേരിക്കയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും ഉൾപ്പെടെ അനേകം ഭക്തർ ശിവഗിരിയിലെത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയിൽ ശിവഗിരി മഠത്തിന്റെ ശാഖാആശ്രമം പണികഴിപ്പിക്കണമെന്നുള്ള മോഹം പലർക്കും ഉണ്ടായത്.
ശിവഗിരിമഠത്തിന്റെ പോഷകസംഘടന ഗുരുധർമ്മ പ്രചാരണസഭയ്‌ക്ക് പലവിദേശ രാജ്യങ്ങളിലും യൂണിറ്റുകളുണ്ട്. അമേരിക്കയിലുള്ള യൂണിറ്റുകളുടെ ഏറെക്കാലമായുള്ള ആഗ്രഹവും ശിവഗിരി ശാഖാആശ്രമം സ്ഥാപിക്കുന്നതിനു പിന്നിൽ ശക്തമായുണ്ടായിരുന്നു. ആശ്രമസ്ഥാപനത്തിന് വേണ്ടി ഭൂമിസമ്പാദനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഭാപ്രവർത്തകർ അവിടെ കാര്യമായ പങ്കുവഹിക്കുകയുണ്ടായി. ടെക്‌സാസിലെ ഡാളസിലാണ് ശിവഗിരി ആശ്രമം പണികഴിപ്പിക്കുക. ഡാളസ് എയർപോർട്ടിൽ നിന്നു പതിനഞ്ച് മിനിറ്റു ദൂരം മാത്രമേ ആശ്രമസ്ഥലത്തേക്കുള്ളൂ. മൂന്നരയേക്കർ ഭൂമിയാണ് ഇവിടെ ശിവഗിരി മഠത്തിനു സ്വന്തമായുള്ളത്. ഗ്രാന്റ് പ്രിയറിയിൽ ഒന്നാംഘട്ടമായി ആറായിരം ചതുരശ്രയടിയിലാണ് ആശ്രമ സമുച്ചയം പണികഴിപ്പിക്കുക. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പ്രദേശമാണിവിടം. ഗുരുമന്ദിരത്തിനൊപ്പം അതിഥികൾക്ക് താമസിക്കാനുള്ള സൗകര്യം, പ്രാർത്ഥനാലയം, മികവുറ്റ ലൈബ്രറി, യോഗ - ധ്യാന കേന്ദ്രം - പ്രസിദ്ധീകരണ വിഭാഗം, ഭക്ഷണശാല എന്നിവയും ഉണ്ടാകും. ഇവിടെ താമസിച്ച് ഗുരുദേവ ദർശനത്തിൽ ഗവേഷണം നടത്താനാവും. മുപ്പതുകോടിയോളം രൂപയാണ് ആശ്രമപൂർത്തീകരണത്തിന് കണക്കാക്കിയിട്ടുള്ളത്. ഭൂമി സമ്പാദനത്തിനു തന്നെ മൂന്നുകോടിയിലേറെ ചെലവഴിച്ചു കഴിഞ്ഞു.
ലോക സമാധാനത്തിനു ഗുരുദേവ ദർശനം വ്യാപകമായി പ്രചരിക്കേണ്ടതുണ്ട്. ഈ കാഴ്‌ചപ്പാട് ലോകമെമ്പാടുമുള്ള വിവിധ തലത്തിലെ വ്യക്തിത്വങ്ങൾ ഓർമ്മിപ്പിക്കാറുമുണ്ട്. ഗുരുദേവ ദർശനത്തിനു മുന്നിൽ ഏതെങ്കിലും ഒരു സംസ്ഥാനമോ, രാജ്യമോ പ്രത്യേകമായില്ല. ലോകത്തെവിടെയുമുള്ള ജനത ജാതിഭേദവും മതവിദ്വേഷവുമില്ലാതെ ഏകോദര സഹോദരന്മാരായി കഴിയണമെന്നതാണ് ഗുരുദർശനം.
ഈവിധം ചിന്തിക്കുമ്പോൾ ലോകത്തെ എല്ലാ രാജ്യങ്ങളിലും ശ്രീനാരായണദർശനം എത്തിക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യപടിയായി അമേരിക്കയിൽ ഉയരുന്ന ശിവഗിരിമഠം ശാഖയെ കാണാം. ഇന്ത്യയിൽ കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും നിലവിലുള്ള ആശ്രമശാഖകളിൽ നിന്നു ലഭ്യമാകുന്ന ഗുരുദേവ ദർശന മഹത്വം ഇന്ത്യയ്‌ക്ക് പുറത്തു ആദ്യമായി, അമേരിക്കയിൽ ഉയരുന്ന ആശ്രമശാഖയിൽ നിന്നും ലോകമാകെ പകർന്നു നൽകാൻ കഴിയണം. ലോകസമാധാനത്തിനു ഗുരുദേവ ദർശനം മാത്രം എന്ന തിരിച്ചറിവ് അമേരിക്കയിലെ ആശ്രമത്തിൽ നിന്നു ലോകത്തിനു ബോദ്ധ്യപ്പെടുമെന്നു സംശയമില്ല. ചിങ്ങം പുലരുന്ന ദിനം അമേരിക്കയിലെ ശിവഗിരി ആശ്രമത്തിനു ശിലാസ്ഥാപനം നടത്തുമ്പോൾ ഏവർക്കും അതുകൊണ്ട് കൂടുതൽ സന്തോഷിക്കാനും കഴിയും. ശിലാസ്ഥാപന ചടങ്ങിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുമുള്ള നിരവധി പേർ എത്തിച്ചേരും. അത്യന്തം ഭക്തിനിർഭരമായ ചടങ്ങാണു അനുബന്ധമായി സംഘടിപ്പിക്കുന്നത്. ഇതിനായി 101 അംഗ സമിതിയും അവർക്കു പിന്നിൽ നിരവധി ഉപസമിതികളും സജ്ജമായി. പുലർച്ചെ ശാന്തിഹവനം, മഹാഗുരുപൂജ, ഗുരുപൂജ, ഗുരുദേവ കൃതികളുടെ പാരായണം എന്നിവ നടക്കും. ഉച്ചയ്ക്ക് 12.30 നു സ്വാമി ഗുരുപ്രസാദ് സ്‌കൂൾ ഒഫ് വേദാന്ത് മുഖ്യാചാര്യൻ സ്വാമി മുക്താനന്ദയതി എന്നിവരുടെ കാർമ്മികത്വത്തിൽ ശിലാസ്ഥാപനം നടക്കും. ചടങ്ങുകൾ ഭക്തിനിർഭരവും പ്രൗഢ ഗംഭീരവുമാക്കുന്നതിനുള്ള കാര്യങ്ങളാണ് സംഘാടകസമിതിയുടെ പദ്ധതിയിലുള്ളത്.
ആശ്രമം സ്ഥാപിതമാകുന്നതോടെ അമേരിക്കയിൽ പലയിടത്തും ഇപ്പോൾ പ്രവർത്തിച്ചുവരുന്ന ഗുരുമന്ദിരങ്ങളുടെയും മറ്റും ആസ്ഥാനം ഇവിടമാകും. ഫിലാഡൽഫിയ, ഹൂസ്റ്റൺ എന്നിവിടങ്ങളിൽ നിലവിൽ ഗുരുമന്ദിരങ്ങളുണ്ട്. വൈകാതെ ന്യൂയോർക്കിലും അമേരിക്കയിലെ ഇതര സംസ്ഥാനങ്ങളിലും ഗുരുമന്ദിരങ്ങൾ യാഥാർത്ഥ്യമാകും. പ്രാർത്ഥനാ മന്ദിരങ്ങൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളും ശിവഗിരി ആശ്രമത്തെ കേന്ദ്രമാക്കിയാകും തുടർകാര്യങ്ങൾ നിർവഹിക്കുക.
(ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗമാണ് ലേഖകൻ)