rajkumar

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

പൊലീസ് ലോക്കപ്പിൽ കൊല്ലപ്പെട്ട രാജ്കുമാറിനെ കസ്റ്റഡിയിലെടുക്കാനിടയായ സാഹചര്യം, തുടർന്ന് ആശുപത്രിയിൽ വച്ച് അസ്വാഭാവിക മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്നിവ അന്വേഷണ പരിധിയിൽപ്പെടും. നിലവിലെ കേസന്വേഷണം സി.ബി.ഐക്ക് കൈമാറുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

എസ്.പി വരെയുള്ള ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുയർന്ന സംഭവമാണിത് . കേസിൽ പ്രതിയായ എസ്.ഐക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. രാജ്കുമാറിന്റെ കുടുംബാംഗങ്ങളും പ്രതിപക്ഷവും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ മന്ത്രിസഭായോഗത്തിൽ അജൻഡയ്ക്ക് പുറത്തുള്ള ഇനമായിരുന്നു ഇത് . മുഖ്യമന്ത്രിയാണ് വിഷയം അവതരിപ്പിച്ചത്.