വർക്കല: ഇടവ ജംഗ്ഷനിലെ കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ ആന്ധ്രപ്രദേശുകാരനായ യുവാവിനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇടവയിലെ ആറ് കടകൾ കുത്തിത്തുറന്ന് പണവും സാധനസാമഗ്രികളും കവർച്ച നടത്തിയത്. ആന്ധ്രാപ്രദേശ് വിശാഖപട്ടണം ഗോജുവാക്ക സ്ട്രീറ്റിൽ പ്രവീൺകുമാർ (22) ആണ് പിടിയിലായത്. തിരുവനന്തപുരത്ത് ഒരു സ്വകാര്യ കോൺട്രാക്ടറുടെ കീഴിൽ പെയിന്റിംഗ് ജോലി ചെയ്തുവന്ന ഇയാൾ കഴിഞ്ഞദിവസം ഉച്ചയോടെ മെമു ട്രെയിനിൽ ഇടവയിൽ വന്ന് കറങ്ങി നടന്ന ശേഷം രാത്രിയിൽ മോഷണം നടത്തുകയായിരുന്നു. ഇടവയിൽ കച്ചവടം നടത്തി വരുന്ന വേണുഗോപാൽ, മോഹനൻ, ഗോപാലകൃഷ്ണൻ, സുരേന്ദ്രൻ എന്നിവരുടെ കടകളിലാണ് മോഷണം നടന്നത്. ബാലിക്കിന്റെ ഇടവയിലെ മെഡിക്കൽ സ്റ്റോർ കുത്തിത്തുറക്കാനും ശ്രമം നടന്നു. അയിരൂർ സി.ഐ ജി. രാജീവ്, എസ്.ഐ ഡി. സജീവ്, എ.എസ്.ഐ ജയരാജ്, എസ്.സി.പി.ഒ മാരായ ബൈജു, റഹിം എന്നിവർ ഉൾപെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.