കിളിമാനൂർ: നഗരൂർ തേക്കിൻകാട്ടിൽ കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെ വീശിയ ശക്തമായ കാറ്റിലും മഴയിലും നിരവധി വൃക്ഷങ്ങൾ കടപുഴകി. നഗരൂർ തേക്കിൻകാട് മെയിൻറോഡിന് കുറുകെ തേക്കുമരം കടപുഴകി ഗതാഗതം സ്തംഭിച്ചു. ഈ സമയം ഇതുവഴി വാഹനങ്ങൾ ഇല്ലായിരുന്നതിനാൽ വൻദുരന്തം തെന്നിമാറി. തേക്കിൻകാട് ഗവ. വി.എസ്.എൽ.പിഎസിലെ ഇടറോഡിലും തേക്കുമരം കടപുഴകി വീണു. കാറ്റിൽ മരച്ചില്ല പതിച്ച് തേക്കിൻകാട് പരവൻവിളാകത്ത് അമ്പിളിയുടെ ഓടുമേഞ്ഞ വീടിനും നാശനഷ്ടമുണ്ടായി. ആറ്റിങ്ങലിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തി ഗതാഗതം പുനഃസ്ഥാപിച്ചു. ഫയർഫോഴ്സ് അംഗങ്ങളായ ടി. ശശികുമാർ, എസ്.ഡി സജിത്ത്ലാൽ, സി.ആർ. ചന്ദ്രമോഹൻ, ജി. അനീഷ്, കെ. ബിനു, എം. മനു, രാജഗോപാൽ തുടങ്ങിയവർ നേതൃത്വം നൽകി. കാറ്റിൽ വാഴകൃഷി അടക്കമുള്ളവ നശിക്കുകയും ചെയ്തു.