നൂറ്റാണ്ടുകളായി ജാത്യന്ധതയിൽ ആണ്ടുകിടന്ന കേരളീയസമൂഹത്തെ ഉടച്ചുവാർക്കുകയും അതിന് ശാശ്വതമായ മോചനമാർഗം തുറന്നുനല്കുകയും ചെയ്ത ഋഷീശ്വരനാണ് ശ്രീചട്ടമ്പിസ്വാമികൾ (1853-1924). സംഹാരവും സൃഷ്ടിയും ഒരുമിച്ചു നടത്തിയ മഹാപ്രഭു. അനാചാരങ്ങളെ സ്വയം ലംഘിച്ചുകൊണ്ടു സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഉദാത്തസമ്പ്രദായം നടപ്പിലാക്കുക എന്ന ദ്വിമുഖ ജീവിതപദ്ധതിയാണ് അദ്ദേഹം ആവിഷ്കരിച്ചത്. സ്വാമികൾക്ക് അതിന് അവലംബമായത് ധൈഷണിക സാഹസികത ഒന്നുമാത്രമായിരുന്നു. അധീശശക്തികളുടെ സ്വാർത്ഥതാത്പര്യങ്ങളിൽ അമർന്നുപോയ അറിവിന്റെ പ്രകാശലോകത്തിലേക്ക് അദ്ദേഹം ധീരതയുടെ ചിറകുവീശി പറന്നുചെന്നു.
അറിവധികാരികൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ജ്ഞാനസ്രോതുകളിൽ വരെ ആ വിദ്യാധിരാജൻ മുങ്ങിനിവർന്നു. അങ്ങനെ സഞ്ചയിച്ച അറിവിന്റെ അഗ്നിനാളങ്ങൾ ജ്വലിപ്പിച്ച് സർവോത്കൃഷ്ടമായ ഭാരതീയദർശനത്തിന്റെ അനശ്വരചൈതന്യം ലോകത്തിനു കാട്ടിക്കൊടുത്തു. ഉടനെ അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും കോട്ടകൊത്തളങ്ങൾ ഒന്നൊന്നായി തകർന്നടിയാൻ തുടങ്ങി. ഒടുവിൽ അറിവധികാരത്തിന്റെ ഗർവിതവീര്യം പത്തി താഴ്ത്തി ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു പിൻവാങ്ങി. കേരളത്തിൽ നവോത്ഥാനസൂര്യൻ ഉദിച്ചുയർന്നു.
അറിവാണു ശക്തിയെന്നും അതിനുമേൽ കുത്തകാവകാശം ചാർത്തിക്കിട്ടിയ വർഗങ്ങളില്ലെന്നും ചരിത്രരേഖകളും ശാസ്ത്രയുക്തിയുംകൊണ്ടു ചട്ടമ്പിസ്വാമികൾ സ്ഥാപിച്ചെടുത്തു. ഗവേഷണത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ചു കൊണ്ടാണ് അദ്ദേഹം നമ്മുടെ അക്കാദമിക പദ്ധതി ഉദ്ഘാടനം ചെയ്തത്. യാത്രയും അന്വേഷണവും വഴി സ്വായത്തമാക്കിയ കരുക്കളെ ബുദ്ധിയുടെ പരീക്ഷണശാലയിൽ പരിശോധന ചെയ്ത് ധാർമികതയാലും സത്യദീക്ഷയാലും ദൃഢപ്പെട്ട മനഃസാക്ഷിക്കു സമർപ്പിച്ച് അംഗീകാരം നേടിക്കൊണ്ടാണ് ചട്ടമ്പിസ്വാമികൾ ഓരോ നിഗമനവും അവതരിപ്പിച്ചത്.
ചട്ടമ്പിസ്വാമികളുടെ വൈജ്ഞാനികഗവേഷണഫലങ്ങളിൽ പ്രഥമഗണനീയമാണ് വേദാധികാരനിരൂപണം എന്ന ബൃഹദ്ഗ്രന്ഥം. രണ്ടു ദശാബ്ദത്തിന്റെ നിസ്തന്ദ്രപ്രയത്നം ഇതിന്റെ രചനയുടെ പിന്നിലുണ്ട്. സ്വാമികൾ ഇതിന്റെ രചന 1893ൽ പൂർത്തിയാക്കിയിരുന്നു. വേദപ്രമാണങ്ങൾ, മതാനുഷ്ഠാനങ്ങൾ, മാനവസമൂഹം, സംസ്കാരം മുതലായ വിഷയങ്ങൾ ഇതിൽ ഉള്ളടങ്ങുന്നു. ദൗർഭാഗ്യവശാൽ അവയിൽ പലതും ഇന്നു ലഭ്യമല്ല. സ്ഥിരമായി ഒരിടത്തു തങ്ങുകയോ എഴുതുന്നവ സൂക്ഷിക്കുകയോ ചെയ്യുന്ന ശീലം സ്വാമികൾക്ക് ഉണ്ടായിരുന്നില്ലല്ലോ. എന്നല്ല, ഗ്രന്ഥരചന അദ്ദേഹത്തിന്റെ കർമോദ്ദേശ്യങ്ങളിൽ പെട്ടിരുന്നുമില്ല. ആരുടെയെങ്കിലും നിർബന്ധം സഹിക്കവയ്യാതെയാണ് അദ്ദേഹം വല്ലതും എഴുതിയിട്ടുള്ളത്. വേദാധികാര നിരൂപണം രചിക്കുന്നതിനു പിന്നിൽ തന്റെ ദ്വിതീയശിഷ്യനായ ശ്രീനീലകണ്ഠ തീർത്ഥപാദസ്വാമികളുടെ നിർബന്ധാധിക്യമായിരുന്നുവെന്ന് സ്വാമികൾ മുഖവുരയിൽ സൂചിപ്പിച്ചിട്ടുണ്ട്. എഴുതിയ കടലാസുകൾ അവിടെത്തന്നെ ഇട്ടിട്ടു പോകുന്നതായിരുന്നു അവിടത്തെ പതിവ്. അതിനാൽ ചട്ടമ്പിസ്വാമികൾ എഴുതിയവ പലതും കണ്ടെടുക്കപ്പെടേണ്ടവയായി അവശേഷിക്കുകയാണ്. 1921-ൽ തൃശ്ശൂർ വാണീകളേബരം പ്രസിൽനിന്ന് ശ്രീവർദ്ധനത്ത് എൻ കൃഷ്ണപിള്ള ബി.എ. പ്രസിദ്ധപ്പെടുത്തിയതാണ് ഇന്നു കാണുന്ന വേദാധികാരനിരൂപണത്തിന്റെ ആദ്യരൂപം.
സ്നാതമശ്വം ഗജം മത്തം വൃഷഭം കാമമോഹിതം
ശൂദ്രമക്ഷരസംയുക്തം ദൂരതഃ പരിവർജ്ജയേത്
എന്നതാണ് യാഥാസ്ഥിതികരായ അറിവധികാരികൾ ഇവിടെ നടപ്പിലാക്കിയ അനാചാരം. ശൂദ്രരും സ്ത്രീകളും വേദം പഠിച്ചുകൂടാ എന്ന ശാസനം ഭാരതത്തിലാകെ പ്രാബല്യത്തിലാക്കുകയും ചെയ്തിരുന്നു. ന സ്ത്രീശൂദ്രൗ വേദമധീയതാം എന്നതാണ് ഇതിന് അവർ മുറുകെപ്പിടിച്ച പ്രമാണം. ചട്ടമ്പിസ്വാമികൾ ഇതിനെ ഖണ്ഡിച്ചു. ഭാരതീയജീവിതത്തെ കരുപ്പിടിപ്പിച്ച വേദത്തിലോ സ്മൃതിയിലോ ഇതിഹാസപുരാണങ്ങളിലോ ഒന്നും ഈ നിർദ്ദേശമില്ലെന്നു സ്വാമികൾ കണ്ടെത്തി. എന്നുമാത്രമല്ല, ഇതൊരു സൂത്രവാക്യം മാത്രമാണെന്നും അദ്ദേഹം തെളിയിച്ചു. ആധികാരികഗ്രന്ഥങ്ങളിൽ ഒന്നിൽപോലും ഈ വാക്യം പ്രമാണമെന്നോ ശിക്ഷണവിധേയമെന്നോ പറഞ്ഞിട്ടില്ല. സർവോപരി, സ്ത്രീകളും ശൂദ്രരും വേദം പഠിക്കരുത് എന്നല്ല, ന സ്ത്രീശൂദ്രൗ വേദമധീയതാം എന്ന വാക്യത്തിനർത്ഥം. സ്ത്രീകളും ശൂദ്രരും വേദം പഠിച്ചേ തീരൂ എന്നില്ല എന്നാണെന്ന് അദ്ദേഹം സമർത്ഥിക്കുകയും ചെയ്തു.
തുടർന്ന് ശൂദ്രന്റെ വേദാർഹതയാണ് ചട്ടമ്പിസ്വാമികളുടെ നിരീക്ഷണത്തിനു വിധേയമായത്. അതിനദ്ദേഹം ഒന്നാമത്തെ ഉദാഹരണമായി നിർദ്ദേശിക്കുന്നതു ജാനശ്രുതിയെയാണ്. ജാനശ്രുതി എന്ന ശൂദ്രന്റെ അളവറ്റ ധനത്തെയും സുന്ദരിയായ മകളെയും സ്വീകരിച്ചുകൊണ്ട് രൈക്വൻ എന്ന ബ്രാഹ്മണൻ അദ്ദേഹത്തെ ബ്രഹ്മവിദ്യയിലേക്ക് ഉപനയിക്കാൻ തയ്യാറായി. ജാനശ്രുതി പിന്നീട് വേദം പഠിച്ചതു കൂടാതെ വേദമന്ത്രങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇതുപോലെ തന്നെയാണ് കുലമറിഞ്ഞുകൂടാത്തവനായ സത്യകാമജാബാലന്റെ അനുഭവവും. ഐതരേയബ്രാഹ്മണത്തിലും കൗഷീതകബ്രാഹ്മണത്തിലും പ്രതിപാദിക്കുന്നതാണ് മറ്റൊരു ദൃഷ്ടാന്തം. അത് കവഷൻ എന്ന വേടൻ വേദാധ്യയനം ചെയ്തതിന്റെയും വേദമന്ത്രത്തിന്റെ ഋഷിയായിത്തീർന്നതിന്റെയും ചരിതമാണ്.
ക്ഷത്രിയരാജാവായ അജാതശത്രുവിനെ ഒരു ബ്രാഹ്മണൻ ഗുരുവായി വരിച്ച സംഭവം ബൃഹദാരണ്യകം രണ്ടാമധ്യായത്തിൽ കാണുന്നു. ജനകമഹാരാജാവിൽനിന്നു വ്യാസപുത്രനായ ശുകബ്രഹ്മർഷി ഉപദേശം സ്വീകരിച്ചതും പ്രസിദ്ധമാണല്ലോ. ഇവ്വിധത്തിൽ വേദപഠനം ബ്രാഹ്മണരിൽമാത്രം പരിമിതപ്പെടുത്തിയതിന് ഒരു പ്രമാണവുമില്ലെന്നു ചട്ടമ്പിസ്വാമികൾ വെളിപ്പെടുത്തി.
അറിവിന്റെ അവസാനവാക്കായ വേദത്തിനുമേൽ ഒരു വിഭാഗത്തിനും കുത്തകാവകാശമില്ലെന്നും അത് മനുഷ്യകുലത്തിന്റെ പൊതുസ്വത്താണെന്നും കേരളത്തെ പഠിപ്പിച്ചതു ചട്ടമ്പിസ്വാമികളാണ്. പിന്നാലെ വന്നവർക്ക് അതനുസരിച്ചു പ്രവർത്തിക്കുകയേ വേണ്ടിയിരുന്നുള്ളൂ. അതിനുവേണ്ട സാഹചര്യം സ്വാമികൾ തന്നെ സൃഷ്ടിച്ചിരുന്നു. ഏതൊരാളുടെയും ഭൗതികജീവിതത്തിന് ആഹാരം എത്രമാത്രം അത്യാവശമാണോ അതുപോലെ തന്നെ ജ്ഞാനം ആത്മസാക്ഷാത്കാരത്തിന് അത്യന്താപേക്ഷിതമാണ്. ജ്ഞാനം നിഷേധിക്കാൻ ആർക്കും ഒരിക്കലും അധികാരമില്ല. താൻ ചുറ്റിലും കണ്ട നീതിനിഷേധങ്ങളും മനുഷ്യാവകാശലംഘനങ്ങളുമാണ് ചട്ടമ്പിസ്വാമികളെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ചത്. തന്റെ ഉറ്റസുഹൃത്തായ പേട്ടയിൽ പരമേശ്വരന്റെ (മാനേജർ പരമേശ്വരൻ എന്നു പ്രസിദ്ധൻ) അനുജനായ ഡോ. പല്പുവിനോട് തിരുവിതാംകൂർ സർക്കാർ കാട്ടിയ അനീതി സ്വാമികളെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു.
ദ്രാവിഡ ഭാഷകളിൽ ഒന്നിൽപ്പോലും വേദാധികാരനിരൂപണം പോലെ ഒരു കൃതി മുൻപു രചിക്കപ്പെട്ടതായി അറിയാൻ കഴിയുന്നില്ല. ഭാരതീയഭാഷകളിലെ തന്നെ മതപരമായ മഹത്ത്വപൂർണരചനയാണത്. ഇതുതന്നെയാണ്, ഗുരു നിത്യചൈതന്യയതി തന്റെ ഗുരുവായ നടരാജഗുരുവിനെ വേദാധികാരനിരൂപണം വായിച്ചുകേൾപ്പിച്ചപ്പോൾ,ഇതെഴുതിയ കടലാസിനു തീപിടിക്കാത്തതു നമ്മുടെ ഭാഗ്യം എന്നു പറയാൻ കാരണം.
(ലേഖകൻ കേരളസർവകലാശാലയിൽ മലയാളം പ്രൊഫസറും സെനറ്റ് മെമ്പറുമാണ്)