prefabricated-houses

 നിർമ്മാണ രീതി മാറ്റണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ നിർമ്മാണ രീതി മാറ്റണമെന്നും ,പാറയും കല്ലും ഇഷ്ടികയുമില്ലാതെ, സ്റ്റീൽ ഫ്രെയിമിലും പ്രീ ഫാബ്രിക്കേറ്റഡ് വിദ്യയിലും എളുപ്പത്തിൽ കെട്ടിടങ്ങൾ നിർമ്മിച്ച് സർക്കാർ മാതൃക കാട്ടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വികസിത രാജ്യങ്ങളിൽ ഇത്തരം സാങ്കേതിക വിദ്യകളുപയോഗിച്ചാണ് നിർമ്മാണം. ഇങ്ങനെയായാൽ ഗുണവും ഭദ്രതയും കുറയുമെന്ന നമ്മുടെ മനോനില മാറ്റണം. കരിങ്കല്ലിന്റെയും മണലിന്റെയും ഉപയോഗം പരമാവധി കുറയ്കുക സർക്കാർ നയമാക്കി മാറ്റും.

ഗാഡ്ഗിൽ ശുപാർശകൾ

ഗൗരവമായി പരിഗണിക്കും

ദുരന്ത തീവ്രത വർധിപ്പിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുമെന്നും, പരിസ്ഥിതി സംരക്ഷണത്തിനുള്ള ഗാഡ്ഗിൽ കമ്മിറ്റി ശുപാർശകൾ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ഗാഡ്ഗിൽ റിപ്പോർട്ട് അവഗണിച്ചതാണ് പ്രളയത്തിന് കാരണമെന്ന് പറയാനാവില്ല. കനത്ത മഴയായതിനാൽ ഉയർന്ന സ്ഥലങ്ങളിലെ ക്വാറികളും ,മണ്ണെടുക്കുന്നതും നിറുത്തിവച്ചിരിക്കുകയാണ്.

'റൂം ഫോർ റിവർ '

പദ്ധതി നടപ്പാക്കും

വെള്ളത്തിന് ഒഴുകാൻ സ്ഥലമൊരുക്കിയുള്ള 'റൂം ഫോർ റിവർ ' പദ്ധതി നെതർലാൻഡ്സ് സഹായത്തോടെ നടപ്പാക്കും. വെള്ളമൊഴുകാനുള്ള തോടുകൾ നികത്തിയതിനാലാണ് വെള്ളം പരന്നൊഴുകി പ്രളയമുണ്ടാകുന്നത്. വെള്ളത്തിന് ഒഴുകാൻ വിപുലമായ സ്ഥലമൊരുക്കുന്ന പ്രവർത്തനങ്ങൾ സർക്കാർ ജാഗ്രതയോടെ നടപ്പാക്കും.