kerala-flood

തിരുവനന്തപുരം: 10,000 രൂപയുടെ അടിയന്തര ധനസഹായത്തിന് അർഹരായ പ്രളയ ബാധിതരായ കുടുംബങ്ങളെ പരാതിക്കിടയില്ലാതെ കണ്ടെത്താൻ വില്ലേജ് ഓഫീസ് അധികൃതരെ ചുമതപ്പെടുത്തുന്നതാണ് നല്ലതെന്ന് മന്ത്രിസഭായോഗത്തിൽ നിർദ്ദേശം. കഴിഞ്ഞ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ പരാതി പരമാവധി കുറയ്‌ക്കാനാവശ്യമായ പ്രായോഗിക ഇടപെടലുണ്ടാവണം. അതിന് പ്രാദേശിക രാഷ്ട്രീയ നേതാക്കളെ ചുമതലയിൽ നിന്നൊഴിവാക്കുന്നതാണ് നല്ലതെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. കഴിഞ്ഞ പ്രളയത്തിൽ പഞ്ചായത്തംഗങ്ങളടക്കം ചിലർ അനർഹരുടെ പട്ടിക സർക്കാരിന് നൽകിയപ്പോൾ അർഹരായ ചിലരെങ്കിലും ഒഴിവാക്കപ്പെട്ടന്ന വിമർശനം ക്ഷണിച്ചുവരുത്തിയെന്ന് മന്ത്രി ഇ. ചന്ദ്രശേഖരനാണ് ചൂണ്ടിക്കാട്ടിയത്. എം.എൽ.എമാരും പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളുമടക്കമുള്ളവർ ദുരന്തത്തിനിരയായ കുടുംബങ്ങളുടെ പട്ടിക വില്ലേജ് അധികൃതർ പരിശോധിച്ച് സർക്കാരിലേക്ക് നൽകാൻ നടപടി സ്വീകരിക്കണമെന്ന അഭിപ്രായം മറ്റ് ചില മന്ത്രിമാരും ഉയർത്തി. വില്ലേജ് ഓഫീസർക്കൊപ്പം പഞ്ചായത്ത് സെക്രട്ടറി കൂടി പട്ടിക പരിശോധിച്ച് പരാതി ഒഴിവാക്കി നൽകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിർദ്ദേശിച്ചു. ഇതോടെ വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയുമടങ്ങിയ സമിതി തയാറാക്കിയ പട്ടിക സർക്കാരിന്റെ പരിഗണനയ്‌ക്ക് കൈമാറാൻ ധാരണയായി.