കിളിമാനൂർ: കനത്ത മഴയെ തുടർന്ന് മണ്ണും പാറയും ഇടിഞ്ഞു വീണ് ഒരു വീട് ഭാഗികമായി തകർന്നു. മറ്റൊരു വീട് അപകട ഭീഷണിയിലാണ്. പഴയകുന്നുമ്മേൽ വില്ലേജിൽ കിളിമാനൂർ ഊമൺപള്ളിക്കര ഇരപ്പിൽ അനിതകുമാരി ശശികുമാർ ദമ്പതികളുടെ ഇരപ്പിൽ വീടിനാണ് ഭാഗികമായി നാശിച്ചത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ വീടിനു പുറകിലെ ഉയർന്ന പ്രദേശത്തു നിന്നും പാറയും മണ്ണും ഇടിഞ്ഞു വീഴുകയായിരുന്നു. ശക്തിയായി പാറ വന്നിടിച്ച് വീടിന്റെ മേൽക്കൂരക്കും ഭിത്തികൾക്കും നാശം സംഭവിച്ചു. ദമ്പതികൾ വീടിനുള്ളിൽ ഉറങ്ങുന്ന സമയത്തായിരുന്നു അപകടം. മണ്ണിടിച്ചിലിനെ തുടർന്ന് സമീപത്തെ സുബ്രഹ്മണ്യൻ ഇന്ദിര ദമ്പതികളുടെ വീട് ഭീഷണിയിലാണ്. കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടായാൽ സുബ്രഹ്മണ്യന്റെ വീട് തകരും. മണ്ണിടിച്ചിൽ കാരണം മറ്റു വീടുകളിലേക്ക് പോകുന്നതിനുള്ള വഴിയും ഇല്ലാതായിരിക്കുകയാണ്. പഞ്ചായത്ത് അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് അനിതകുമാരി പരാതി നൽകി.