toll-free

 എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: അടിയന്തര സഹായങ്ങൾക്കായി ഇനി സംസ്ഥാനത്തെ ജനങ്ങൾ '112' എന്ന ടോൾ ഫ്രീ

നമ്പരിലേക്ക് വിളിച്ചാൽ മതി എത്രയും വേഗം കൺട്രോൾ റൂമിൽ നിന്ന് സഹായമെത്തും. അടിയന്തരസഹായം ലഭ്യമാക്കാൻ രാജ്യവ്യാപകമായി ഒ​റ്റനമ്പർ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ഈ സംവിധാനം നിലവിൽ വന്നത്. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് മുഖ്യമന്ത്റി പിണറായി വിജയൻ പൊലീസ് ആസ്ഥാനത്ത് നിർവഹിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും മ​റ്റു ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

വിവിധതരം സഹായ അഭ്യർത്ഥനകൾക്ക് വ്യത്യസ്ത ടെലിഫോൺ നമ്പരുകളാണ് ഇപ്പോൾ സംസ്ഥാനത്ത് നിലവിലുള്ളത്. പുതിയ സംവിധാനത്തിൽ ഇത്തരം എല്ലാ ആവശ്യങ്ങൾക്കും 112 എന്ന ടോൾഫ്രീ നമ്പർ ഡയൽ ചെയ്താൽ മതിയാകും. ഫയർ ഫോഴ്‌സിന്റെ സേവനങ്ങൾക്കുള്ള 101, ആരോഗ്യസംബന്ധമായ സേവനങ്ങൾക്കുള്ള 108, സ്ത്രീകൾക്കും കുട്ടികൾക്കും സഹായം ലഭിക്കുന്നതിനായുള്ള 181 എന്നീ നമ്പരുകളും വൈകാതെ പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തും.

 24 മണിക്കൂറും സേവനം

പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് സെന്ററിൽ ലഭിക്കുന്ന സന്ദേശങ്ങൾ ക്രോഡീകരിക്കുന്നത് സങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവുമുള്ള പൊലീസുദ്യോഗസ്ഥരാണ്‌.

സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനസിലാക്കാനാകും. ജില്ലകളിലെ കൺട്രോൾ സെന്ററുകൾ മുഖേന കൺട്രോൾ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഉടനടി തന്നെ പൊലീസ് സഹായം ലഭ്യമാക്കാനും കഴിയും. പ്രവർത്തനം തുടങ്ങുന്നതോടെ കേരളത്തിന്റെ മുക്കിലും മൂലയിലും നിന്ന് ലാൻഡ് ലൈൻ, മൊബൈൽ ഫോൺ എന്നിവയിലൂടെ കമാൻഡ് സെന്ററുമായി സൗജന്യമായി ബന്ധപ്പെടാം. പരീക്ഷണാടിസ്ഥാനത്തിൽ അഞ്ച് കമ്മിഷണറേ​റ്റുകളിൽ ഈ സംവിധാനം പ്രവർത്തനം തുടങ്ങിയിരുന്നു. പ്രളയകാലത്ത് സഹായ അഭ്യർത്ഥനയുമായി നിരവധി പേരാണ് 112 എന്ന നമ്പരിൽ ബന്ധപ്പെട്ടത്.

 112 ഇന്ത്യ മൊബൈൽ ആപ്പ്

112 ഇന്ത്യ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചും കമാൻഡ് സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താം. ഈ ആപ്പിലെ പാനിക്ക് ബട്ടൻ അമർത്തിയാൽ പൊലീസ് ആസ്ഥാനത്തെ കമാൻഡ് സെന്ററിൽ സന്ദേശം ലഭിക്കും. അവിടെനിന്ന് തിരിച്ച് ഈ നമ്പരിലേക്ക് വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. സി​ഡാക്ക് ആണ് പദ്ധതിയുടെ നോഡൽ ഏജൻസി. 6.18 കോടി രൂപയാണ് ആകെ ചെലവ്.